അച്ചാർ വാങ്ങാൻ ബിറ്റ്കോയിൻ; പോത്ത്–കാരറ്റ് അച്ചാറിനു പേര് ‘സാധനം കയ്യിലുണ്ട്’

mba-students
ഹാഫിസ്, അക്ഷയ്
SHARE

കൊച്ചി∙ അച്ചാറുകൾ വാങ്ങാം ഇനി ക്രിപ്റ്റോകറൻസിയിലും. എംബിഎക്കാരായ 2 യുവാക്കൾ കൊച്ചി കാക്കനാട്ട് ചേർന്നു തുടങ്ങിയ ‘അതേ നല്ലതാ ഡോട്ട് കോം’ സ്റ്റാർട്ടപ് ഉണ്ടാക്കുന്ന അച്ചാറുകൾ വാങ്ങാനാണ് ക്രിപ്റ്റോകറൻസിയും.കമ്പനിയുടെ പേരിലും ക്രിപ്റ്റോകറൻസിയിലും മാത്രമല്ല അച്ചാറുകളിലും നൂതനത്വം കാത്തു സൂക്ഷിക്കുകയാണ് പങ്കാളികളായ ആർ.അക്ഷയും ഹാഫിസ് റഹ്മാനും. ഫ്യൂഷൻ രീതിയിൽ 4 നോൺവെജ് അച്ചാറുകളും 3 വെജ് അച്ചാറുകളുമാണുള്ളത്.

ബഫലോയും കാരറ്റും, മീനും മാങ്ങയും, ചിക്കനും ബീറ്റ്റൂട്ടും, ചെമ്മീനും പപ്പായയും എന്നിവയാണ് നോൺവെജ്. മുന്തിരിയും മാങ്ങയും, ഉണക്കമുന്തിരിയും നെല്ലിക്കയും, നാരങ്ങയും ഈന്തപ്പഴവും എന്നിങ്ങനെ 3 വെജ് അച്ചാറുകളും. ഇവയ്ക്കെല്ലാം കൗതുകകരമായ പേരുകളുമുണ്ട്. പോത്ത്–കാരറ്റ് അച്ചാറിനു പേര് സാധനം കയ്യിലുണ്ട്. മീൻമാങ്ങയ്ക്കോ–ജൽപുഷ്പ്. ബംഗാളിൽ മീനിനെ ജൽപുഷ്പ് എന്നു വിളിക്കുന്നതാണു പ്രചോദനം.

കോവിഡ് ലോക്‌ഡൗൺ കാലത്ത് 2020 ജൂണിലാണു തുടങ്ങിയത്. ഓൺലൈനായി വിൽപ്പനയ്ക്കു പുറമേ 30 കടകളിലും അച്ചാറുകൾ കിട്ടും. ജർമനിയിലേക്ക് കയറ്റുമതി ചെയ്തു. കറൻസി നോട്ടുകളുടെ ഇടപാട് ഇല്ല. ഗൂഗിൾപേ, യുപിഐ, ക്രെഡിറ്റ്,ഡെബിറ്റ് കാർഡുകൾ, പിന്നെ ക്രിപ്റ്റോ കറൻസി. 3 ദിവസമായി ഏർപ്പെടുത്തിയിട്ടെങ്കിലും ഇതുവരെ ആരും ക്രിപ്റ്റോകറൻസിയിൽ അച്ചാറുകൾ വാങ്ങിയിട്ടില്ല. ഏറ്റവും കൂടുതൽ ഇടപാട് നടക്കുന്ന രണ്ടാമത്തെ രാജ്യം ഇന്ത്യയാണെങ്കിലും ക്രിപ്റ്റോ സമൂഹത്തിൽ അറിഞ്ഞുവരാൻ കുറച്ചു സമയമെടുക്കും.

തിരുവനന്തപുരം പേരൂർക്കട സ്വദേശി അക്ഷയും കാക്കനാട് സ്വദേശി ഹാഫിസും എംബിഎക്കു പഠിക്കവേയാണ് എസ്‌സിഎംഎസിൽ കണ്ടുമുട്ടിയത്. കാക്കനാട്ടാണ് അച്ചാർ അടുക്കള. ബ്ളോക്ചെയിൻ സാങ്കേതികവിദ്യ ബിസിനസ് നടത്തിപ്പിൽ സ്വീകരിച്ചതോടെയാണ് ക്രിപ്റ്റോകറൻസിയും ഏർപ്പെടുത്തിയത്. ബിറ്റ്കോയിൻ ഉൾപ്പടെ 7 ക്രിപ്റ്റോകറൻസികളിൽ അച്ചാർ വാങ്ങാം.

English Summary: Bitcoin to buy pickles

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അഭിനയ പശ്ചാത്തലം ഇല്ലാത്തതുകൊണ്ട് എല്ലാം പരീക്ഷണമാണ്

MORE VIDEOS