20,23,24 കാരറ്റിനും ഹാൾമാർക്കിങ്; തങ്ക ആഭരണങ്ങളും ഹാൾമാർക്കോടെ വാങ്ങാം

SHARE

കണ്ണൂർ∙ കൂടുതൽ കാരറ്റുകളിലുള്ള സ്വർണാഭരണങ്ങൾക്ക് ഹാൾമാർക്കിങ് അനുമതി നൽകി ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (ബിഐഎസ്). 20, 23, 24 കാരറ്റ് സ്വർണാഭരണങ്ങൾക്കു കൂടി ഹാൾമാർക്കിങ്, യുഐഡി (യൂണീക് ഐഡന്റിഫിക്കേഷൻ നമ്പർ) രേഖപ്പെടുത്തുന്നതിനാണ് ബ്യൂറോ ഓഫ് ഇൻഡ്യൻ സ്റ്റാൻഡേർഡ്സ് പുതിയതായി അംഗീകാരം നൽകിയത്. ഇനി മുതൽ പരിശുദ്ധിയേറിയ ഹാൾമാർക്ക്ഡ് തങ്ക ആഭരണങ്ങളും ജ്വല്ലറികളിൽ നിന്ന് വാങ്ങാം. ജൂൺ 15 നാണു നിർബന്ധിത ഹാൾമാർക്കിങ് നടപ്പായപ്പോൾ 14,18,22 കാരറ്റ് സ്വർണാഭരണങ്ങളിൽ മാത്രമായിരുന്നു ഹാൾമാർക്കിങ് മുദ.

പ്രിയം 916 ന്

കൂടുതൽ കാരറ്റിലുള്ള ഹാൾമാർക്ക്ഡ് ആഭരണങ്ങൾ ഇനി ജ്വല്ലറികളിൽ നിന്നു ലഭ്യമാകുമെങ്കിലും മലയാളികൾക്കു പ്രിയം 22 കാരറ്റ് (916 പരിശുദ്ധി) ആഭരണങ്ങളോടാണ്. 18 കാരറ്റ് സ്വർണമാണ് ഡയമണ്ട് ആഭരണങ്ങൾ നിർമിക്കാൻ ഉപയോഗിക്കുന്നത്. വിലകൂടിയ കല്ലുകൾ പതിപ്പിക്കുന്ന സ്വർണത്തിന് കൂടുതൽ ദൃഢത വേണ്ടതുകൊണ്ടാണിത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള സ്വർണ വ്യാപാരികളുടെ നിരന്തരമായ ആവശ്യങ്ങളെത്തുടർന്നാണ് കൂടുതൽ കാരറ്റുകൾക്ക് ബിഐഎസ് അംഗീകാരം നൽകുന്നത്. ഉത്തരേന്ത്യയിൽ 23,20 കാരറ്റ് സ്വർണാഭരണങ്ങളാണ് കൂടുതൽ വിറ്റുപോകുന്നത്.

കേരളത്തിലും 14,20,23,24 കാരറ്റുകൾ ആഭരണങ്ങൾ നിർമിക്കുന്നുണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ മാസം 16 മുതൽ ഹാൾമാർക്കിങ് നിർബന്ധമാക്കിയതോടെ ഇവയിൽ മുദ്ര പതിപ്പിക്കാൻ കഴിഞ്ഞിരുന്നില്ല. ബിഐഎസിന്റെ ഉത്തരവു ലഭിച്ചതോടെ ഇനി ഹാൾമാർക്കിങ് സെന്ററുകളിൽ ഈ 6 കാരറ്റുകളിലുള്ള ആഭരണങ്ങൾ ഹാൾമാർക്ക് ചെയ്യാം. ജ്വല്ലറികളിൽ വിൽപനയുമാകാം. ഉപയോക്താക്കൾക്ക് ഏതു കാരറ്റിലുള്ള സ്വർണാഭരണവും ജ്വല്ലറികൾക്കു വിൽക്കുന്നതിനോ മാറ്റി വാങ്ങുന്നതിനോ കാരറ്റ് നിബന്ധനകൾ ബാധകമല്ല. പരിശുദ്ധിക്ക് അനുസരിച്ചുള്ള വില ലഭിക്കും. ഉപയോക്താക്കളിൽ നിന്നു വാങ്ങുന്ന സ്വർണം ജ്വല്ലറികൾ ഉരുക്കി രാജ്യത്തെ അംഗീകൃത കാരറ്റുകളിലേക്കു മാറ്റും.

വാച്ച്, പേന ഒഴിവാകും

വാച്ചുകൾ, പേനകൾ, പ്രത്യേക തരം ആഭരണങ്ങളായ കുന്തൻ, പോൾകി, ജാദോ എന്നിവ ഹാൾമാർക്കിങ്ങിൽ നിന്ന് ഒഴിവാകും. 995 പരിശുദ്ധി വരെയുള്ള പദവിമുദ്രകളും ഹാൾമാർക്ക് ചെയ്യണം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അതിരപ്പിള്ളിയുടെ മനോഹാരിതയിൽ നിത്യ മേനോൻ: ഫോട്ടോഷൂട്ട് മേക്കിങ് വിഡിയോ

MORE VIDEOS
FROM ONMANORAMA