സംരംഭകരുടെ പരാതി തീർക്കാൻ കോടതി അധികാരത്തോടെ സംവിധാനം

pocso-court
പ്രതീകാത്മക ചിത്രം
SHARE

മലപ്പുറം ∙ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥരിൽ നിന്നു പിഴ ചുമത്താനുള്ള അധികാരത്തോടെ സംസ്ഥാനത്ത് വ്യവസായ സംരംഭകർക്കായി പരാതി പരിഹാര സംവിധാനം തുടങ്ങിയതായി മന്ത്രി പി.രാജീവ്. വ്യവസായം ആരംഭിക്കൽ, നടത്തിപ്പ്, അനുബന്ധ പ്രശ്നങ്ങൾ പരിഹരിക്കൽ എന്നിവയ്ക്കുള്ള സിവിൽ കോടതിയുടെ അധികാരമുള്ള സംവിധാനമാണ് പ്രാബല്യത്തിൽ വന്നത്. 5 കോടി രൂപവരെ മുടക്കിയുള്ള വ്യവസായങ്ങളുമായി ബന്ധപ്പെട്ട പരാതികൾ ജില്ലാതലത്തിലും അതിനു മുകളിൽ മുതൽമുടക്കുള്ളവ സംസ്ഥാനതലത്തിലും പരിഹരിക്കാനുള്ള സംവിധാനമാണിത്.

ജില്ലാതല പരാതികളിലെ അപ്പീൽ സംസ്ഥാനതല സമിതി പരിഹരിക്കും. ഒരാഴ്ചയ്ക്കുള്ളിൽ തന്നെ ജില്ലാതല, സംസ്ഥാനതല സമിതികൾ രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു.കലക്ടർ ചെയർമാനും ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ കൺവീനറുമായാണ് ജില്ലാതല സമിതി. പരാതി ലഭിച്ച് 5 ദിവസത്തിനുള്ളിൽ ജില്ലാതല സമിതി റിപ്പോർട്ട് ആവശ്യപ്പെടും. 7 ദിവസത്തിനകം ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ റിപ്പോർട്ട് നൽകണം. 30 ദിവസത്തിനകം പരാതി തീർപ്പാക്കിയില്ലെങ്കിൽ സംസ്ഥാനതല സമിതിക്ക് അപ്പീൽ നൽകാം.

ഓരോ മാസവും ആദ്യ പ്രവൃത്തിദിവസം സമിതി യോഗം ചേരും. പരാതികൾ 30 ദിവസത്തിനകം തീർപ്പാക്കണം. സംസ്ഥാന സമിതിയെടുത്ത തീരുമാനം 15 ദിവസത്തിനുള്ളിൽ നടപ്പാക്കുന്നതിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥരിൽ നിന്നു ദിവസം 250 രൂപ എന്ന നിരക്കിൽ 10,000 രൂപയിൽ കവിയാത്ത പിഴ ചുമത്തും. വകുപ്പുതല നടപടിക്കും ശുപാർശ ചെയ്യും. സിവിൽ കോടതിയുടെ അധികാരം നിയമപരിരക്ഷയുള്ള പരാതി പരിഹാര സംവിധാനത്തിനുള്ളതിനാൽ രേഖകൾ, പ്രമാണങ്ങൾ എന്നിവ കണ്ടെത്താനും തെളിവുകൾ ശേഖരിക്കാനും സാക്ഷികളെ വിസ്തരിക്കാനും സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA