സാമ്പത്തിക പരിഷ്കാരങ്ങൾക്ക് മുപ്പതാണ്ട്; ഉദാരവൽക്കരണത്തിൽ ഉദിച്ചു പുതിയ ഇന്ത്യ

economic-growth
SHARE

പ്രതിസന്ധികൾ സാധ്യതകളുടേതായ പുതിയ ആകാശവും ഭൂമിയും സൃഷ്ടിക്കുന്നതിന് ലോകചരിത്രത്തിൽ ഒട്ടേറെ ഉദാഹരണങ്ങളുണ്ട്. 30 വർഷം മുൻപ്, 1991 ൽ ഇന്ത്യയിലുണ്ടായ സാമ്പത്തിക ഉദാരവൽക്കരണ നടപടികളും പ്രതിസന്ധിയാൽ പ്രേരിതമായിരുന്നു. രാജ്യം സാമ്പത്തിക പ്രതിസന്ധിയിൽ മുങ്ങിയിരിക്കുകയായിരുന്നു. ഉദാരവൽക്കരണം എൺപതുകളിൽതന്നെ തുടങ്ങിയെന്നു വാദിക്കുന്നവരുണ്ട്. എന്നാൽ, സാമ്പത്തിക ഉദാരവൽക്കരണമെന്ന ‘ബിഗ് ബാങ്’ ഇന്ത്യയിൽ സംഭവിച്ചത് 1991 ൽത്തന്നെയാണ്. അതാണ് 8–9% വളർച്ചയിലേക്ക് ഇന്ത്യയെ കൈപിടിച്ചത്.

ഘടനാപരമായ മാറ്റങ്ങളാണ് 1991ൽ സംഭവിച്ചത്. അവ വിപ്ലവകരവുമായിരുന്നു. 1947 മുതൽ 1991 വരെയുള്ള സാഹചര്യവുമായി താരതമ്യം ചെയ്യുമ്പോൾ അതു വ്യക്തമാവും. കഴിഞ്ഞ 30 വർഷമെടുത്താൽ, ശരാശരി വരുമാനത്തിൽ വർധനയുണ്ടായി, വ്യാപാര നയം മാറി, വ്യവസായ നയം മാറി, നികുതി സംവിധാനങ്ങളിൽ മാറ്റമുണ്ടായി, സർക്കാരുകളുടെ ചെലവാക്കൽ രീതികളിൽ മാറ്റമുണ്ടായി. 2005 ൽ മൂല്യവർധിത നികുതി(വാറ്റ്) സംവിധാനം വന്നു, 2017 ൽ ചരക്ക് സേവന നികുതിയായി (ജിഎസ്ടി). പുരോഗമനപരമായ പല നിയമപരിഷ്കാരങ്ങളുമുണ്ടായി: തൊഴിലുറപ്പു നിയമം, ഭക്ഷ്യ സുരക്ഷ നിയമം, വിദ്യാഭ്യാസ അവകാശ നിയമം തുടങ്ങിയവ ഉദാഹരണങ്ങളാണ്. ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ സാമൂഹിക മേഖലകളിൽ കൂടുതൽ പണം ചെലവഴിക്കുന്ന സാഹചര്യമായി. സംസ്ഥാനങ്ങൾക്കുള്ള കേന്ദ്ര വിഹിതം 42 ശതമാനമായി വർധിച്ചു. ധനകാര്യമേഖലയിൽ ഉദാരവൽക്കരണമുണ്ടായപ്പോൾ കൂടുതൽ ബാങ്ക് ശാഖകൾ എന്നുതൾപ്പെടെയുള്ള സേവന സംവിധാനങ്ങൾ വർധിച്ചു. സാങ്കേതിക മേഖലയിലെ വികാസങ്ങളും അതിൽ പങ്കുവഹിച്ചിട്ടുണ്ട്.

