ADVERTISEMENT

കൊച്ചി∙ ഓണവിപണിക്കായി തയാറെടുക്കുന്ന ഖാദി സ്ഥാപനങ്ങൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ. ഏകദേശം 50 കോടി രൂപയാണ് റിബേറ്റ് കുടിശിക ഇനത്തിൽ ഖാദി ബോർഡ് സ്ഥാപനങ്ങൾക്കു നൽകാനുള്ളത്. തുക ലഭിക്കാത്തത് ഓണവിപണിക്കായുള്ള ഒരുക്കങ്ങളെ ബാധിക്കുന്നു. ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്ന ഓണം, വിഷു സീസണുകൾ കഴിഞ്ഞ മൂന്നുവർഷമായി പ്രളയവും കോവിഡും കാരണം ഖാദി സംഘങ്ങൾക്കു നഷ്ടമായി. ഉൽപന്നങ്ങൾക്കും ജീവനക്കാർക്കും നൽകേണ്ട തുകയ്ക്കു വരെ ബാങ്കിൽ നിന്നു വായ്പയെടുക്കുകയാണ് പലരും.

സർക്കാർ വിഹിതത്തിൽ നിന്നുള്ള 60% തുക കഴിഞ്ഞ കുറച്ചു വർഷങ്ങളായി ലഭിക്കുന്നില്ലെന്നും സംഘങ്ങൾക്കു പരാതിയുണ്ട്. 60% ഖാദി സംഘങ്ങൾക്കും 40% ഖാദി ബോർഡിനും എന്ന ധാരണയിലാണ് തുക നേരത്തെ വിഭജിച്ചിരുന്നത്. എന്നാൽ ഇപ്പോൾ അനുപാതം പാലിക്കാതെ ബോർഡ് തന്നെ മുഴുവൻ തുകയും എടുക്കുകയാണെന്നാണ് സംഘങ്ങളുടെ ആരോപണം.റിബേറ്റ് കേരളത്തിൽ ഉൽപാദിപ്പിക്കുന്നവയ്ക്കു മാത്രമായി സർക്കാർ പരിമിതപ്പെടുത്തിയതും പ്രശ്നങ്ങൾ രൂക്ഷമാക്കിയതായി കേരള സർവോദയ സംഘം പ്രതിനിധി കെ.ജി. ബാബുരാജ് പറഞ്ഞു.

ഓണക്കാലത്ത് ഏറ്റവും കൂടുതൽ വിൽപന നടക്കുന്ന ഖാദി സിൽക് തുണിത്തരങ്ങൾ കേരളത്തിൽ ഉൽപാദിപ്പിക്കുന്നത് നാമമാത്രമായാണ്. പുറത്തു നിന്നു കൊണ്ടുവന്നാണ് ഖാദി സിൽക് ഇവിടെ വിൽപന നടത്തുന്നത്. റിബേറ്റിന്റെ ആകർഷണത്തിൽ ആളുകൾ വാങ്ങാൻ വരുമ്പോൾ, ഏറ്റവും കൂടുതൽ വിറ്റു പോകുന്ന ഖാദി സിൽക്ക് എങ്ങനെ റിബേറ്റ് ഒഴിവാക്കി വിൽക്കാൻ കഴിയുമെന്നാണ് സ്ഥാപന ഉടമകളുടെ ചോദ്യം. കൈയിൽ നിന്നുള്ള പൈസ ഇറക്കിയാണ് ഇവരിൽ പലരും പുറത്തു നിന്നുള്ള ഖാദി ഉൽപന്നങ്ങൾക്ക് റിബേറ്റ് നൽകുന്നത്.

കോവിഡ് സഹായവുമില്ല

സർക്കാരിൽ നിന്ന് കോവിഡ് സഹായ പദ്ധതികളും ഇത്തവണ ഇവർക്കു ലഭിച്ചിട്ടില്ല. കേരള ഖാദിത്തൊഴിലാളി ക്ഷേമനിധി ബോർഡിൽനിന്ന് 1000 രൂപ കൊടുക്കണമെന്ന നിർദേശം മാത്രമാണ് കോവിഡ് കാലത്ത് ഇതുവരെ സർക്കാരുകളുടെ ഭാഗത്തു നിന്നുണ്ടായ ഏക സഹായ നടപടി. ഖാദി ബോർഡിനു വേണ്ടി തയാറാക്കിയ മാസ്ക്കിന്റെ തയ്യൽക്കൂലി നൽകിയില്ലെന്ന പരാതിയിലും ഇതുവരെ നടപടിയുണ്ടായിട്ടില്ല. കോവിഡ് മൂലം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ ഖാദി മേഖലയ്ക്ക് ഓണസമയത്തെങ്കിലും പിടിച്ചു നിൽക്കണമെങ്കിൽ സർക്കാർ സഹായം കിട്ടിയേ മതിയാകൂ.

സർക്കാർ തുക നൽകണം

കുടിശിക തീർക്കണമെങ്കിൽ സർക്കാരിൽ നിന്നു തുക അനുവദിച്ചു കിട്ടണം. മാസ്ക്, തുണിസഞ്ചി ഇനത്തിൽ ഖാദി ബോർഡിനു കിട്ടാനുള്ള തുക വരെ പിടിച്ചുവച്ചിരിക്കുകയാണ്. കേരളത്തിനു പുറത്തു നിന്നു വാങ്ങുന്ന ഉൽപന്നങ്ങൾക്ക് നേരത്തെ റിബേറ്റ് കൊടുത്തിരുന്നു. റിബേറ്റ് നൽകി തുക ആവശ്യപ്പെട്ടപ്പോൾ മാത്രമാണ് ഇപ്പോൾ സർക്കാർ ഇതിൽ മാറ്റം വരുത്തിയ കാര്യം പറയുന്നത്.

ശോഭന ജോർജ്, ഖാദി ബോർഡ് വൈസ് ചെയർപഴ്സൻ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com