നാളെ മുതൽ ജ്വല്ലറികളിലെ സ്വർണത്തിന് ഹാൾമാർക്കിങ് നിർബന്ധം

SHARE

തൃശൂർ∙ പരിശുദ്ധി ഉറപ്പാക്കാൻ ബിസിനസ് ഓഫ് ഇന്ത്യൻ സ്റ്റാന്റേർഡ്(ബിഐഎസ്) മുദ്ര പതിച്ച (ഹാൾമാർക്ക്) സ്വർണം മാത്രമേ നാളെ മുതൽ കടകളിൽനിന്നു വിൽക്കാനാകൂ. ഇതു നടപ്പാക്കുന്നതു നീട്ടിവയ്ക്കുമെന്നാണു പ്രതീക്ഷിച്ചിരുന്നതെങ്കിലും അതുണ്ടായില്ല. പല തവണ നീട്ടിവച്ച തീരുമാനമാണിത്. ജൂൺ ഒന്നിന് ഇറക്കിയ ഉത്തരവിലാണു 16 മുതൽ ഇതു നടപ്പാക്കണമെന്നു ഉപഭോക്തൃ, ഭക്ഷ്യ പൊതു വിതരണ മന്ത്രാലയം നിർദേശിച്ചത്. കടകളിൽ വിൽക്കുന്ന സ്വർണാഭരണങ്ങൾ ഹാൾമാർക്ക് ചെയ്തു മാറ്റു രേഖപ്പെടുത്തണം എന്നാണു നിയമം.

14,18,22 കാരറ്റുകളിലുള്ള സ്വർണം മാത്രമേ ഇനി നിർമിക്കാനും കടകളിൽനിന്നു വിൽക്കാനുമാകൂ. 14 കാരറ്റെന്നാൽ അതിൽ 58.5% സ്വർണമാകണമെന്നർഥം.18 കാരറ്റിനു 75 ശതമാനവും 22നു 91.6ശതമാനവും സ്വർണം ഉണ്ടാകണം. 24 കാരറ്റ് എന്നതു തങ്കമാണ്. ഇതിൽ 99.5 ശതമാനത്തിൽ കൂടുതൽ സ്വർണം ഉണ്ടാകണം. 99 ശതമാനത്തിൽ കൂടുതൽ സ്വർണമുള്ളത് ആഭരണമാക്കാതെ സ്വർണ ബിസ്ക്കറ്റും മറ്റുമായാണ് വിൽക്കുന്നത്. ഇതിനു നേരത്തേ ബുള്ള്യൻ റജിസ്ട്രേഷൻ നമ്പർ സംവിധാനം നിലവിലുണ്ട്. ഇതില്ലാതെ തങ്കം വിൽക്കുന്നതു നിയമ വിരുദ്ധമാണ്.

റജിസ്ട്രേഷൻ

സ്വർണം വിൽക്കുന്ന എല്ലാ കടകൾക്കും ഇനി ബിഐഎസ് ഹാൾമാർക്ക് റജിസ്ട്രേഷൻ നിർബന്ധമാകും. ഇവർ ഏതു ഹാൾമാർക്ക് സെന്ററിൽ കൊടുത്താണു മാറ്റ് പരിശോധിച്ചതെന്നും രേഖപ്പെടുത്തണം. റജിസ്റ്റേഡ് ഹാൾ മാർക്ക് സെന്ററിൽ മാത്രമേ ഇതു ചെയ്യാനാകൂ. കേരളത്തിൽ 60 ശതമാനത്തോളം വ്യാപാരികൾ ഇതിനകം റജിസ്ട്രേഷൻ എടുത്തിട്ടുണ്ട്. ദേശീയതലത്തിൽ വളരെക്കുറച്ചു ശതമാനം വ്യാപാരികൾ മാത്രമേ റജിസ്റ്റർ ചെയ്തിട്ടുള്ളൂ.

പഴയ ആഭരണത്തിന് കുഴപ്പമില്ല

ജനങ്ങൾ കയ്യിലുള്ള സ്വർണം വിൽക്കുമ്പോൾ ഹാൾമാർക്ക് ബാധകമല്ല. നിലവിലെ രീതിയിൽത്തന്നെ, ആഭരണത്തിലെ സ്വർണത്തിന്റെ ശുദ്ധിയും അളവും കണക്കാക്കി പണം ലഭിക്കും. പഴയതു കൊടുത്തു പുതിയതു വാങ്ങാനും തടസ്സമില്ല. എന്നാൽ പുതിയ ആഭരണത്തിൽ ഹാൾ മാർക്കിങ് ഉണ്ടാകണം. കേരളത്തിൽ ഭൂരിഭാഗം ജ്വല്ലറികളും വിൽക്കുന്നതു 22 കാരറ്റ് സ്വർണമായതിനാൽ തീരുമാനം ഇവിടെ വലിയ ചലനമുണ്ടാക്കില്ല. ഹാൾ മാർക്കിങ് നേരത്തെതന്നെ മിക്ക ജ്വല്ലറികളും നടപ്പാക്കിയിട്ടുണ്ട്.

എന്നാൽ രാജ്യത്തു പലയിടത്തും പരിശുദ്ധി വ്യക്തമാക്കാതെയാണു സ്വർണ വിൽപന നടക്കുന്നത്. ഇത്തരം കച്ചവടത്തെ നിയന്ത്രിക്കുകയാണു ഈ നിയമം നടപ്പാക്കുന്നതിന്റെ പ്രധാന ലക്ഷ്യം. സ്വർണത്തിന്റെ പരിശുദ്ധി ഉപഭോക്താവിനുതന്നെ നേരിൽ കണ്ടു ബോധ്യപ്പെടാനുള്ള സംവിധാനമാണ് ഹാൾമാർക്കിങ് എന്നു ഇന്ത്യൻ അസോസിയേഷൻ ഓഫ് ഹാൾമാർക്കിങ് സെന്റേഴ്സ് വ്യക്തമാക്കി. സംസ്ഥാനത്തിപ്പോൾ 80 ഹാൾ മാർക്കിങ് സെന്ററുകളുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇത് നിങ്ങൾ കാത്തിരുന്ന സൂപ്പർഹിറ്റ് വീട് | Traditional Kerala Home | Home Tour

MORE VIDEOS
FROM ONMANORAMA