വരുമാന വളർച്ചയെക്കുറിച്ചു പറയുമ്പോൾതന്നെ മറുവശവും പരിഗണിക്കേണ്ടതുണ്ട്. വരുമാന വളർച്ച, വരുമാനപരമായ അസമത്വം വർധിക്കാനും ഇടയാക്കിയിട്ടുണ്ട്. ആളോഹരി വരുമാനത്തിന്റെ കണക്കുകളെടുത്താൽ, പ്രാദേശികമായ അസമത്വവും വളർന്നിട്ടുണ്ട്. അതു പരിഹരിക്കാൻ നടപടികൾ ആവശ്യമാണ്. രാജ്യത്തിനുള്ളിൽത്തന്നെ ഒരു സംസ്ഥാനത്തുനിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് ജനം നീങ്ങുന്നതിലുണ്ടായ വളർച്ചയും ഉദാരവൽക്കരണത്തിന്റെ ഉൽപന്നമായി പരിഗണിക്കാവുന്നതാണ്. കൂടുതൽ മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങളും കൂടുതൽ വരുമാനവുമുള്ള സ്ഥലങ്ങൾ തേടി ജനം പോകുന്നു. പിന്നാക്ക സാഹചര്യങ്ങളുള്ള സംസ്ഥാനങ്ങളിൽനിന്ന് ഇങ്ങനെ പോകുന്നവർ വീട്ടിലേക്ക് പണമയയ്ക്കുന്നതിലൂടെ ജീവിതനിലവാരം മെച്ചപ്പെടുന്നു. അങ്ങനെ നോക്കുമ്പോൾ തുല്യതയ്ക്ക് സാഹചര്യമൊരുക്കുന്നതിൽ ഉദാരവൽക്കരണത്തിന് ശ്രദ്ധേയമായ പങ്കുണ്ട്.

എന്നാൽ, തൊഴിലിന് ആവശ്യമായ നൈപുണ്യം നേടിയിട്ടാണെങ്കിൽ ഇതരസംസ്ഥാനങ്ങളിലേക്കുള്ള നീക്കങ്ങൾ കൂടുതൽ ഗുണകരമാവും. നൈപുണ്യ വികസനം സാധ്യമാകണമെങ്കിൽ, ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിൽ കൂടുതൽ വകയിരുത്തൽ ഉണ്ടാവണം. വികസനത്തിൽ പിന്നിൽ നിൽക്കുന്ന സംസ്ഥാനങ്ങളിൽ കൂടുതലായി ശ്രദ്ധകേന്ദ്രീകരിക്കണം.

indian-money

സാമ്പത്തിക മേഖലയിൽ വലിയ വെല്ലുവിളിയുടെ സാഹചര്യമാണ് കോവിഡ്മൂലം ഉണ്ടായിരിക്കുന്നത്. മൊത്ത ആഭ്യന്തര ഉത്പാദനത്തിൽ (ജിഡിപി) ഏറ്റവും കൂടുതൽ വിഹിതമുള്ള സംസ്ഥാനങ്ങളിലാണ് കോവിഡിന്റെ ഒന്നും രണ്ടും തരംഗങ്ങൾ കൂടുതൽ പ്രശ്നം സൃഷ്ടിച്ചിട്ടുള്ളത്. തെക്കേ ഇന്ത്യയിലേതും വടക്കേ ഇന്ത്യയിലേതുമായി 7 സംസ്ഥാനങ്ങളിൽനിന്നാണ് ജിഡിപിയുടെ പകുതിയോളം ലഭ്യമാകുന്നത്. ഈ സംസ്ഥാനങ്ങളിൽ എത്ര വേഗത്തിൽ സ്ഥിതി മെച്ചപ്പെടുന്നുവെന്നതിനെ ആശ്രയിച്ചിരിക്കുന്നു സാമ്പത്തിക വളർച്ചയിലേക്കുള്ള തിരിച്ചുപോക്ക്. അതിനും, പ്രാദേശികമായ അസമത്വങ്ങൾ പരിഹരിക്കാനും കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള ഏകോപനം മെച്ചപ്പെടണം.

