ഹാൾ മാർക്കിങ്: ഇളവുകളേറെ; ആദ്യഘട്ടം ഇന്നലെ പ്രാബല്യത്തിലായി

SHARE

കണ്ണൂർ∙ സ്വർണാഭരണങ്ങൾക്കു നിർബന്ധിത ഹാൾമാർക്കിങ് കൊണ്ടുവരാനുള്ള തീരുമാനം ഘട്ടം ഘട്ടമായി നടപ്പാക്കാൻ കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയം തീരുമാനിച്ചു. ആദ്യ ഘട്ടം ഇന്നലെ പ്രാബല്യത്തിലായി. ഇതോടെ കേരളത്തിൽ 13 ജില്ലകളിൽ ഹാൾമാർക്കിങ് നിർബന്ധമാക്കി. ഇടുക്കി ജില്ലയിൽ ഹാൾമാർക്കിങ് സെന്റർ ഇല്ലാത്തതിനാൽ ആദ്യ ഘട്ടത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നിയമത്തിൽ പല ഇളവുകളും കേന്ദ്രം പ്രഖ്യാപിച്ചു. ഹാൾമാർക്കിങ് പരിധിയിലേക്ക് കൂടുതൽ കാരറ്റിലുള്ള ആഭരണങ്ങളും ഉൾപ്പെടുത്തി.

ഒന്നാം ഘട്ടം ഇങ്ങനെ

∙രാജ്യത്തെ 741 ജില്ലകളിൽ ഒരു ഹാൾമാർക്കിങ് കേന്ദ്രമെങ്കിലുമുള്ള 256 ജില്ലകളിൽ മാത്രം നിർബന്ധിത ഹാൾമാർക്കിങ്.
∙ജില്ലകളുടെ പട്ടിക ഉടൻ ബി‌ഐ‌എസ് (ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ്) വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്യും.
∙ റജിസ്ട്രേഷൻ ഒരിക്കൽ മാത്രം. പുതുക്കുന്നതിന് ഫീസ് വേണ്ട.

ചെറുകിടക്കാരെ ഒഴിവാക്കി

40 ലക്ഷംരൂപ വരെ വാർഷിക വിറ്റുവരവുള്ള ജ്വല്ലറികളെ നിർബന്ധിത ഹാൾമാർക്കിങ്ങിൽ നിന്ന് ഒഴിവാക്കി. സ്വർണപ്പണിക്കാർക്കും ഹാൾമാർക്കിങ് നിർബന്ധമില്ല.

വാച്ച്, പേന ഒഴിവാകും

വാച്ചുകൾ, പേനകൾ, പ്രത്യേക തരം ആഭരണങ്ങളായ കുന്തൻ, പോൾകി, ജാദോ എന്നിവയും ഹാൾമാർക്കിങ്ങിൽ നിന്ന് ഒഴിവാകും. കേന്ദ്ര സർക്കാരിന്റെ വ്യാപാര നയം അനുസരിച്ചുള്ള ആഭരണങ്ങളുടെ കയറ്റുമതി, വീണ്ടും ഇറക്കുമതി എന്നിവയെയും നിർബന്ധിത ഹാൾമാർക്കിൽ നിന്ന് ഒഴിവാക്കി. രാജ്യാന്തര പ്രദർശനത്തിനുള്ള ആഭരണങ്ങൾ, സർക്കാർ അംഗീകാരമുള്ള ബി2ബി (ബിസിനസ് ടു ബിസിനസ്) ആഭ്യന്തര പ്രദർശനങ്ങൾക്കുള്ള ആഭരണങ്ങൾ എന്നിവയും ഒഴിവാക്കും.

പിഴ ഈടാക്കില്ല

ഓഗസ്റ്റ് 31 വരെ ജ്വല്ലറികളിൽ പരിശോധന,പിഴ, പിടിച്ചെടുക്കൽ തുടങ്ങിയ ശിക്ഷാ നടപടികളില്ല.

പരിധിയിലേക്ക് കൂടുതൽ കാരറ്റ്

20, 23, 24 എന്നീ കാരറ്റിലുള്ള സ്വർണാഭരങ്ങളും ഹാൾമാർക്കിങ്ങിന്റെ പരിശുദ്ധിയിൽ ഉൾപ്പെടുത്തും. നേരത്തെ 14,18,22 എന്നീ കാരറ്റുകളിലുള്ള ആഭരണങ്ങൾ മാത്രമേ ജ്വല്ലറികളിലൂടെ വിൽക്കാൻ പാടുള്ളൂ എന്നായിരുന്നു വ്യവസ്ഥ. 

ഉപയോക്താക്കൾക്ക് തടസ്സമില്ല

ജ്വല്ലറികൾക്ക് ഉപയോക്താവിൽ നിന്ന് ഹാൾമാർക്കിങ് മുദ്രയില്ലാത്ത പഴയ സ്വർണാഭരണങ്ങൾ തിരികെ വാങ്ങുന്നതു തുടരാമെന്നതിനാൽ ഉപയോക്താക്കളെ ബുദ്ധിമുട്ടിലാക്കില്ല. ഹാൾമാർക്കിങ് നടപ്പാക്കുമ്പോൾ ഉണ്ടാകാനിടയുള്ള പ്രശ്നങ്ങൾ പരിശോധിക്കുന്നതിനായി സംഘടനാ പ്രതിനിധികളുടെയും ബിഐഎസ് ഉദ്യോഗസ്ഥരുടെയും നിയമ വിദഗ്ധരുടെയും പ്രതിനിധികൾ ഉൾപ്പെടുന്ന കമ്മിറ്റി രൂപീകരിക്കും.

നീളം, കൂട്ടാം കുറയ്ക്കാം

10 ഗ്രാമിന്റെ ഹാൾമാർക്ക് ചെയ്ത സ്വർണമാല മുറിച്ച് 8 ഗ്രാമാക്കി മാറ്റുന്നതിനോ, നെക്‌ലെയ്സ് പോലുള്ള ആഭരണങ്ങൾക്കു കണ്ണിചേർത്തു നീളം കൂട്ടുന്നതിനോ, നീളം കുറയ്ക്കുന്നതിനോ തടസ്സമില്ല. ഹാൾമാർക്ക് ചെയ്ത ആഭരണങ്ങളിൽ 2 ഗ്രാം വരെയുള്ള മാറ്റങ്ങൾ അനുവദിക്കും. സ്വർണ വ്യാപാര ശാലകളുടെ പുറത്ത് ‘ഹാൾമാർക്ക് ചെയ്ത ആഭരണങ്ങൾ ഇവിടെ ലഭ്യമാണ്’ എന്ന ബോർഡുകൾ നിർബന്ധമായും പ്രദർശിപ്പിക്കണം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഓഫിസിനു മുമ്പിലെ മരത്തിലെ നീർകാക്കകളെക്കുറിച്ച് കോട്ടയം പ്രദീപ്

MORE VIDEOS
FROM ONMANORAMA