ADVERTISEMENT

മോഡൽ ഇറങ്ങും മുമ്പേ ലോകമാകെ ജനം വാങ്ങാൻ ഇടി തുടങ്ങി. എവിടെയും അതിലെ പുതുമകളെക്കുറിച്ചുള്ള ചർച്ചയും ഇറങ്ങുന്ന തീയതിയെക്കുറിച്ചുള്ള ഊഹാപോഹങ്ങളും. ഐഫോൺ 13 വരുന്നേ എന്നാണ് ആപ്പിൾ ആരാധകർ ലോകമാകെ ആവേശംകൊള്ളുന്നത്. സംഗതി സ്റ്റേറ്റസ് സിംബൽ ആയിപ്പോയല്ലോ. ലേറ്റസ്റ്റ് തന്നെ കയ്യിൽ ഇല്ലേൽ നാണക്കേടാണല്ലോ...!

ഈ മാസം ഇറങ്ങുമെന്നു കരുതപ്പെടുന്ന ഐഫോൺ 13 ലോകമാകെ വിൽക്കുമെന്നു പ്രതീക്ഷിക്കുന്നത് 9 കോടി ഹാൻഡ് സെറ്റുകളാണ്. നിലവിലുള്ള ഉപയോക്താക്കളിൽ 44% പേർ അപ്ഗ്രേഡ് ചെയ്യുമെന്നാണു കണക്കു കൂട്ടൽ. ആപ്പിൾ സിഇഒ ടിം കുക്ക് അതിനുള്ള തന്ത്രകുതന്ത്രങ്ങളെല്ലാം കുക്ക് ചെയ്തുകൊണ്ടിരിക്കുന്നു.

ആപ്പിൾ എന്തൊരു കമ്പനിയാണെന്നു നോക്കുക– ലോകത്ത് ഏറ്റവും മൂല്യമുള്ള കമ്പനി. വിപണിമൂല്യം രണ്ടരലക്ഷം കോടി ഡോളർ. സ്ഥാപകരല്ല നിക്ഷേപകരാണതു നിയന്ത്രിക്കുന്നത്. സോഫ്റ്റ്‌വെയർ കമ്പനിയല്ല ഹാർഡ്‌വെയറാണ്. 1977ൽ തുടങ്ങിയ കമ്പനി ഇന്നത്തെ പുത്തൻകൂറ്റുകാരുടെ ചരിത്രം വച്ചു നോക്കുമ്പോൾ പഴഞ്ചനാണ്. 

മൊബൈൽ ഹാൻഡ്സെറ്റ് വിപണിയാണെങ്കിൽ സദാ മാറിമറിയുന്നതും വൻ കമ്പനികൾ കൂടെക്കൂടെ പാളീസാകുന്നതുമാണ്. നോക്കിയയും ബ്ളാക്ക്ബെറിയും ഉദാഹരണം. എന്നിട്ടും അമേരിക്കൻ ഹാൻഡ്സെറ്റ് വിപണിയുടെ 60% ഐഫോണിനുണ്ട്. ഗൂഗിളിനെ സെർച്ച്എൻജി‍ൻ ആക്കിയിരിക്കുന്നതിനുള്ള ഫീസ് കോടികളായി വേറേ. ഇന്ത്യയിലും  ഐഫോൺ ഫാക്ടറികളുണ്ട്. കരാർ നിർമ്മാണ കമ്പനികളായ ഫോക്സ്കോണും വിസ്ട്രോണും കർണാടക,തമിഴ്നാട് ഫാക്ടറികളിൽ ഐഫോൺ 11 വരെ നിർമ്മിക്കുന്നുണ്ട്.

ആപ്പിളിന്റെ കളി ഇതൊക്കെയെങ്കിൽ സ്റ്റാർബക്ക്സിന്റെ കളി ടോപ് അപ് കാർഡുകളിലൂടെയാണ്. സ്റ്റാർബക്ക്സ് ഉപയോക്താക്കൾക്കു കാർഡ് വാങ്ങാം, തുക അതിൽ ചേർത്ത് കാർഡ് ഉപയോഗിച്ച് ബില്ല് കൊടുക്കാം. പക്ഷേ അങ്ങനെ ഉപയോഗ്താക്കൾ ലോകമാകെ ടോപ് അപ് ചെയ്ത തുകയെത്ര? 160 കോടി ഡോളറാണത്രെ. 11000 കോടി രൂപയിലേറെ. ഈ തുക സ്റ്റാർബക്ക്സിന്റെ അക്കൗണ്ടിൽ കിടക്കും. ഉപയോഗിച്ചു തീരുന്നത് എത്രയോ കാലം കഴിഞ്ഞ്. കാശിട്ടിട്ട് കാർഡ്  ഉപയോഗിക്കാത്തവരുമുണ്ട്. ഉപയോക്താക്കൾ പലിശയില്ലാതെ പതിനൊന്നായിരം കോടി കൊടുത്തപോലാണ്.!

ഈ തുക എന്തിനു വേണമെങ്കിലും ചെലവഴിക്കാം. യാതൊരു ബാങ്കിംഗ് നിയന്ത്രണവുമില്ല. മൂന്ന് മാസം കൂടുമ്പോൾ 350 സ്റ്റോർ ലോകമാകെ തുറക്കുന്നു. ഉപയോക്താക്കളുടെ മുൻകൂർ കാശ് വച്ചുള്ള കളി ഇവിടുത്തെ കമ്പനികൾക്കും അനുകരിച്ചു നോക്കാവുന്നതാണ്. ടോപ്അപ് കാർഡ് തന്നെ ആകണമെന്നില്ല. വേറെയും വിദ്യകൾ കാണും ആലോചിച്ചു നോക്കുക.

ഒടുവിലാൻ∙ അമേരിക്കൻ ബ്രാൻഡാണെങ്കിലും ചൈനയിലെ ഐഫോൺ ഫാക്ടറിയിലൊരു ജോലി കിട്ടാൻ ക്യൂവാണ്. ചൈനീസ് വിപണി പിടിക്കുകയും ചെയ്തു. വർഷം 6000 കോടി ഡോളറിനാണ് അവിടെ വിൽപ്പന.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com