ഇന്ത്യയുടെ വളർച്ച എന്ന രീതിയിൽ സാമ്പത്തിക വളർച്ചയുടെ കഥ അവതരിപ്പിക്കപ്പെട്ടിരുന്ന കാലമുണ്ടായിരുന്നു. അതു മാറി. വിവിധ വികസന മാതൃകകൾ വന്നു: കേരള മോഡൽ, ഗുജറാത്ത് മോഡൽ, തമിഴ്നാട് മോഡൽ, ബിഹാർ മോഡൽ എന്നിങ്ങനെ പലതും. അതും കഴിഞ്ഞ 30 വർഷത്തെ പരിഷ്കാരങ്ങളുടെ ഫലമെന്ന് വിലയിരുത്താം. കഥയിൽ സംസ്ഥാനങ്ങൾക്ക് കൂടുതൽ പ്രാധാന്യമായി. അപ്പോഴും, ചില സംസ്ഥാനങ്ങളുടെ വളർച്ച വേഗത്തിലായി എന്ന പ്രശ്നവുണ്ട്. എന്നാൽ, ഇതിനു കാരണമാകുന്ന ചില ഘടകങ്ങളെ നേരിടാൻ പരിഷ്കാരങ്ങളിലൂടെത്തന്നെ സാധിച്ചിട്ടുണ്ട്. ഇന്ത്യയ്ക്ക് ദേശീയമായി മാത്രം വികസിക്കാനാവില്ലെന്നും സംസ്ഥാനങ്ങളുടെ പങ്ക് പ്രധാനമെന്നും അംഗീകരിച്ചുള്ളതാണ് ഈ നടപടികൾ. നിക്ഷേപം ആകർഷിക്കാൻ പല സംസ്ഥാനങ്ങളുടെ നികുതി നിരക്കുകളിൽ മൽസരിക്കുന്ന സാഹചര്യമുണ്ടായിരുന്നു. ഈ അനാരോഗ്യകരമായ പ്രവണതയെ നേരിടാൻ നടപടികളുണ്ടായി: 2001ൽ വിൽപന നികുതിക്ക് തറ നിരക്ക് തീരുമാനിച്ചു, 2005ൽ വാറ്റ് നടപ്പാക്കി. ഇത് സംസ്ഥാനങ്ങളുടെ ധനപരമായ സ്വയംനിർണയാവകാശത്തെ ബാധിച്ചുവെന്ന വാദമുണ്ട്. അത് ശരിയാണ്. എന്നാൽ, അനാരോഗ്യകരമായ നികുതി മൽസരം ഇല്ലാതായെന്നത് പരിഗണിക്കണം. ചിലതു നഷ്ടപ്പെടുമ്പോഴാണല്ലോ മറ്റു ചിലതു നേടുന്നത്.

പ്രതിസന്ധിയിൽ പിറന്ന ഉദാരവൽക്കരണത്തെ ദേശീയ രാഷ്ട്രീയത്തിലുണ്ടായ അസ്ഥിരത ദോഷകരമായി ബാധിച്ചില്ലെന്നതു ശ്രദ്ധേയമാണ്. ഭൂരിപക്ഷമില്ലാത്തതോ അല്പായുസുണ്ടായിരുന്നതോ ആയ സർക്കാരുകളെന്നത് നയത്തിന്റെ തുടർച്ചയ്ക്ക് തടസമായില്ല. പകരം, ഗുണപരമായി ശ്രദ്ധേയമായ മാറ്റങ്ങളാണുണ്ടായത്. ഉദാഹരണത്തിന്, 1997ലെ ‘സ്വപ്ന ബജറ്റി’ലാണ് ആദായ നികുതി 30 ശതമാനമാക്കുന്നത്. സാമ്പത്തിക പരിഷ്കാരങ്ങൾക്ക് രാഷ്ട്രീയ ഭിന്നതകളും ഭരണപരമായ അസ്ഥിരതയും തടസമായില്ലെന്നു സാരം. ഉദാരവൽക്കരണം സംഭവിക്കാതിരിക്കുകയോ വീണ്ടുവിചാരങ്ങൾ ഉണ്ടാകുകയോ ചെയ്തിരുന്നെങ്കിലോ? ലൈസൻസ് ക്വോട്ട രാജ്, താൽക്കാലിക സ്വഭാവമുള്ള നികുതി നയങ്ങൾ തുടങ്ങിയ രീതികൾ തുടരുക എന്നതാവുമായിരുന്നു ഫലം.

