ADVERTISEMENT

നാട്ടിലാകെ പണപ്പെരുപ്പം, സാധന വില കുതിച്ചുകയറുന്നു... പണ്ടു സ്ഥിരം കേട്ടിരുന്ന പരാതിയാണ്. കോവിഡ്കാലം മൂത്തവന്നപ്പോഴാകട്ടെ നേരേ തിരിച്ചാണ്. ശകലം പണപ്പെരുപ്പം ആയിക്കോട്ടെന്നേ, ഇപ്പോഴാവശ്യം കാശാണ്. കായില്ലാതെ വാക്സിനും ചികിൽസയും തകർന്ന ബിസിനസുകൾക്ക് ധനസഹായവുമൊന്നും നടക്കില്ല. അതിനാൽ റിസർവ് ബാങ്കിന്റെ കറൻസി പ്രസുകളിൽ അച്ചടിക്കൂ നോട്ടുകൾ... പോരട്ടെ ശതകോടികൾ...!!

ഇമ്മാതിരി ഡയലോഗ് 2 വർഷം മുമ്പെങ്കിൽ പിരാന്തെന്നു പറയുമായിരുന്നു. ഇപ്പോൾ ലോകൈക സാമ്പത്തിക ശാസ്ത്രജ്ഞർ പോലും അതാണുപദേശിക്കുന്നത്. ഇക്കണോമിക്സിൽ നൊബെൽ കിട്ടിയ കൊൽക്കത്തക്കാരൻ അഭിജിത് ബാനർജിയും പറയുന്നു, ഇന്ത്യ നോട്ടടിക്കൂ...ഏയ് ഒരു പ്രശ്നവുമില്ല, ഞാൻ ഗാരന്റി. കോവിഡ് കാലത്തുണ്ടായ അധികച്ചെലവിന്റെ കമ്മി നികത്താൻ ഇതാണു ബെസ്റ്റ് മാർഗം. 

സാധാരണക്കാരുടെ എല്ലാക്കാലത്തെയും സംശയമാണിത്. ഇന്ത്യാ ഗവൺമെന്റിന്റെ കയ്യിൽ പ്രസുകളല്ലേ ഇരിക്കുന്നത്, പിന്നെ നോട്ടടിച്ചിറക്കി ഇക്കാണുന്ന ദാരിദ്ര്യമൊക്കെ മാറ്റിക്കൂടേ...?? ബാങ്ക് ഓഫ് ഇംഗ്ളണ്ട് ഇപ്പോൾ അങ്ങനെ ചെയ്യുന്നുണ്ട്. പക്ഷേ അങ്ങനെ ചെയ്ത ചില രാജ്യങ്ങളൊക്കെ കുത്തുപാളയെടുത്തിട്ടുമുണ്ട്. ലെഫ്റ്റ് ഭരണം നടത്തുന്ന വെനിസ്വേലയിൽ അച്ചടിച്ചു കൂട്ടിയ നോട്ടിനു വിലയില്ലാതായി. ഒരു ചായ കുടിക്കണമെങ്കിൽ പോലും ലക്ഷങ്ങളുടെ നോട്ട് കൈമാറണം. സിംബാബ്‌വേ വേറൊരു ഉദാഹരണം.

കണ്ണുംപൂട്ടി നോട്ടടിച്ചാൽ പണപ്പെരുപ്പം വന്ന് കറൻസിക്കു വിലയില്ലാതാവുമെന്നതു ശരിയാണ്. ഇന്ത്യയുടെ ഇൻഫ്ളേഷൻ ഇപ്പോൾ ശകലം കേറി 5.2 ശതമാനത്തിൽ നിൽക്കുകയാണേ. ബാങ്കിൽ എഫ്ഡി പലിശ 5.5% മാത്രം. എന്നു വച്ചാൽ കഴിഞ്ഞവർഷം 100 രൂപ കൊടുത്തു വാങ്ങിയ സാധനങ്ങൾ ഇക്കൊല്ലം വാങ്ങാൻ 105 രൂപ 20 പൈസ കൊടുക്കണം. പലിശ വരുമാനം 5 രൂപ 50 പൈസ മാത്രം. ചുരുക്കത്തിൽ എഫ്ഡി ഇട്ടാൽ വലിയ മെച്ചമില്ല. ബാങ്ക് ബാലൻസിന്റെ പലിശകൊണ്ടു ജീവിക്കുന്നവരെയാണ്  കാര്യമായി ബാധിക്കുക.

എക്സൈസ് ഡ്യൂട്ടി കൂട്ടി ജനത്തെ ബുദ്ധിമുട്ടിക്കാതെ പകരം ഈ തുക നോട്ടടിച്ച് ഉണ്ടാക്കിക്കൂടേ? വിലക്കയറ്റത്തോത് ഒന്നോ രണ്ടോ ശതമാനം കൂടിയാലും സാരല്യാന്നൊരു പക്ഷം.

മറുപക്ഷം– നോട്ടടിച്ചു കൂട്ടിയാൽ ബോണ്ട് വിപണി കൂപ്പുകുത്തും. ഇന്ത്യയുടെ റേറ്റിങ് ഇടിയും. ഓഹരി വിപണി താഴോട്ടിരിക്കും. രൂപയുടെ വിലയിടിയും. അതു പിടിച്ചു നിർത്താൻ ഡോളർ വാങ്ങാൻ പിന്നെയും നോട്ടടിക്കേണ്ടി വരും.

ഒടുവിലാൻ∙ അമേരിക്ക ഡോളർ അടിച്ചു കൂട്ടുന്നതോ? അമേരിക്ക ലോക റിസർവ് കറൻസിയാണ്. അവർക്കത് പറ്റും. എത്ര അടിച്ചിറക്കിയാലും ലോകരാജ്യങ്ങൾ ഡോളർ വാങ്ങും. ആനയെ കണ്ടിട്ട് ആട് നെഗളിക്കരുത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com