ADVERTISEMENT

അയൽ ജില്ലയിൽനിന്നു കാറുംപിടിച്ചെത്തിയിരിക്കുകയാണ് ഒരു പട! അമ്മാവനും അമ്മായിയും അളിയനും ചിറ്റപ്പനും പിന്നെ കല്യാണപ്പെണ്ണ് ഉൾപ്പടെയുള്ള പിള്ളാരു സെറ്റുമുണ്ട്. കല്യാണത്തിനു സ്വർണമെടുക്കാനുള്ള ആഘോഷ വരവാണ്. കൂട്ടി വച്ചിരുന്ന ലക്ഷങ്ങൾ പൊട്ടിക്കാൻ തയാറെടുത്തതിനാൽ ലാവിഷ്!

കാർ സ്വർണക്കടയ്ക്കു മുന്നിൽ നിർത്തിയിട്ട് ആണുങ്ങൾ അകത്ത് കയറി. 50 പവന്റെ ആഭരണം വേണം, എന്തു വിലവരും? കടക്കാർ അന്നത്തെ സ്വർണവിലയും ജിഎസ്ടിയും പണിക്കൂലിയുമെല്ലാം കൂട്ടി ഒരു കടലാസ് തുണ്ട് നൽകി. അതുമായി അടുത്ത സ്വർണക്കടയിലേക്ക്. അങ്ങനെ രണ്ടു മൂന്നിടത്തു കയറിയിട്ട് അവസാനം എവിടെ നിന്ന് ആഭരണം എടുക്കണമെന്ന് അവർ നേരത്തേ തന്നെ മനസ്സിൽ ഉറപ്പിച്ചിരുന്നോ അവിടെത്തന്നെ തിരിച്ചു വരുന്നു.

മറ്റു കടക്കാർ നൽകിയ തുണ്ടുകൾ കാണിക്കും. ദേ അവരൊക്കെ ഇത്ര കുറച്ചു തരാമെന്നു പറഞ്ഞിട്ടുണ്ട്. നിങ്ങൾ എന്തു പറയുന്നു? നാടൻ രീതിയിലുള്ള ക്വട്ടേഷൻ എടുക്കലാണിത്. ബൾക്ക് സെയിൽ വിട്ടുകളയാനൊക്കാത്തതിനാൽ കടക്കാർ പണിക്കൂലിയിലും മറ്റും പലവിധ അഡ്ജസ്റ്റ്മെന്റുകൾ നടത്തി മറ്റു തുണ്ടുകളിലെ തുകയെക്കാൾ കുറയ്ക്കുന്നു. അനന്തരം കാറിൽ നിന്നു സ്ത്രീജനങ്ങളെല്ലാം അകത്തേക്കും ആണുങ്ങൾ പുറത്തേക്കും. ആഭരണം സിലക്‌ഷൻ കഴിയുമ്പോൾ മണിക്കൂറുകളാവും. ആണുങ്ങൾ തിരികെച്ചെന്ന്, എടുത്തു വച്ച പണ്ടങ്ങൾ നോക്കി, കല്ലും പേളും കൂടുതലുള്ള ഉരുപ്പടികളെല്ലാം മാറ്റിക്കുന്നു. നമുക്ക് കട്ടി സ്വർണം മതി. പണയം വയ്ക്കാനും വിൽക്കാനും അതാ സൗകര്യം.

നേരത്തേ പറഞ്ഞ തുകയിൽനിന്നു പിന്നെയും വിലപേശി കുറപ്പിച്ചിട്ട്  ബില്ലും കൊടുത്ത് സ്ഥലം കാലിയാക്കുന്നു. ചെറുക്കൻ കൂട്ടരും പെൺകൂട്ടരും ഒരുമിച്ചാണു സ്വർണമെടുക്കാൻ വന്നതെങ്കിൽ ചില കശപിശകളും കണ്ടേക്കും. കേരളത്തിൽ എവിടെയും സാധാരണക്കാരുടെ മാത്രമല്ല അസാധാരണക്കാരുടേയും ഷോപ്പിങ് ശീലങ്ങൾ ഇങ്ങനൊക്കെയാണ്! അതിലൊരു മിടുക്കും ഉണ്ടെന്നു പറയാതിരിക്കാനാവില്ല. ഉപയോക്താവിനെ കിങ് എന്നു വിളിച്ചാലും പോര, കിങ്‌കോങ്!

വീടുപണിക്ക് ടൈലും സാനിറ്ററി സാധനങ്ങളും എടുക്കുമ്പോഴും ഇതേ മാതിരി നാടൻ ക്വട്ടേഷനുകളുണ്ട്. ലിസ്റ്റുമായി വരും. ഒരിടത്തു കാണിച്ചിട്ട് അവർ നൽകുന്ന കടലാസ് തുണ്ടുമായി മറ്റു കടകളിൽ കയറും. പലനിലകളിലായി ടൈലുകളുടെ ഷോറൂമുകളിലാണെങ്കിൽ സിലക്‌ഷനിടെ ദമ്പതികൾ തമ്മിലായിരിക്കും കശപിശ. ഭർത്താവിന് ഇഞ്ചി പക്ഷം ഭാര്യയ്ക്ക് കൊഞ്ചുപക്ഷം!  എംആർപി ഇല്ലാത്ത സാധനങ്ങളാണെങ്കിൽ അതു വാങ്ങുന്നതിൽ മലയാളി ഉപഭോക്താക്കൾ ജഗജില്ലികളാണേ...!

ഒടുവിലാൻ∙ ഇതേ കല്യാണപ്പാർട്ടി തുണിക്കടയിൽ കയറുമ്പോഴോ? കല്യാണ സാരി വില അരലക്ഷം രൂപ! ഒരു രൂപ പോലും കുറയില്ല. അവിടെ വില പേശലില്ല. വസ്ത്രങ്ങളിൽ ഒട്ടിച്ചിരിക്കുന്ന വില മുഴുവൻ കൊടുത്ത് പാട്ടും പാടി പോകും.

Content Highlight: Business Boom

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com