മത–ജീവകാരുണ്യ സ്ഥാപനങ്ങൾ ആദായ നികുതി റജിസ്‌ട്രേഷൻ പുതുക്കണം

Tax
SHARE

മത–ജീവകാരുണ്യ സ്ഥാപനങ്ങൾക്ക്  നികുതി ഇളവിനായുള്ള റജിസ്‌ട്രേഷൻ ഇനി മുതൽ 5 വർഷം കൂടുമ്പോൾ പുതുക്കിക്കൊണ്ടിരിക്കണം.  ഇതിനായി അടിസ്ഥാന പരിധികളൊന്നും നിഷ്കർഷിച്ചിട്ടില്ല. 2020 ലെ ധനകാര്യ നിയമത്തിൽ കൊണ്ടുവന്ന ഭേദഗതിയെത്തുടർന്നാണിത്. കഴിഞ്ഞ സാമ്പത്തിക വർഷം വരെ ഇത്തരം സ്ഥാപനങ്ങൾ ഒരിക്കൽ റജിസ്‌ട്രേഷൻ എടുത്താൽ അവ എന്നെന്നേക്കുമായുള്ളതായിരുന്നു. 

റജിസ്‌ട്രേഷൻ 5 വർഷത്തേക്ക് മാത്രo

മത ജീവകാരുണ്യ സ്ഥാപനങ്ങൾക്ക് നികുതിയിളവു ലഭിക്കണമെങ്കിൽ ആദായ നികുതി നിയമത്തിൻ കീഴിൽ നിർബന്ധമായും റജിസ്‌ട്രേഷൻ എടുത്തിരിക്കണം. നിലവിൽ റജിസ്‌ട്രേഷൻ ഉള്ള എല്ലാ മത ജീവകാരുണ്യ സ്ഥാപനങ്ങളും ഈ മാസം 30ന് അകം ഇവ പുതുക്കാനുള്ള അപേക്ഷ കൊടുത്തിരിക്കണം. അല്ലാത്തപക്ഷം ഇവയ്ക്ക് നികുതിയിളവിനായുള്ള റജിസ്‌ട്രേഷൻ സ്വമേധയാ റദ്ദാക്കപ്പെട്ടതായി കണക്കാക്കും. ഈ നിയമം ട്രസ്റ്റ്, സൊസൈറ്റി, ലാഭേച്ഛ ഇല്ലാത്ത കമ്പനി തുടങ്ങി എല്ലാവിധ  മത ജീവകാരുണ്യ സ്ഥാപനങ്ങൾക്കും ബാധകമാണ്.  അതുപോലെ നികുതി നിയമത്തിലെ വകുപ്പ് 12 എ, 12 എഎ, 10 (23സി), 80 ജി ഇവയനുസരിച്ച് റജിസ്‌ട്രേഷൻ ഉള്ള എല്ലാ സ്ഥാപനങ്ങളും പുതിയ വകുപ്പ് 12 എബി അനുസരിച്ചുള്ള റജിസ്‌ട്രേഷൻ എടുത്തിരിക്കണം. വകുപ്പ് 12 എഎ, 10 (23സി) എന്നിവ  അനുസരിച്ചുള്ള റജിസ്‌ട്രേഷൻ ഉള്ളവർക്ക് ഇനി മുതൽ ഇതിൽ ഏതെങ്കിലും ഒരു റജിസ്‌ട്രേഷൻ മാത്രമേ പുതുക്കാനാകൂ. 

റജിസ്‌ട്രേഷൻ ഇല്ലാത്തവർ എടുത്തിരിക്കണം

നിലവിൽ റജിസ്‌ട്രേഷൻ ഇല്ലാത്ത മതജീവകാരുണ്യ സ്ഥാപനങ്ങളും നികുതിയിളവ് ആഗ്രഹിക്കുന്നുണ്ടെങ്കിൽ പുതിയ റജിസ്‌ട്രേഷൻ എടുത്തിരിക്കണം. റജിസ്‌ട്രേഷൻ ആവശ്യമായ സാമ്പത്തിക വർഷം തുടങ്ങുന്നതിന് കുറഞ്ഞത് ഒരു മാസം എങ്കിലും മുൻപായി അപേക്ഷ ഫോം 10 എബി യിൽ ഡിജിറ്റൽ ഒപ്പിട്ടോ ഇലക്ട്രോണിക് വെരിഫിക്കേഷൻ കോഡ് വഴിയോ  സമർപ്പിച്ചാലേ ആ  വർഷം മുതൽ നികുതി ഇളവ് ലഭിക്കൂ. അപേക്ഷ സമർപ്പിച്ച മാസം മുതൽ ഒരു മാസത്തിനുള്ളിൽ ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചിരിക്കണം. ആദ്യമായി റജിസ്‌ട്രേഷന് അപേക്ഷിക്കുന്ന സ്ഥാപനങ്ങൾക്ക് 3 വർഷത്തേക്കുള്ള സോപാധിക (പ്രൊവിഷനൽ) റജിസ്‌ട്രേഷൻ നമ്പർ ആണു ലഭിക്കുക. റജിസ്‌ട്രേഷൻ ലഭിച്ച സാമ്പത്തിക വർഷം മുതൽ നികുതി ഇളവ്‌ തേടാവുന്നതാണ്. എന്നാൽ സോപാധിക റജിസ്‌ട്രേഷൻ കാലാവധി തീരുന്നതിന് 6 മാസം മുൻപോ സ്ഥാപനം പ്രവർത്തനക്ഷമമായി 6 മാസത്തിനുള്ളിലോ ശരിക്കുള്ള റജിസ്‌ട്രേഷന് അപേക്ഷ സമർപ്പിച്ചിരിക്കണം.

അപേക്ഷ ഇങ്ങനെ 

ആദായ നികുതി ചട്ടങ്ങളിലെ ഫോം 10എ യിൽ ഇലക്ട്രോണിക് ആയി ഡിജിറ്റൽ ഒപ്പിട്ട്, മുഖ്യ ആദായ നികുതി കമ്മിഷണർക്കോ ആദായ നികുതി കമ്മിഷണർക്കോ  അപേക്ഷ  സമർപ്പിക്കണം.  ട്രസ്റ്റ് അഥവാ സ്ഥാപനം രൂപീകൃതമായതിന്റെ പ്രമാണം  അഥവാ രേഖയുടെ  പകർപ്പ്, റജിസ്ട്രാർ നൽകിയ സ്ഥാപനത്തിന്റെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റിന്റെ പകർപ്പ്, ലക്ഷ്യങ്ങൾ അംഗീകരിച്ചതിന്റെ രേഖ, വാർഷിക കണക്കുകളുടെ പകർപ്പ്, സ്ഥാപനത്തിന്റെ പ്രവർത്തനത്തെക്കുറിച്ചുള്ള വിവരങ്ങൾ, ആദായ നികുതി നിയമത്തിൽ നിലവിൽ റജിസ്‌ട്രേഷൻ ഉണ്ടെങ്കിൽ അതിന്റെ പകർപ്പ്, റജിസ്‌ട്രേഷൻ അപേക്ഷ നിരസിച്ചിട്ടുണ്ടെങ്കിൽ ആ ഉത്തരവിന്റെ പകർപ്പ് തുടങ്ങിയവ അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതാണ്. ഇവയെല്ലാം സ്വയം സാക്ഷ്യപ്പെടുത്തിയാൽ മതി. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഓഫിസിനു മുമ്പിലെ മരത്തിലെ നീർകാക്കകളെക്കുറിച്ച് കോട്ടയം പ്രദീപ്

MORE VIDEOS
FROM ONMANORAMA