ADVERTISEMENT

കൊച്ചി ∙ ഐടി ഹബായ ഇൻഫോ പാർക്കിൽ ഒരുങ്ങുന്നത് 11 ലക്ഷം ചതുരശ്ര അടി ഇടം കൂടി; അതുവഴി സൃഷ്ടിക്കപ്പെടുന്നത് 12,000 തൊഴിൽ അവസരങ്ങൾ. നിർമാണം പുരോഗമിക്കുന്ന ചില ഐടി ടവറുകൾ ഈ വർഷം അവസാനമോ അടുത്ത വർ‍ഷം ആദ്യമോ പൂർത്തിയാകുമെന്നാണു പ്രതീക്ഷ. 12 ലക്ഷം ചതുരശ്ര അടി ഓഫിസ് ഇടമാണു നിലവിലുള്ളത്. ഇവിടെ ജോലി ചെയ്യുന്നത് 61,000 പേർ. 

ഫെയ്സ് ഒന്നിൽ ഐബിഎസ്

ഇൻഫോ പാർക്ക് ആദ്യ ഘട്ടത്തിന്റെ (ഇൻഫോ പാർക്ക് ഫേസ് 1) ഭാഗമായി ഐബിഎസ് സോഫ്റ്റ്‌വെയർ സർവീസസിന്റെ സ്വന്തം ഐടി ക്യാംപസ് നിർമാണം ഏറെക്കുറെ പൂർത്തിയായി. ഈ വർഷം അവസാനത്തോടെ പ്രവർത്തനം ആരംഭിക്കാൻ കഴിയുമെന്നാണു പ്രതീക്ഷ. 4.21 ഏക്കർ സ്ഥലത്ത് 6 ലക്ഷം ചതുരശ്ര അടി വിസ്തൃതിയുള്ള ഈ ക്യാംപസിൽ 6,000 ജീവനക്കാർക്കുള്ള സൗകര്യങ്ങളാണ് ഒരുക്കുക. 

ഫെയ്സ് 2 ൽ കാസ്പിയൻ,  ക്ലൗഡ്‌ സ്‌കേപ്‌സ് 

രണ്ടാം ഘട്ടത്തിന്റെ ഭാഗമായി (ഫേസ് 2) 2.63 ഏക്കർ സ്ഥലത്തു 3 ടവറുകളിലായി ഒരുങ്ങുന്ന കാസ്പിയൻ ടെക് പാർക്ക് ക്യാംപസ് നിർമാണം അവസാന ഘട്ടത്തിലാണ്. 1.30 ലക്ഷം ചതുരശ്ര അടി ഓഫിസ് ഇടം ലഭ്യമാക്കുന്ന ആദ്യ ടവർ 2022 ആദ്യ പാദത്തോടെ പൂർത്തിയാകും. പത്തു നിലകളുള്ള ഈ കെട്ടിടത്തിൽ ഐടി, ഐടിഇഎസ്, കോർപറേറ്റ്, സ്റ്റാർട്ടപ് കമ്പനികൾക്കുള്ള സൗകര്യങ്ങളാണ് ഒരുക്കുക. മറ്റൊരു പ്രധാന ക്യാംപസായ  ക്ലൗഡ്‌ സ്‌കേപ്‌സ് സൈബർ പാർക് ഉദ്ഘാടന ഘട്ടത്തിലേക്കു നീങ്ങുകയാണ്. 

സ്റ്റാർട്ടപ്പുകൾക്കും ഇടം 

ഇൻഫോ പാർക്കിന്റെ സാറ്റലൈറ്റ് ക്യാംപസുകളായ കൊരട്ടി, ചേർത്തല പാർക്കുകളിലും പുതിയ ഓഫിസ് ഇടം ഒരുങ്ങുന്നുണ്ട്.  ഇവിടെ സ്റ്റാർട്ടപ്പുകൾക്കും ചെറുകിട ഇടത്തരം സംരംഭകർക്കും ഇടം ലഭിക്കും.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com