ADVERTISEMENT

കേരളത്തിന്റെ വിദേശ പ്രവാസികൾ ഏകദേശം 40 ലക്ഷം പേരുണ്ട്. ഗൾഫിലും യൂറോപ്പിലും  അമേരിക്കയിലും മാത്രമല്ല ലോകമാകെ അവർ വ്യാപിച്ചു കിടക്കുന്നു. അമേരിക്കയിലേക്കു മാത്രം കൊച്ചിയിൽ നിന്നു വർഷം 1.07 ലക്ഷം പേർ പോകുന്നുണ്ടെന്നു സിയാൽ സർവേയിൽ കണ്ടെത്തിയതിൽ അദ്ഭുതമില്ല. തിരുവനന്തപുരം,കോഴിക്കോട്,കണ്ണൂർ വിമാനത്താവളങ്ങളിൽ നിന്നും യാത്രക്കാർ ഇന്ത്യൻ–ഗൾഫ് നഗരങ്ങൾ ട്രാൻസിറ്റാക്കി അമേരിക്കയിലേക്കും യൂറോപ്പിലേക്കും പോകുന്നുണ്ട്. അമേരിക്കയിൽനിന്ന് ഇങ്ങോട്ടും യാത്രക്കാർക്കു കുറവില്ല. 2018–19ലെ കണക്ക് അനുസരിച്ച് 2.14 ലക്ഷം പേർ വർഷം വന്നു പോകുന്നുണ്ട്. അങ്ങോട്ടു പോകുന്ന 107000 പേരെ 365 കൊണ്ടു ഹരിച്ചാൽ കിട്ടും ദിവസക്കണക്ക്– 293 പേർ. 300 പേരിലേറെ കൊള്ളുന്ന വൈഡ് ബോഡി വിമാനം ദിവസവും അമേരിക്കയിലേക്കു പറത്താനുള്ള യാത്രക്കാരുണ്ട്.

സിയാൽ നടത്തിയ പഠനത്തിൽ പ്രതിദിനം യൂറോപ്പിലേക്കും അമേരിക്കയിലേക്കും പറക്കാൻ 824 യാത്രക്കാരുണ്ടെന്നാണു കണ്ടെത്തിയത്. 3 വിമാനം സുഖമായി നിറഞ്ഞു പറക്കാനുള്ള യാത്രക്കാർ. എന്നിട്ടും മലയാളികൾ മറ്റു സംസ്ഥാനങ്ങളിലെ മെട്രോ നഗരങ്ങളെയും ഗൾഫ് നഗരങ്ങളെയും ട്രാൻസിറ്റിനായി ആശ്രയിക്കേണ്ടി വരുന്നു. കൊച്ചിയിൽ നിന്നു മാത്രം ഇത്രയും പേരുണ്ടെങ്കിൽ കേരളത്തിലെ മറ്റു 3 വിമാനത്താവളങ്ങളിൽനിന്നുള്ള യുഎസ്–യൂറോപ്പ് യാത്രക്കാരുടെ കണക്കുകൂടി ചേർക്കുമ്പോഴോ? ദിവസം 1000 പേരെങ്കിലുമുണ്ടാവുമെന്നു നിസ്സംശയം പറയാം. 4 വിമാനങ്ങൾക്കുള്ള യാത്രക്കാർ. പക്ഷേ നേരിട്ടുള്ള വിമാന സർവീസുകൾ തടയാൻ പലതരം തന്ത്രങ്ങൾ പയറ്റുന്നു.

സാധ്യത മനസ്സിലാക്കി ഏതെങ്കിലും വിമാനക്കമ്പനി ശ്രമിച്ചാൽ അതിനെ പൊളിക്കാൻ ശക്തമായ സമ്മർദ തന്ത്രങ്ങളും ലോബികളുമുണ്ട്.
യൂറോപ്പിലേക്കു നേരിട്ടു വിമാനം വന്നാലുടൻ ഗൾഫ് നഗരങ്ങളിലേക്ക് വിദേശ വിമാന സർവീസുകളുടെ ടിക്കറ്റ് നിരക്കിൽ പെട്ടെന്നു കുറവു വരുന്നതു പലതവണ കണ്ടതാണ്. ഇത്തരം പ്രശ്നങ്ങളെ അതിജീവിച്ച് കൊച്ചി–ലണ്ടൻ–ന്യൂയോർക്ക് വിമാനം ദിവസവും പറക്കുന്ന സ്വപ്നം എന്ന് യാഥാർഥ്യമാകും?

കൊച്ചിയിൽനിന്നു യൂറോപ്പിലേക്കും അമേരിക്കയിലേക്കും നേരിട്ടു വിമാനം വന്നാൽ അധികം താമസിയാതെ കേരളത്തിലെ മറ്റു വിമാനത്താവളങ്ങൾക്കും അതു നേട്ടമാകുമെന്നതിൽ സംശയമില്ല. കോവിഡ് കാലത്തെ മാന്ദ്യം നേരിട്ട കമ്പനികൾക്ക് ബിസിനസാണു പ്രധാനം. കോവിഡ് കഴിയുമ്പോഴുള്ള ‘റിവഞ്ച് ട്രാവൽ’ യാഥാർഥ്യമാകുമ്പോൾ യൂറോപ്പിൽനിന്നു (കേരളത്തിലേക്ക് ഏറ്റവും കൂടുതൽ വിദേശ ടൂറിസ്റ്റുകൾ വരുന്നത് ബ്രിട്ടനിൽ നിന്ന്) സഞ്ചാരികളെ എത്തിക്കാൻ കേരളത്തിനു വേണം പടിഞ്ഞാറൻ കണക്‌ഷൻ.

നാളെ: വിമാനം മാറിക്കയറി ദുരിതം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com