ADVERTISEMENT

എന്തുകൊണ്ടാണ് കേരളത്തിൽനിന്ന് ഇതുവരെ നേരിട്ട് യൂറോപ്പിലേക്ക് വിമാന സർവീസ് ഇല്ലാത്തത്? പ്രതിവർഷം യൂറോപ്പിലേക്ക് കേരളത്തിൽനിന്ന് യാത്ര ചെയ്യുന്നത് ഒട്ടേറെ ആളുകളാണ്. ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ നിന്ന് വിമാനങ്ങൾ മാറിക്കയറിയാണ് ഇവരുടെ യാത്ര.  എയർ ഇന്ത്യ ആദ്യമായി ലണ്ടനിലേക്കു തുടങ്ങുന്ന സർവീസ് പുതിയ ചുവടുവയ്പാണെങ്കിലും അതും അപര്യാപ്തമാണെന്നു കണക്കുകൾ വ്യക്തമാക്കുന്നു. ചിങ്ങമാസത്തിലെ പുതിയ പ്രതീക്ഷയായി  കേരളം–യൂറോപ്പ് വിമാനസർവീസ് സാധ്യകൾ ചർച്ച  ചെയ്യുന്ന പരമ്പര  ഇന്നുമുതൽ

കൊച്ചി∙ കൊച്ചിയിൽ നിന്നു വിദേശത്തേക്കു പറക്കുന്നവർ യഥാർഥത്തിൽ എങ്ങോട്ടാണു പോകുന്നത്? അവരുടെ എണ്ണം എത്രയുണ്ട്? അങ്ങനെയൊരു പഠനം 2018–19 കാലത്ത് സിയാൽ നടത്തി. വർഷം 1.85 ലക്ഷം പേർ കൊച്ചിയിൽ നിന്നു യൂറോപ്പിലേക്കു പോകുന്നുണ്ട് എന്നായിരുന്നു കണ്ടെത്തൽ.

വിദേശത്തു നിന്നു വരുന്ന സഞ്ചാരികൾ തിരികെ പോകുന്നതും മലയാളികൾ യൂറോപ്പിലേക്ക് യാത്രപോകുന്നതും ഇതിലുൾപ്പെടും. ഇത്രയും പേർ അങ്ങോട്ടു പോകുന്നുണ്ടെങ്കിൽ അത്രയും പേർ ഇങ്ങോട്ടും വരണമല്ലോ. അതിനർഥം പ്രതിവർഷം യൂറോപ്പിൽ നിന്ന് ഇങ്ങോട്ടും അങ്ങോട്ടുമായി 3.7 ലക്ഷം പേർ വന്നു പോകുന്നു.

ഇവരിൽ വലിയൊരു ഭാഗം ഗൾഫ് നഗരങ്ങൾ ട്രാൻസിറ്റ് ആക്കിയാണു യാത്ര. അവിടെ ചെന്ന് വിമാനം മാറിക്കയറുന്നു. അല്ലെങ്കിൽ യൂറോപ്പിലേക്കു നേരിട്ടുള്ള വിമാനങ്ങളിൽ കയറാനായി കൊച്ചിയിൽ നിന്ന് ചെന്നൈ, ബെംഗളൂരു, മുംബൈ മാത്രമല്ല ഡൽഹി വരെ പോകുന്നവരുമുണ്ട്.

2 വിമാനത്തിനുള്ള യാത്രക്കാർ പ്രതിദിനം 

എയർ ഇന്ത്യ ആദ്യമായി കൊച്ചിയിൽ നിന്നു ലണ്ടനിലേക്ക് ആഴ്ചയിൽ മൂന്നു വിമാനങ്ങളുമായി ഒരു മാസത്തെ ഷെഡ്യൂൾ പ്രഖ്യാപിച്ചിരിക്കുകയാണ്. അതു തുടരുമോ എന്നു തീർച്ചയില്ല. വിദേശ വിമാനക്കമ്പനികളുമില്ല.

കൊച്ചിയിൽ നിന്നു യൂറോപ്പിലേക്ക് ഒരു വർഷം പോകുന്ന 1,85,000 പേരിൽ 56,000 പേരുടെ ലക്ഷ്യം ലണ്ടനാണ്. അത്രയും പേർ ഇങ്ങോട്ടും ലണ്ടനിൽ നിന്നു വരുന്നു. ആകെ 1.12 ലക്ഷം പേർ. അപ്പോൾ പ്രതിദിനം ശരാശരി ലണ്ടനിലേക്കുള്ള യാത്രക്കാർ 300. എയർ ഇന്ത്യ ഏർപ്പെടുത്തിയിട്ടുള്ള ഡ്രീംലൈനർ വിമാനത്തിൽ 238 ഇക്കോണമി സീറ്റും 18 ബിസിനസ് ക്ലാസ് സീറ്റുമാണുള്ളത്. ഇതു പൂർണമായും നിറഞ്ഞുകഴിഞ്ഞു. ആഴ്ചയിൽ 1200ലേറെ യാത്രക്കാരുള്ളപ്പോൾ മൂന്നു വിമാനങ്ങളിലൂടെ എയർ ഇന്ത്യയ്ക്കു കൊണ്ടു പോകാൻ കഴിയുന്നത് 768 പേരെ മാത്രം.

യൂറോപ്പിലേക്കുള്ള ഒരു വർഷത്തെ യാത്രക്കാരുടെ കണക്കു വച്ചു നോക്കിയാൽ പ്രതിദിനം ശരാശരിയുള്ളത് അഞ്ചൂറിലേറെ പേരാണ്. ഡ്രീംലൈനർ പോലൊരു വിമാനം ദിവസം 2 എണ്ണം യൂറോപ്പിലേക്കു പറത്താനുള്ള യാത്രക്കാർ കൊച്ചിയിൽ നിന്നു മാത്രം ഉണ്ടെന്നാണ് അതു കാണിക്കുന്നത്.അതിലുപരി യൂറോപ്പിൽ നിന്നു കൂടുതൽ വിദേശ സഞ്ചാരികൾ വരാനും നേരിട്ടുള്ള വിമാന സർവീസ് ഇടയാക്കും. കോവിഡിൽ വലഞ്ഞ കേരള ടൂറിസത്തിന് അതു പുതിയ ഊർജം പകരും.

പക്ഷേ എയർ ഇന്ത്യ തന്നെ ഇന്ത്യയിലെ 7 പ്രധാന നഗരങ്ങളിൽ നിന്ന് യൂറോപ്പിലേക്കു പറന്നിട്ടും എന്തുകൊണ്ടു കേരളത്തെ ഇത്ര കാലം അവഗണിച്ചു? ഒരു മാസത്തേക്കു പ്രഖ്യാപിച്ച ലണ്ടൻ വിമാനം സ്ഥിരമാകുമോ? അനിശ്ചിതത്വം നിലനിൽക്കുകയാണ്. അതിനുള്ള ഇടപെടൽ രാഷ്ട്രീയ നേതൃത്വത്തിൽ നിന്നടക്കം ഉണ്ടാകാൻ വൈകിക്കൂടാ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com