ഹാ‍ൾമാർക്കിങ് നടപടി ഇങ്ങനെ

INDIA-ECONOMY-GOLD-INDIA-ECONOMY-GOLD-JEWELLERY
SHARE

തൃശൂർ∙ സ്വർണാഭരണം പരിശുദ്ധി ഉറപ്പാക്കുന്ന ബിഐഎസ് ഹാൾമാർക്ക് ചെയ്തു മാത്രമെ വിൽക്കാനാകൂ എന്ന നിയമം ഇന്നു നിലവിൽവരുന്നു. 

? എന്താണ് ഹാൾ മാർക്കിങ് 

സ്വർണത്തിന്റെ പരിശുദ്ധി ഉറപ്പാക്കാനായി കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ സംവിധാനമാണിത്. ആഭരണം ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്സ് (ബിഐഎസ്) അംഗീകരിച്ച ഹാൾമാർക്കിങ് കേന്ദ്രത്തിൽ കൊണ്ടുപോയി പരിശുദ്ധി ഉറപ്പാക്കി സീൽ ചെയ്തു വാങ്ങണം.

? എന്താണു പരിശോധന

മൂന്നു വിഭാഗത്തിലെ സ്വർണാഭരണമേ ഇനി കടകൾക്കു വിൽക്കാനാകൂ. മാറ്റിന്റെ അടിസ്ഥാനത്തിലാണ് ഇത്. 14,18,22 കാരറ്റുകളിലുള്ള സ്വർണം മാത്രമേ ഇനി നിർമിക്കാനും വിൽക്കാനുമാകൂ.14 കാരറ്റെന്നാൽ ആഭരണത്തിൽ 58.5% സ്വർണമാകണമെന്നർഥം.18നു 75 ശതമാനവും 22നു 91.6 ശതമാനവും സ്വർണം ഉണ്ടാകണം. ഹാൾമാർക്ക് സെന്ററുകൾ ഇതുറപ്പാക്കുകയാണ് ചെയ്യുന്നത്.

? ജ്വല്ലറികൾക്കല്ലാതെ, ഉപയോക്താക്കൾക്ക് അവരുടെ ആഭരണം ഹാൾമാർക്ക് ചെയ്തെടുക്കാനാകുമോ

ഇല്ല. ലൈസൻസ് ഉള്ള ജ്വല്ലറികൾക്കു മാത്രമേ ഹാൾമാർക്ക് ചെയ്യാൻ ഹാൾമാർക്ക് സെന്ററിൽ സ്വർണം നൽകാനാകൂ. ജ്വല്ലറികൾ നൽകുന്ന ആഭരണത്തിൽ ഹാൾ മാർക്ക് സെന്ററുകൾ പരിശുദ്ധി രേഖപ്പെടുത്തി നൽകും.

ഉപയോക്താവിനു സ്വന്തം കൈവശമുള്ള ആഭരണത്തിന്റെ പരിശുദ്ധി ഹാൾമാർക്ക് സെന്ററുകളിൽ കൊണ്ടുപോയി പരിശോധിക്കാൻ ബിഐഎസ് അനുമതി നൽകിയിട്ടുണ്ട്. എന്നാൽ, പരിശുദ്ധി ആഭരണത്തിൽ രേഖപ്പെടുത്തി നൽകില്ല. 

?ഹാൾമാർക്കില്ലാത്ത ആഭരണം സൂക്ഷിക്കുന്നതിനും വിൽക്കുന്നതിനും വിലക്കുണ്ടോ

ഇല്ല. ആഭരണം ഏതെങ്കിലും ജ്വല്ലറിയിൽ കൊണ്ടുപോയി വിൽക്കാനോ മാറ്റിവാങ്ങാനോ ഹാൾമാർക്കിങ് വേണമെന്നില്ല. ജ്വല്ലറിക്കാർ ഇതുവരെ ചെയ്തതുപോലെ, ആഭരണത്തിന്റെ മാറ്റു നോക്കി അവ എടുക്കും.

? ഭാവിയിൽ ഉപഭോക്താവിന്റെ കൈവശമുള്ള ആഭരണം ഹാൾമാർക്ക് ചെയ്ത് എടുക്കേണ്ടിവരുമോ

ഇല്ല. ഹാൾമാർക്കിങ് ഒന്നോ രണ്ടോ ആഭരണത്തിനു മാത്രമായി മാറ്റു നോക്കി മാർക്ക് ചെയ്തു കൊടുക്കുന്ന സംവിധാനമല്ല. നിങ്ങളുടെ കൈവശമുള്ള സ്വർണത്തിന്റെ കണക്കെടുക്കാനുള്ള സംവിധാനവുമല്ല.

? ഹാൾമാർക്ക് ചെയ്ത ആഭരണം വാങ്ങിയാൽ വിൽക്കുന്നതിനു പ്രയാസമുണ്ടാകുമോ

വിൽപന കൂടുതൽ എളുപ്പമാകും. കാരണം, ആഭരണത്തിന്റെ മാറ്റും വാങ്ങിയ ജ്വല്ലറിയും പരിശുദ്ധി പരിശോധിച്ച കേന്ദ്രവുമെല്ലാം ആഭരണത്തിൽനിന്നുതന്നെ കണ്ടെത്താം.

