അദാനിക്ക് അടിയായി ഓഹരിവീഴ്ച

HIGHLIGHTS
  • വിലയിടിവിനു പിന്നിൽ, ഓഹരിയുടമകളായ വിദേശ കമ്പനികളുടെ അക്കൗണ്ട് മരവിപ്പിച്ചെന്ന വാർത്ത.
  • വാർത്ത വാസ്തവവിരുദ്ധമെന്ന് അദാനി.
  • മരവിപ്പിച്ചത് വേറെ അക്കൗണ്ടെന്ന് അധികൃതരും.
adani-group
ഗൗതം അദാനി, ഗ്രൂപ്പ് ചെയർമാൻ.
SHARE

കൊച്ചി∙ രാജ്യത്തെ ഏറ്റവും വലിയ ബിസിനസ് സാമ്രാജ്യങ്ങളിലൊന്നായ അദാനി ഗ്രൂപ്പിന് ഓഹരി വിപണിയിൽ കനത്ത തിരിച്ചടി. 4 അദാനിഗ്രൂപ്പ് കമ്പനികളിലായി 45,000 കോടി രൂപയുടെ ഓഹരി നിക്ഷേപമുള്ള 3 വിദേശനിക്ഷേപക സ്ഥാപനങ്ങളുടെ അക്കൗണ്ട് ഇന്ത്യൻ ഓഹരി വിപണി നിയന്ത്രണ അധികൃതർ മരവിപ്പിച്ചെന്ന് ഇന്നലെ ഒരു ഇംഗ്ലിഷ് പത്രത്തിൽ വാർത്ത വന്നിരുന്നു. രാവിലെ ഓഹരി വ്യാപാരം തുടങ്ങിയപ്പോൾ ഗ്രൂപ്പ് കമ്പനികളുടെ ഓഹരിവില 25% വരെ താഴ്ന്നു. വാർത്ത അടിസ്ഥാനരഹിതമാണെന്ന് അദാനി ഗ്രൂപ്പ് വിശദീകരിച്ചതോടെ ചില ഓഹരികളിൽ അൽപം തിരിച്ചുവരവുണ്ടായി. മാതൃകമ്പനിയായ അദാനി എന്റർപ്രൈസസിന്റെ ഓഹരികൾ രാവിലെ 25% ഇടിവു നേരിട്ടെങ്കിലും വ്യാപാരാവസാനമായപ്പോൾ ഇടിവ് 6.26 ശതമാനത്തിലൊതുങ്ങി.

അദാനി പോർട്സിന്റേത് 18.75% വരെ ഇടിഞ്ഞശേഷം തിരിച്ചുകയറിയതോടെ നഷ്ടം 8.36 ശതമാനമായി. അദാനി ഗ്രീൻ എനർജി, അദാനി ടോട്ടൽ ഗ്യാസ്, അദാനി ട്രാൻസ്മിഷൻ, അദാനി പവർ എന്നിവയുടെയെല്ലാം ഓഹരികൾ 4–5% ഇടിവിലാണു ക്ലോസ് ചെയ്തത്. മൊറീഷ്യസിലെ പോർട് ലൂയി ആസ്ഥാനമായുള്ള അൽബുല ഇൻവെസ്റ്റ്മെന്റ് ഫണ്ട്, ക്രെസ്റ്റ ഫണ്ട്, എപിഎംഎസ് ഇൻവെസ്റ്റ്മെന്റ് ഫണ്ട് എന്നീ നിക്ഷേപക്കമ്പനികളുടെ ഓഹരി ഡീമാറ്റ് അക്കൗണ്ടുകൾ കഴിഞ്ഞ മാസം നാഷനൽ സെക്യൂരീറ്റീസ് ഡിപ്പൊസിറ്ററി ലിമിറ്റഡ് (എൻഎസ്ഡിഎൽ) മരവിപ്പിച്ചു എന്ന വാർത്തയാണ് അദാനി ഓഹരികൾക്ക് ആഘാതമേകിയത്.

മരവിപ്പിക്കൽ മാറ്റാതെ ഇവർക്ക് ഇനി ഇന്ത്യയിലെ ഓഹരികൾ വിൽക്കാനോ പുതിയതു വാങ്ങാനോ കഴിയില്ല. അദാനി എന്റർപ്രൈസസ്, അദാനി ഗ്രീൻ എനർജി, അദാനി ടോട്ടൽ ഗ്യാസ്, അദാനി ട്രാൻസ്മിഷൻ എന്നീ കമ്പനികളിൽ ഇവയ്ക്കെല്ലാം കൂടി 3.5% മുതൽ 8% വരെ ഓഹരിയാണുള്ളത്. മൊറീഷ്യസിലെ ഒരേ വിലാസത്തിലുള്ള ഈ 3 കമ്പനികളും ഉടമസ്ഥത സംബന്ധിച്ച വിവരങ്ങൾ നൽകാത്തതാണ് അക്കൗണ്ട് മരവിപ്പിക്കാൻ കാരണമെന്നാണു വാർത്ത.

എൻഎസ്ഡിഎൽ വെബ്സൈറ്റിൽ പക്ഷേ, കാരണം പറയുന്നില്ല. മൊറീഷ്യസ് കമ്പനികളുടെ അക്കൗണ്ട് മരവിപ്പിച്ചെന്ന വാർത്ത പൂർണമായും തെറ്റാണെന്നും നിക്ഷേപകരെ വഴിതെറ്റിക്കാനുള്ള ബോധപൂർവശ്രമമാണെന്നും അദാനി ഗ്രൂപ്പ് പറഞ്ഞു. നിക്ഷേപകർക്കു ഭീമമായ നഷ്ടവും ഗ്രൂപ്പിന് വൻ പ്രതിച്ഛായാനഷ്ടവുമാണ് ഇതുവഴി ഉണ്ടായതെന്നും അദാനി ഗ്രൂപ്പ് പറഞ്ഞു. തങ്ങൾ വിശദീകരണം തേടിയപ്പോൾ, അദാനിഗ്രൂപ്പ് ഓഹരിയുള്ള അക്കൗണ്ടുകൾ മരവിപ്പിച്ചിട്ടില്ലെന്ന് എൻഎസ്ഡിഎൽ വ്യക്തമാക്കിയെന്നും കമ്പനി പറഞ്ഞു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഓഫിസിനു മുമ്പിലെ മരത്തിലെ നീർകാക്കകളെക്കുറിച്ച് കോട്ടയം പ്രദീപ്

MORE VIDEOS
FROM ONMANORAMA