ADVERTISEMENT

കൊച്ചി∙ കേന്ദ്ര സർക്കാർ വൈദ്യുത ഇരുചക്രവാഹനങ്ങൾക്കുള്ള സബ്സിഡി 50% ഉയർത്തിയതോടെ, വൈദ്യുത സ്കൂട്ടർ വില ഗണ്യമായി കുറഞ്ഞു. പെട്രോൾ വില ലീറ്ററിന് 100 രൂപയിലേക്ക് അടുക്കുന്ന വേളയിലെത്തിയ ഈ ആനുകൂല്യം വൈദ്യുതവാഹന വിപണിയിൽ വലിയ ഉണർവുണ്ടാക്കും.ഒരു കിലോവാട്ട് അവ്ർ‌ ബാറ്ററി കപ്പാസിറ്റിയുള്ള വാഹനത്തിന് 10,000 രൂപ ആയിരുന്ന സബ്സിഡിയാണ് 11 മുതൽ 15,000 രൂപ ആക്കിയത്. 

ഹീറോ ഇലക്ട്രിക്കിന്റെ 5 മോഡലുകൾക്ക് 7,640 രൂപ മുതൽ 20,986 രൂപ വരെ വില കുറഞ്ഞു. ഏയ്ഥർ എനർജിയുടെ 2 മോഡലുകളുടെ വില ശരാശരി 14,000 രൂപ കുറഞ്ഞു. ഒക്കിനാവ സ്കൂട്ടറുകളുടെ വില 7,500 രൂപ മുതൽ 15,000 രൂപ വരെ കുറച്ചു. ആംപിയർ വെഹിക്കിൾസിന്റെ 2 മോഡലുകൾക്ക് 9,000 രൂപ കുറഞ്ഞു.

ഇലക്ട്രിക് സ്കൂട്ടർ വിപണിയിലെ ഏറ്റവും പ്രീമിയം മോഡലായ ഏയ്ഥർ 450 എക്സിന് 29,000 രൂപ സബ്സിഡി കിട്ടിയിരുന്നത് 43,500 രൂപ ആയി. കൊച്ചി ഷോറൂം വില 1,47,087 രൂപയായി. ഏയ്ഥർ 450 പ്ലസിന്റെ ഷോറൂം വില 1.28 ലക്ഷം രൂപയായും കുറഞ്ഞു.വിപണിയിലെ ഏറ്റവും വലിയ സാന്നിധ്യമായ ഹീറോ ഇലക്ട്രിക്കിന്റെ ഇരട്ട ബാറ്ററി മോഡലുകളായ ഓപ്ടിമ ഇആർ, നിക്സ് ഇആർ എന്നീ എക്സ്റ്റൻഡഡ് റേഞ്ച് മോഡലുകളുടെ വിലയിൽ ശരാശരി 20,000 രൂപയുടെ കുറവുണ്ടായി. കൊച്ചി ഷോറൂം വില യഥാക്രമം 59,000 രൂപ, 63,000 രൂപ. 

ഇനി കരുത്തിന്റെ കാലം

ശേഷി കൂടിയ മോഡലുകൾക്ക് സബ്സിഡി കൂടിയതോടെ, സബ്സിഡിക്ക് അർഹതയില്ലാത്ത ലോ–സ്പീഡ് മോഡലുകൾക്ക് ആകർഷണം കുറയും. അവയുടെ വിലയും ശേഷി കൂടിയ മോഡലുകളുടെ വിലയും തമ്മിലുള്ള വ്യത്യാസം പോകുകയാണ്. 2019ൽ നിലവിൽ വന്ന ഫാസ്റ്റർ അഡോപ്ഷൻ ആൻഡ് മാനുഫാക്ചറിങ് ഓഫ് ഇലക്ട്രിക് വെഹിക്കിൾസ് ഇൻ ഇന്ത്യ (ഫെയിം–2) പദ്ധതി പ്രകാരമാണു സബ്സിഡി. ഫുൾ ചാർജിൽ 80 കിലോമീറ്റർ എങ്കിലും ഓടുന്നതും (റേഞ്ച്)  40 കിലോമീറ്റർ/മണിക്കൂർ എങ്കിലും സ്പീഡ് ആർജിക്കാവുന്നവയും ആണെങ്കിലേ സബ്സിഡി കിട്ടൂ. ഈ വ്യവസ്ഥ വന്നതോടെയാണ് റജിസ്ട്രേഷൻ (നമ്പർ) വേണ്ടാത്തതും ഓടിക്കാൻ ഡ്രൈവിങ് ലൈസൻസ് വേണ്ടാത്തതുമായ മോഡലുകൾക്ക് സബ്സിഡി പോയത്. ബാറ്ററി ശേഷിക്കനുസരിച്ചായിരുന്നു സബ്സിഡി; 1 kwh കപ്പാസിറ്റിക്ക് 10,000 രൂപ. ഇതാണ് ഇപ്പോൾ 15,000 രൂപയായി ഉയർത്തിയത്. വാഹനവിലയുടെ 20% ആയിരിക്കും പരമാവധി സബ്സിഡി എന്ന വ്യവസ്ഥയും മാറ്റി. ഇപ്പോൾ വിലയുടെ 40% വരെ സബ്സിഡി യാകാം.

വൈദ്യുത ഇരുചക്രവാഹന വിപണിയിൽ വൻ ഉണർവുണ്ടാകാൻ പുതിയ സബ്സിഡി നയം ഉപകരിക്കുമെന്ന് എല്ലാ കമ്പനികളും പ്രതികരിച്ചിട്ടുണ്ട്. കൂടുതൽ കമ്പനികളുടെയും കൂടുതൽ മോഡലുകളുടെയും അരങ്ങേറ്റം വൈകില്ല. കേരളം ബജറ്റിൽ പ്രഖ്യാപിച്ച പലിശ സബ്സിഡി കൂടി നടപ്പായാൽ കേരളത്തിൽ‌ ഇനിയുള്ള നാളുകളിൽ ധാരാളമായി ഇലക്ട്രിക് സ്കൂട്ടറുകൾ‌ നിരത്തിലെത്തേണ്ടതാണ്. ഡെലിവറിത്തൊഴി‍ൽരംഗത്തുള്ളവർ ഇലക്ട്രിക് സ്കൂട്ടറും ത്രീവീലറും വാങ്ങാൻ എടുക്കുന്ന വായ്പയുടെ പലിശയുടെ ഒരു വലിയ പങ്ക് സർക്കാർ നൽകുമെന്നാണു പ്രഖ്യാപനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com