ADVERTISEMENT

കൊച്ചി ∙ കർഷകരാണു സൂപ്പർ ഹീറോസ് എന്ന പ്രഖ്യാപനവുമായി മണ്ണിലിറങ്ങിയ അഗ്രി ടെക് സ്റ്റാർട്ടപ്പായ ഫാർമേഴ്സ് ഫ്രഷ് സോൺ കോവിഡ് പ്രതിസന്ധികളെ മറികടന്നു നേടിയതു മൂന്നിരട്ടി വളർച്ച. ലഭിച്ചത് 6 കോടി രൂപയുടെ ഫണ്ടിങ്. അടുത്ത ഘട്ടമായി 50 ലക്ഷം ഡോളർ (ഏകദേശം 37.5 കോടി രൂപ) നിക്ഷേപ സമാഹരണമാണു ലക്ഷ്യമിടുന്നത്. ഗ്രാമീണ കർഷകരെ നഗര മേഖലകളിലെ ഉപഭോക്താക്കളുമായി ബന്ധിപ്പിക്കുന്ന വിതരണ ശൃംഖലയാണിത്. ‘കർഷകർക്കു കൂടിയ വില; ഉപഭോക്താക്കൾക്കു കീടനാശിനിരഹിതമായ ഉൽപന്നങ്ങൾ’ എന്നതാണു ഫ്രഷ് സോണിന്റെ വാഗ്ദാനം. കൊച്ചി, തൃശൂർ, തിരുവനന്തപുരം, കോട്ടയം, അങ്കമാലി നഗരങ്ങൾക്കു പുറമേ, തമിഴ്നാട്ടിലെ കോയമ്പത്തൂരിലും ഹോം ഡെലിവറിയുണ്ട്. 

മൊബൈൽ ആപ് വഴി ഓർഡർ ചെയ്യുക. പഴങ്ങളും പച്ചക്കറികളും കറിപ്പൊടികളും മുട്ടയും എണ്ണയുമൊക്കെ വീട്ടിലെത്തും. ബിടെക് ബിരുദധാരിയായ പി.എസ്.പ്രദീപിനെ കാർഷിക സ്റ്റാർട്ടപ് എന്ന ആശയത്തിലേക്കു നയിച്ചതു കുടുംബ പശ്ചാത്തലം തന്നെ. തൃശൂർ കോടാലി സ്വദേശിയായ പ്രദീപിന്റെ പിതാവ് സൈന്യത്തിൽ നിന്നു വിരമിച്ചശേഷം കൃഷിയിലേക്കു തിരിഞ്ഞുവെങ്കിലും വിപണനം വെല്ലുവിളിയായിരുന്നു. 

പഠനകാലത്തു തന്നെ പ്രദീപും കൃഷിയിലിറങ്ങി. നല്ല വിളവുണ്ടാക്കി. പക്ഷേ, ന്യായമായ വില കിട്ടാതെ കഷ്ടപ്പെട്ടു. ബിടെക് കഴിഞ്ഞു സ്റ്റാർട്ടപ്പുമായി കരുത്തോടെ വീണ്ടും കളത്തിലേക്ക്. 2015 ൽ ആരംഭിച്ച കമ്പനി ഇൻകുബേറ്റ് ചെയ്തതു കേരള സ്റ്റാർട്ടപ് മിഷനു കീഴിൽ. കളമശേരി കിൻഫ്ര ഹൈടെക് പാർക്ക് കേന്ദ്രമാക്കിയാണു പ്രവർത്തനം. പാലക്കാട്, തൃശൂർ, ഊട്ടി എന്നിവിടങ്ങളിലെ 2,000 കർഷകരിൽ നിന്നാണ് ഉൽപന്നങ്ങൾ സംഭരിക്കുന്നത്. രാവിലെ വിളവെടുക്കുന്ന ഉൽപന്നങ്ങൾ അന്നു തന്നെ ഉപഭോക്താക്കൾക്കു ലഭിക്കുന്ന വിധമാണു വിപണനം. നാളെ:  ഇനിയും വികസിക്കണം, ഇക്കോസിസ്റ്റം 

പി.എസ്.പ്രദീപ്  ഫ്രഷ് സോൺ സിഇഒ

കർഷകർക്കു ലഭിക്കുന്ന അടിസ്ഥാന വിലയെക്കാൾ 15 ശതമാനം വരെ കൂടുതൽ നൽകിയാണു ഞങ്ങൾ ഉൽപന്നങ്ങൾ സംഭരിക്കുന്നത്. ശുചിത്വം ഉറപ്പാക്കിയാണു വിതരണ ശൃംഖല പ്രവർത്തിക്കുന്നത്. ഉപഭോക്താക്കൾക്കു മികച്ച ഭക്ഷ്യ വസ്തുക്കൾ ലഭിക്കണം’’ –

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com