? എങ്ങനെയാണ് ഹാൾമാർക്ക് ചെയ്യുന്നത്

ജ്വല്ലറിക്കാർ ആഭരണം പരിശോധനയ്ക്കു നൽകുന്നത് ഒരു സെറ്റായാണ്. അതിനെ ആദ്യം എക്സ്–റേ പരിശോധനയ്ക്കു വിധേയമാക്കും. ശേഷം അതിൽനിന്ന് ഏതെങ്കിലും ആഭരണം സാംപിളായി എടുത്ത് അതീവ സൂക്ഷ്മമായി ഡ്രിൽ ചെയ്തോ ചുരണ്ടിയെടുത്തോ മുറിച്ചെടുത്തോ ഉരുക്കി പരിശോധിക്കും. വീണ്ടും ഓരോ ആഭരണവും എക്സ്റേ പരിശോധന നടത്തി ഹാൾമാർക്ക് ചെയ്യും. സാംപിൾ എടുത്ത ആഭരണത്തിൽ എന്തെങ്കിലും മാറ്റു കുറവു കണ്ടെത്തിയാൽ ജ്വല്ലറി നൽകിയ ആ സെറ്റ് ആഭരണങ്ങൾ മുഴുവൻ മാർക്ക് ചെയ്യാതെ തിരിച്ചു നൽകും. 

ആദ്യ 40 ആഭരണത്തിൽനിന്ന് ഒന്ന് എന്ന നിലയിലും പിന്നീടുള്ള 60ൽനിന്ന് ഒന്ന് എന്ന നിലയിലുമാണ് സാംപിൾ എടുക്കുക. സാംപിളായി എടുത്തു ഡ്രിൽ ചെയ്തവയും ചുരണ്ടിയവയും വിൽക്കില്ല. ഉരുക്കി വീണ്ടും ആഭരണമാക്കും.

? ഹാൾമാർക്കിങ് കൊണ്ടു ആഭരണത്തിനു വല്ല കുഴപ്പവും ഉണ്ടാകുമോ. ഇതിൽ രാസവസ്തുക്കൾ ഉപയോഗിക്കുന്നുണ്ടോ

ആഭരണത്തിനു കുഴപ്പമുണ്ടാകുന്നില്ല. പരിശോധനയിൽ രാസവസ്തുക്കൾ ഉപയോഗിക്കുന്നില്ല. രാജ്യാന്തര തലത്തിൽ അംഗീകരിച്ച പരിശോധനാ രീതിയാണ് ഇന്ത്യയും പിൻതുടരുന്നത്. എക്സ്റേയിലൂടെ കടത്തി വിടുമ്പോൾ ആഭരണത്തിന് ഒന്നും സംഭവിക്കുന്നില്ല.

? കമ്മൽ പോലുള്ള ചെറിയ ആഭരണത്തിൽ ഹാൾമാർക്കുണ്ടാകുമോ

മൂക്കുത്തിയടക്കമുള്ള എല്ലാ ചെറിയ ആഭരണത്തിലും ലേസർ പ്രക്രിയയിലൂടെ ഹാൾമാർക്ക് ചെയ്യും. പത്തിരട്ടി വലുതാക്കുന്ന ലെൻസ് ഉപയോഗിച്ചാൽ ഇവ കാണാം.

?ഹാൾമാർക്ക് സെന്ററുകളിൽ തട്ടിപ്പിനു സാധ്യതയുണ്ടോ

പ്രത്യേക ലൈസൻസിന്റെ അടിസ്ഥാനത്തിലാണ് ഹാൾമാർക്ക് െസന്ററുകൾ പ്രവർത്തിക്കുന്നത്. ജ്വല്ലറികൾക്ക് ഇവ തുടങ്ങാനാകില്ല. ഇത്തരം കേന്ദ്രങ്ങളിൽ ബിഐഎസ് മിന്നൽ പരിശോധന നടത്തും. ജ്വല്ലറികളിൽനിന്നും ഇത്തരം പരിശോധനയിലൂടെ മാർക്കു ചെയ്ത സാംപിൾ എടുത്തു ചെന്നൈയിലെ ബിഐഎസ് ലാബിൽ പരിശോധനയ്ക്കു നൽകും. ഇവയിൽ കുഴപ്പം കണ്ടെത്തിയാൽ ബന്ധപ്പെട്ട ഹാൾമാർക്കിങ് െസന്ററിന്റെയും ജ്വല്ലറിയുടെയും ലൈസൻസ് റദ്ദാക്കുകയും നിയമനടപടി സ്വീകരിക്കുകയും ചെയ്യും.

? ഹാൾമാർക്കിങ് പിൻവലിക്കാൻ സാധ്യതയുണ്ടോ

ഇല്ല. പല തവണ മാറ്റിവച്ച ശേഷമാണ് ഇതു ഇന്നു മുതൽ നടപ്പാക്കുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഓഫിസിനു മുമ്പിലെ മരത്തിലെ നീർകാക്കകളെക്കുറിച്ച് കോട്ടയം പ്രദീപ്

MORE VIDEOS
FROM ONMANORAMA