ചൈനയില്‍നിന്നു കടമെടുത്ത് മുടിഞ്ഞ് ശ്രീലങ്ക; മുതലെടുക്കാന്‍ ചൈന: സഹായിക്കുമോ ഇന്ത്യ

business-sreelanka
ഹംബൻതൊട്ട തുറമുഖം (വലത്)
SHARE

ശ്രീലങ്കയുടെ കേന്ദ്രബാങ്കിന്റെ ഗവർണർ സ്ഥാനത്തുനിന്ന് ഡബ്ല്യു.ഡി.ലക്ഷ്മൺ, വിരമിക്കൽ കാലാവധിയെത്തുംമുൻപ് നാളെ പടിയിറങ്ങുമ്പോൾ, അത് ആ പദവിയുടെയും രാജ്യത്തിന്റെയും നിസ്സഹായാവസ്ഥയുടെ നേർചിത്രമാകുന്നു. രണ്ടാഴ്ചയായി സാമ്പത്തിക അടിയന്തരാവസ്ഥ നിലനിൽക്കുകയാണ് നമ്മുടെ അയൽ രാജ്യത്ത്. കള്ളപ്പണം തടയാനൊന്നുമല്ല, ഭക്ഷ്യവിതരണം നിയന്ത്രിക്കാനാണ് സർക്കാർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. അത്ര രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്ന കാര്യത്തിൽ ശരിയായ നിലപാടല്ല സർക്കാരിന്റേത് എന്നു സൂചിപ്പിച്ചുകൊണ്ട് രാജി ്രപഖ്യാപിക്കുകയായിരുന്നു കേന്ദ്ര ബാങ്ക് ഗവർണർ. പകരമൊരാളെ ഇതുവരെ സർക്കാ‍ർ പ്രഖ്യാപിച്ചിട്ടില്ല.

ഭക്ഷ്യ വിഭവങ്ങളിൽ നല്ല പങ്കും ഇറക്കുമതി ചെയ്യുകയാണ് ശ്രീലങ്ക. പക്ഷേ ഇപ്പോൾ, ഇറക്കുമതിക്കാവശ്യമായ വിദേശനാണ്യശേഖരം തീരെക്കുറവ്. 2 മാസത്തിൽത്താഴെ ഇറക്കുമതി ആവശ്യങ്ങൾ നേരിടാനാവശ്യമായ വിദേശ നാണ്യശേഖരമേ ഇപ്പോൾ ലങ്കയുടെ പക്കലുള്ളൂ. 2019ൽ 750 കോടി ഡോളർ ആയിരുന്ന ശേഖരത്തിലിപ്പോൾ 280 കോടി ഡോളർ മാത്രം. കോടാനുകോടി ഡോളറിന്റെ വിദേശ കടങ്ങളുടെ തിരിച്ചടവിനും അവശ്യസാധനങ്ങളുടെ ഇറക്കുമതിക്കുമായി അതേ ഇനി ബാക്കിയുള്ളൂ. സമ്പദ്നിലയുടെ കണക്കായ മൊത്തം ആഭ്യന്തര ഉൽപാദനത്തെക്കാൾ (ജിഡിപി) കൂടുതലാണ് (109.7%) ശ്രീലങ്കയുടെ കടം.

രാഷ്ട്രീയ അനിശ്ചിതത്വങ്ങളും കുടുംബവാഴ്ചയുടെ സ്വഭാവമുള്ള ഭരണനേതൃത്വത്തിന്റെ സ്ഥാപിത താൽപര്യങ്ങളും മുൻപിൻ നോക്കാത്ത തീരുമാനങ്ങളും ചൈനയോടുള്ള അമിത ആശ്രിതത്വവുമൊക്കെ ശ്രീലങ്ക എന്ന ദ്വീപു രാജ്യത്തെ വെള്ളത്തിലാക്കുകയാണെന്ന് രാജ്യാന്തര നിരീക്ഷകർ വിലയിരുത്തുന്നു. ഉൽപന്നം പൂഴ്ത്തിവയ്പുകാരെ നേരിടാനാണ് അടിയന്തരാവസ്ഥ എന്നു സർക്കാർ പറയുന്നുണ്ടെങ്കിലും, റേഷൻ കടകളിൽനിന്ന് അരിയും പഞ്ചസാരയുമടക്കമുള്ള ഭക്ഷ്യസാധനങ്ങൾ വാങ്ങാനുള്ള നീണ്ട ക്യൂ ആണിപ്പോൾ ലങ്കയുടെ ചിത്രം. 

