ADVERTISEMENT

കൊച്ചി∙ രണ്ടു മാസത്തിലേറെയായി നീളുന്ന ലോക്ഡൗൺ നിയന്ത്രണങ്ങളിൽ വ്യാപാരി സമൂഹത്തിനു നഷ്ടമായ വിറ്റുവരവ് കാൽ ലക്ഷം കോടി രൂപയോളം. പലരും ആത്മഹത്യയുടെ വക്കിലായി. കടവാടക, വൈദ്യുതി, ബാങ്ക് വായ്പയുടെ മാസത്തവണ, ജീവനക്കാരുടെ ശമ്പളം...പലരും സ്വർണം പണയംവച്ചും പലിശയ്ക്കു കടമെടുത്തുമാണ് നിന്നു പിഴയ്ക്കുന്നത്. സർക്കാരിന് ഇതേക്കുറിച്ചൊന്നും  പരിഗണനയില്ല ഒന്നിനും ഇളവുമില്ല. വ്യാപാരികൾ എന്നു പറയുമ്പോൾ അതിൽ ലക്ഷക്കണക്കിനു കടകളും റസ്റ്ററന്റുകളും മാത്രമല്ല സേവനമേഖലയും ഉൾപ്പെടും. ബാർബർഷോപ്പോ ബ്യൂട്ടി പാർലറോ ജിംനേഷ്യമോ നടത്തുന്നവർക്കും വരുമാന നഷ്ടമായിരുന്നു. ആഴ്ചയിൽ ഒരു ദിവസം അല്ലെങ്കിൽ 3 ദിവസം എന്നൊക്കെയുള്ള ഇളവുകൾ യാത്രാ നിയന്ത്രണം മൂലം പ്രയോജനപ്പെട്ടില്ല.

അതുകൊണ്ടു ചെലവുകാശ് പോലും ലഭിച്ചിരുന്നില്ല. വരുമാന നഷ്ടം കാൽലക്ഷം കോടിയെന്ന തുക കണക്കാക്കിയത് എങ്ങനെയെന്നു നോക്കാം. കഴിഞ്ഞ മാർച്ചിൽ കേരളത്തിൽ നിന്നു ശേഖരിച്ച ജിഎസ്ടി വരുമാനം 1827 കോടി രൂപയാണ്. 2020 മാർച്ചിൽ 1475 കോടി സമാഹരിച്ച സ്ഥാനത്ത് 352 കോടി അധികം കിട്ടിയെന്നതു കാണിക്കുന്നത് ആദ്യ ലോക്ഡൗൺ കഴിഞ്ഞ് വ്യാപാര രംഗം അൽപ്പം ഉണർന്നു എന്നു തന്നെയാണ്. വ്യാപാരികളും അതു ശരിവയ്ക്കുന്നു. അൽപ്പം പച്ചപിടിച്ചു വന്നപ്പോഴാണ് രണ്ടാം ലോക്ഡൗൺ. ജിഎസ്ടി നിരക്കുകൾ 5%,12%,18%,28% എന്നിങ്ങനെയാണ്.

അതിൽ തന്നെ ലോക്ഡൗൺ ബാധകമല്ലാതിരുന്ന അവശ്യസാധനങ്ങൾക്കു മിക്കതിനും നികുതിയില്ല. ധാന്യങ്ങൾ, പഴവർഗങ്ങൾ,പച്ചക്കറി, ഉപ്പ് തുടങ്ങിയവയ്ക്ക്. നാല് ജിഎസ്ടി നിരക്കുകളുടെ ശരാശരിയെടുത്താൽ 15%. അപ്പോൾ ഉപഭോക്താക്കളിൽ നിന്നു മാർച്ചിൽ ജിഎസ്ടിയായി ശേഖരിച്ച 1827 കോടി രൂപ ശരാശരി 15% നിരക്കിൽ ലഭിച്ച നികുതിയാണ്. എങ്കിൽ ഈ നികുതിത്തുക ലഭിക്കാൻ ആകെ എത്ര കോടിയുടെ വിൽപ്പന നടന്നിട്ടുണ്ട്? 1827 കോടിയെ 100 കൊണ്ടു ഗുണിച്ച് 15 കൊണ്ടു ഹരിക്കുക. 12180 കോടി! ഒരു മാസം വ്യാപാര–സേവന രംഗങ്ങൾക്കു കേരളത്തിൽ ലഭിക്കുന്ന വരുമാനമാണിത്.

രണ്ടു മാസത്തേക്കാകുമ്പോൾ 24360 കോടി. ഇതാണ് ലോകഡൗൺ നിയന്ത്രണങ്ങളുമായി സർക്കാർ ചാഞ്ചാട്ടം നടത്തിക്കൊണ്ടിരുന്നപ്പോഴുണ്ടായ വരുമാന നഷ്ടം. തൽഫലമായി സർക്കാരിനു ജിഎസ്ടി നഷ്ടവും സംഭവിച്ചിട്ടുണ്ട്. അതു മുതലാക്കാനാണ് നികുതി പിരിവ് കർശമാക്കുമെന്നു കഴിഞ്ഞ ദിവസം ധനമന്ത്രി കെ.എൻ.ബാലഗോപാൽ പ്രസ്താവിച്ചത്. ഇനി കർശന പിരിവിന്റെ പീഡനം പിറകേ വരാനിരിക്കുന്നുണ്ട്. ഓരോ നാട്ടിലും ഓരോ രീതിയിലായിരുന്നു കട തുറക്കലും അടയ്ക്കലും. ഉദാഹരണത്തിന് കെട്ടിട നിർമാണം ലോക്ഡൗണിൽ തുടരാമെന്നുള്ളതിനാൽ അതിനുള്ള സാമഗ്രികൾ വിൽക്കാം.

ചില ജില്ലകളിൽ സിമന്റും കമ്പിയും മാത്രമാണ് സാമഗ്രികൾ എന്നു ജില്ലാഭരണകൂടം തീരുമാനിച്ചു! അതു മാത്രമേ തുറക്കാവൂ. പ്ലമിങ്, ടൈൽസ്, ഇലക്ട്രിക്കൽ കടകൾ തുറക്കരുത്! അയൽ ജില്ലയിൽ ഇതെല്ലാം തുറന്നിട്ടുമുണ്ട്. എസ്പിയോടും കലക്ടറോടും പരാതി പറഞ്ഞിട്ടു പ്രയോജനമില്ല. ഒരു തവണ പോലും മുഖ്യമന്ത്രി വ്യാപാരി സമൂഹത്തിന്റെ പ്രതിനിധികളെ വിളിച്ചു ചർച്ച ചെയ്യുകയോ ആശ്വസിപ്പിക്കുകയോ പോലും ചെയ്തില്ല. സ്വന്തം വീട്ടിൽ ഉപ്പുംമുളകും വാങ്ങാൻ പോലും ബുദ്ധിമുട്ടുകയാണ് വ്യാപാര–വാണിജ്യ–സേവന  രംഗങ്ങളിലുള്ളവർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com