ഉദാരവൽക്കരണമെന്നാൽ സമ്പൂർണ സ്വകാര്യവത്കരണമാണോയെന്ന ചോദ്യമുണ്ട്. പൊതു മേഖല സ്വകാര്യമേഖലയ്ക്കു പകരമാവില്ല, സ്വകാര്യ മേഖല പൊതു മേഖലയ്ക്കു പകരവുമാവില്ല. അത് അംഗീകരിച്ചുള്ള സന്തുലനമാണ് വേണ്ടത്. റോഡ്, റെയിൽവെ, അണക്കെട്ട്, അടിസ്ഥാന വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയവയൊക്കെ സർക്കാരിന്റെ ശക്തമായ സാന്നിധ്യം ഉണ്ടാവേണ്ട മേഖലകളാണ്. എന്നാൽ, ഹോട്ടൽ ഉൾപ്പെടെയുള്ള മേഖലകളിൽ പ്രവർത്തിച്ച് സർക്കാരുകൾ കടം വർധിപ്പിക്കണമോയെന്ന ഏറെക്കാലമായുള്ള ചോദ്യത്തിന്റെ പ്രസക്തി നഷ്ടപ്പെട്ടിട്ടില്ല. എന്നാൽ, അതിന് ജിഡിപിയിൽ പൊതുമേഖലയുടെ പങ്ക് കുറയ്ക്കുകയെന്ന് അർഥമില്ല. ഇപ്പോൾ അത് 24–25 ശതമാനമെങ്കിൽ, അത് 30–35 ശതമാനമായി വർധിപ്പിക്കണം. അത് തന്ത്രപ്രധാനമേഖലകളിലെ ഇടപെടലിലൂടെ വേണം.

Pinaki-Chakraborty
പിനാകി ചക്രബർത്തി

കേരളത്തിന് ഉദാരവൽക്കരണവത്കരണം കൊണ്ടു പ്രയോജനമുണ്ടായോ എന്നു ചോദിച്ചാൽ, ഉണ്ടായി എന്നുതന്നെയാണ് ഉത്തരം. ഉടനടി ലാഭമുണ്ടാകുന്ന മേഖലകൾക്കല്ല കേരളം ഊന്നൽ നൽകിയത്. സാമൂഹിക വികസന മേഖലകളിൽ മുതൽമുടക്കി. അതിലൂടെയുള്ളത് പരോക്ഷമായ വരുമാനമാണ്. ആളോഹരി വരുമാനത്തിൽ കേരളമിപ്പോൾ മൂന്നാമതാണ്. ഉദാരവൽക്കരണ സാമ്പത്തിക നയങ്ങൾ അത്തരമൊരു സാഹചര്യത്തിന് കേരളത്തിന് സഹായമായിട്ടുണ്ട്.

എന്റെ സംസ്ഥാനമായ ബംഗാളിൽനിന്നുൾപ്പെടെ ഒട്ടേറെപ്പേർ തൊഴിലിനായി കേരളത്തിലെത്തുന്നുണ്ട്. എന്നാൽ, രാജ്യത്തിന് ജനസംഖ്യാപരമായി പ്രായം കൂടുകയാണ്. അതായത് പ്രായം കൂടുതലുള്ളവരുടെ എണ്ണം കൂടുന്നു, സന്തോനോൽപാദനം കുറയുന്നു. അപ്പോൾ, കുറഞ്ഞ വേതനത്തിന് ജോലി ചെയ്യുന്നവരുടെ എണ്ണവും കുറയും. അത് കേരളത്തിലെ ഇപ്പോഴത്തെ സാഹചര്യത്തെ എങ്ങനെ സ്വാധീനിക്കും, ചില സംസ്ഥാനങ്ങൾ അതാതു സംസ്ഥാനക്കാർക്കായി തൊഴിൽ സംവരണം നടപ്പാക്കുന്നത് ആഭ്യന്തര കുടിയേറ്റത്തെ എങ്ങനെ ബാധിക്കും തുടങ്ങിയവ കൂടതൽ പഠനം വേണ്ടവയാണ്.

ഒരു പ്രക്രിയയെന്ന നിലയ്ക്ക് ഉദാരവൽക്കരണത്തിലൂടെ രൂപീകരിക്കപ്പെട്ടത് ഒരു ചട്ടക്കൂടാണ്. മറ്റൊരു ‘ബിഗ് ബാങ്’ പരിഷ്കാരമല്ല, സർക്കാർ ധനപരമായ ആരോഗ്യം എങ്ങനെ നിലനിർത്തുന്നു, പൊതുമേഖലയിൽ കൂടുതൽ മുതൽമുടക്ക് എങ്ങനെ സാധ്യമാക്കുന്നു എന്നതൊക്കെയാണ് മുന്നോട്ടുള്ള പോക്കിൽ പ്രധാനം.

(ജോമി തോമസിനോടു പറഞ്ഞത്)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഉരുൾ പൊട്ടിയ കൂട്ടിക്കലിന്റെ ആകാശദൃശ്യങ്ങൾ

MORE VIDEOS
FROM ONMANORAMA