ADVERTISEMENT

തിരുവനന്തപുരം∙ കേന്ദ്ര സർക്കാരിന്റെ അഗ്രികൾചർ ഇൻഫ്രാസ്ട്രക്ചർ ഫണ്ട് പദ്ധതിക്കു സംസ്ഥാനത്തെ സഹകരണ ബാങ്കുകളും കൈ കോർത്തതോടെ സംരംഭകർക്ക് 1% പലിശയ്ക്കു 2 കോടി വരെ വായ്പ. വെയർഹൗസ്, ഫുഡ് പ്രോസസിങ്, ഫുഡ് പാക്കിങ്, കാർഷിക ഉപകരണ ഉൽപാദനം, പരിശോധനാ യൂണിറ്റുകൾ, വിളവെടുപ്പിനു ശേഷം കൃഷി മേഖലയിൽ അടിസ്ഥാന വികസനം തുടങ്ങിയവയ്ക്ക് 1 ലക്ഷം കോടിയുടെ പദ്ധതിയാണ് 2020 ൽ കേന്ദ്രം പ്രഖ്യാപിച്ചത്. ഇതിൽ 2520 കോടിയാണു കേരളത്തിനു കിട്ടുക.

വ്യക്തികൾക്കും സംഘങ്ങൾക്കും സംരംഭം തുടങ്ങുന്നതിന് 2 കോടി വരെ വായ്പ ലഭിക്കും. ഒരാൾ ഒന്നിലേറെ പദ്ധതി സമർപ്പിച്ചാൽ ഒന്നിൽ കൂടുതൽ വായ്പയും ലഭിക്കും. കേന്ദ്രം പ്രഖ്യാപിച്ച വായ്പ ഏതു ബാങ്ക് നൽകിയാലും പലിശ നിരക്കിൽ 3% സബ്സിഡിയായി കേന്ദ്രം നൽകും. സഹകരണ ബാങ്കുകൾ കൃഷി വായ്പ നൽകുന്നതു നബാർഡിന്റെ മൾട്ടി പർപ്പസ് സെന്റർ സ്കീമിൽ പെടുത്തി 4% പലിശയ്ക്കാണ്. അഗ്രികൾചർ ഇൻഫ്രാസ്ട്രക്ചർ ഫണ്ട് വഴി കേന്ദ്രം നൽകുന്ന 3% പലിശ സബ്സിഡി കൂടി കണക്കാക്കുമ്പോൾ ഫലത്തിൽ 1% പലിശയ്ക്കു വായ്പ ലഭിക്കും.

∙ഇൗടില്ലാത്ത വായ്പയാണു കേന്ദ്രം പ്രഖ്യാപിച്ചത്.
∙ പദ്ധതി കാലാവധി 2020–21 മുതൽ 2029–’30 വരെ.
∙വായ്പകൾക്ക് 6 മാസം മുതൽ 2 വർഷം വരെ മൊറട്ടോറിയം.
∙7 വർഷം വരെയുള്ള തിരിച്ചടവു കാലാവധിക്കാണ് 3% പലിശ സബ്സിഡി.

കേരളത്തിൽ ഇതുവരെ സഹകരണ സംഘങ്ങൾ വഴി മാത്രം 168 യൂണിറ്റുകൾക്ക് 448.31 കോടി നൽകുന്നതിനു നടപടി പൂർത്തിയായി. വെളിച്ചെണ്ണ നിർമാണ യൂണിറ്റുകൾ തുടങ്ങാനാണു ഗ്രാമങ്ങളിൽ കൂടുതലും വായ്പയ്ക്ക് ആവശ്യക്കാർ. ഗ്രാമങ്ങളിൽ വ്യക്തികൾക്കും സംഘങ്ങൾക്കും കൃഷി സംബന്ധമായ ഏതു പദ്ധതിക്കും വായ്പ അനുവദിക്കാനാണു നിർദേശം. പദ്ധതിക്കു രൂപം നൽകാൻ സാധാരണക്കാരെ സഹായിക്കുന്നതിനു സഹകരണ വകുപ്പ് ഡപ്യൂട്ടി റജിസ്ട്രാർമാരെ നിയോഗിച്ചു. കൃഷി വകുപ്പിന്റെയും കേരള ബാങ്കിന്റെയും ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന സമിതി ജില്ലാ കേന്ദ്രങ്ങളിൽ ഇൗ സഹായവും നൽകുമെന്നു സഹകരണ റജിസ്ട്രാർ പി.ബി.നൂഹ് അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com