വിദേശനാണ്യം സംരക്ഷിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി ഒട്ടേറെ അവശ്യസാധനങ്ങളുടെയും വാഹനങ്ങൾ അടക്കമുള്ള ഉൽപന്നങ്ങളുടെയും ഇറക്കുമതി, ഗോട്ടബയ രാജപക്സയുടെ നേതൃത്വത്തിലുള്ള ഇപ്പോഴത്തെ സർക്കാർ നിരോധിച്ചു. ഇങ്ങനെ, രാസവളം ഇറക്കുമതിയുടെ പൂർണമായി നിരോധിച്ചതിനെ ന്യായീകരിക്കാൻ എന്നവണ്ണം, ‘സമ്പൂർണ ജൈവകൃഷിയേ’ ഇനി പാടുള്ളൂ എന്നൊരു നിയമവും പാസ്സാക്കി. ജൈവകൃഷി പടിപടിയായി നടപ്പാക്കിയാൽപ്പോലും ഉൽപാദനവും വരുമാനവും കുറയും എന്നിരിക്കെ, ഒറ്റയടിക്ക് ജൈവകൃഷി അടിച്ചേൽപിച്ചപ്പോൾ ഭക്ഷ്യോൽപാദനം കുത്തനെ ഇടിഞ്ഞു. പഞ്ചസാരയ്ക്കും ധാന്യങ്ങൾക്കുമൊക്കെ ഇപ്പോൾ ക്ഷാമം. തേയിലയും റബറും പോലെ കയറ്റുമതി വരുമാനം നേടിക്കൊടുത്തുകൊണ്ടിരുന്ന കൃഷിമേഖലയും ‘ജൈവ’ഭീഷണിയിൽ കണ്ണുതള്ളിനിൽക്കുന്നു.

കോവിഡ് രണ്ടാം തരംഗവും മൂന്നാം തരംഗവും നേരിടാൻ പാടുപെടുന്ന രാജ്യത്തിന്റെ മുഖ്യവരുമാന മാർഗങ്ങളിലൊന്നായ ടൂറിസം കരകയറാത്തതാണ് വിദേശനാണ്യവരവ് കുത്തനെ കുറയാൻ മുഖ്യ കാരണം. 2019 ഈസ്റ്റർ വേളയിലെ ഭീകരാക്രമണങ്ങൾക്കുശേഷം ടൂറിസം താഴേക്കുതന്നെയാണ്. കോവിഡ് വന്നതോടെ തകർച്ച പൂർണമായി. കയറ്റുമതിയും പ്രവാസി ലങ്കക്കാരിൽനിന്നുള്ള പണം വരവും കോവിഡ് മൂലം കുറഞ്ഞു.

പണലഭ്യത കുറച്ച് വിലക്കയറ്റം നിയന്ത്രിക്കാൻ ലക്ഷ്യമിട്ട് കേന്ദ്രബാങ്ക് ഈയിടെ വായ്പകളുടെ പലിശനിരക്ക് ഉയർത്തുകയും ചെയ്തു. കോവിഡ് കാലത്ത് ഏഷ്യയിൽ ആദ്യമായി പലിശനിരക്കു കൂട്ടിയത് ശ്രീലങ്കയാണ്. പക്ഷേ അത് ജനത്തിന്റെ ബുദ്ധിമുട്ട് കൂട്ടുകയേ ചെയ്തുള്ളൂ.

സാമ്പത്തികനില തകരാറിലായതിനാൽ ശ്രീലങ്കൻ രൂപയുടെ വിനിമയമൂല്യം കുത്തനെ ഇടിയുകയുമാണ്. അതിനാൽ ഭക്ഷ്യോൽപന്നങ്ങൾ ഇറക്കുമതി ചെയ്താൽത്തന്നെ വലിയ വില. വിദേശനാണ്യവ്യാപാരത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നതിനാൽ, ആഗോള വിപണിയുടെ പോക്കനുസരിച്ച് ഇറക്കുമതി നടത്താൻ വ്യവസായികൾക്കു പ്രയാസവുമുണ്ട്. ഇങ്ങനെ, പരസ്പര ബന്ധിതമായ പല ഘടകങ്ങൾ ഒന്നിച്ച് തകരാറിലായി എന്ന അവസ്ഥ നേരിടാൻ രാജ്യാന്തര നാണ്യനിധിയുടെ (ഐഎംഎഫ്) സഹായം തേടണമെന്നാണ് മറ്റു പലരെയും പോലെ കേന്ദ്ര ബാങ്ക് ഗവർണറും പറയുന്നത്.

എന്നാൽ സർക്കാ‍ർ അതിലേക്ക് എത്തിയിട്ടില്ല. ബംഗ്ലദേശിൽനിന്നും ചൈനയിൽനിന്നുമൊക്കെ സഹായം സ്വീകരിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. വികസനപദ്ധതികൾക്കായി  ചൈനയിൽനിന്നു കടം വാങ്ങിയതിന്റെ തിരിച്ചടവു പ്രതിസന്ധിയിലായപ്പോൾ, പ്രശസ്തമായ ഹംബൻതൊട്ട രാജ്യാന്തര തുറമുഖവും ചേർന്നുള്ള 1500 ഏക്കറും 99 വർഷത്തേക്ക് ചൈനയ്ക്ക് കൈമാറേണ്ടിവന്നിട്ടും, കരകയറാന‍ാവശ്യമായ സാമ്പത്തിക തന്ത്രങ്ങൾ സ്വീകരിക്കുന്നതിൽ സർക്കാർ പരാജയപ്പെടുകയാണെന്ന് നിരീക്ഷകർ പറയുന്നു.

ഇന്ത്യയിൽനിന്ന്, ഇന്ധനവും ഔഷധവും ഉരുക്കും തുണിയും ഭക്ഷ്യോൽപന്നങ്ങളും വാഹനങ്ങളുമൊക്കെയായി 320– 350 കോടി ഡോളറിന്റെ ഉൽപന്നങ്ങൾ പ്രതിവർഷം ലങ്ക വാങ്ങുന്നുണ്ട്. ചൈനയിൽനിന്നുള്ള ഇറക്കുമതി ഇതിനെക്കാൾ അൽപം കൂടുതലാണ്. പുതിയ സാമ്പത്തിക പ്രതിസന്ധിസാഹചര്യത്തിൽ, ലങ്ക ചൈനയോടുള്ള വ്യാപാരബന്ധം കൂട്ടിയേക്കുമെന്ന വിലയിരുത്തലുമുണ്ട്. 

നിലവിൽ, ലങ്കയിലെ ഇറക്കുമതിക്കാർ പണം നൽകുന്നതിൽ വീഴ്ച വരുത്തിയിട്ടില്ലെങ്കിലും വരുംദിനങ്ങളിൽ അതിനു സാധ്യതയുണ്ടെന്ന് ഇന്ത്യയിലെ കയറ്റുമതിക്കാർ ആശങ്കപ്പെടുന്നു. ഡോളറിനുപകരം, ലങ്കൻ രൂപയിൽ പണം നൽകാൻ ഇന്ത്യ സർക്കാർ തലഇടപെടൽ നടത്തണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്. ഇപ്പോഴത്തെ സാഹചര്യം ചൈന മുതലെടുക്കുന്നതു തടയാൻ ഇന്ത്യ, ലങ്കയുമായുള്ള സാമ്പത്തിക നയതന്ത്രം ശക്തിപ്പെടുത്തണമെന്നും വ്യവസായികൾ പറയുന്നു.

English Summary: Financial Crisis st Ari Sri Lanka

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA