ADVERTISEMENT

Q- ഞങ്ങളുടെ സ്ഥാപനത്തിലെ തൊഴിലാളികൾക്കു ശമ്പളത്തോടൊപ്പം എല്ലാ മാസവും യാത്രാബത്തയായി നൽകിവന്നിരുന്ന തുകയിൽ ഇഎസ്ഐ വിഹിതം അടയ്ക്കാറില്ല. അടുത്ത കാലത്ത് സ്ഥാപനത്തിൽ നടത്തിയ ഇൻസ്പെക്‌ഷനെത്തുടർന്ന്, കഴിഞ്ഞ 5 വർഷം ഞങ്ങൾ നൽകിയ യാത്രാബത്തയിന്മേൽ 4 ലക്ഷത്തോളം രൂപ അടയ്ക്കണം എന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. നിയമവശം എന്താണ്?

A- ഇഎസ്ഐ നിയമത്തിലെ ചട്ടം 51 അനുസരിച്ച് തൊഴിലാളിക്കു നൽകുന്ന വേതനത്തിന്റെ നിശ്ചിത ശതമാനമാണ് അംശദായമായി മാസം തോറും അടയ്ക്കേണ്ടത്. വകുപ്പ് 2(22) പ്രകാരം യാത്രാബത്ത, വേതനം എന്ന നിർവചനത്തിന്റെ പരിധിയിൽ വരില്ല. അതിനാൽ യാത്രാബത്തയിന്മേൽ അംശദായം അടയ്ക്കേണ്ടതില്ല എന്ന നിലപാടാണ് ഇഎസ്ഐ അധികൃതർ തുടക്കം മുതലേ കൈക്കൊണ്ടുവന്നിരുന്നത്. എന്നാൽ കർണാടക ഹൈക്കോടതി, ഒരു കേസിൽ സ്ഥാപനം തൊഴിലാളികൾക്കു യാത്രാബത്ത നൽകുന്നത് വേതനക്കരാറിന്റെ ഭാഗമായിട്ടായതിനാൽ അത് വേതനം എന്ന നിർവചനത്തിന്റെ പരിധിയിൽ വരും എന്ന വിധി പുറപ്പെടുവിക്കുകയുണ്ടായി.

ആ വിധിയെത്തുടർന്ന് ഇഎസ്ഐ അധികൃതർ 2002 മാർച്ച് 21നു പുറപ്പെടുവിച്ച സർക്കുലർ വഴി യാത്രാബത്തയിൻമേലും അംശദായം അടയ്ക്കണം എന്നു നിഷ്കർഷിച്ചു. പ്രസ്തുത സർക്കുലർ നിയമാനുസൃതമല്ല എന്ന വിധികൾ മദ്രാസ്, ആന്ധ്രാപ്രദേശ് ഹൈക്കോടതികളിൽ നിന്നു പിന്നീടുണ്ടായി കേരള ഹൈക്കോടതിയും യാത്രാബത്ത വേതനം എന്ന നിർവചനത്തിന്റെ പരിധിയിൽ വരാത്തതിനാൽ അംശദായം അടയ്ക്കേണ്ടതില്ല എന്ന വിധി പുറപ്പെടുവിച്ചു. പക്ഷേ, ഇഎസ്ഐ അധികൃതർ യാത്രാബത്ത വേതനത്തിന്റെ ഭാഗമാണ് എന്ന നിലപാടിൽ മാറ്റം വരുത്താതെ തുടർന്നും യാത്രാബത്തയിന്മേൽ അംശാദായം ഈടാക്കി വരുകയാണുണ്ടായത്.

ഈ തർക്കത്തിൽ കോയമ്പത്തൂരിലെ ടെക്സ്മോസ് ഇൻഡസ്ട്രീസിന് അനുകൂലമായി മദ്രാസ് ഹൈക്കോടതി പുറപ്പെടുവിച്ച വിധിക്കെതിരെ ഇഎസ്ഐ കോർപറേഷൻ സുപ്രീം കോടതിയെ സമീപിച്ചു. സുപ്രീം കോടതി ഈയിടെ പുറപ്പെടുവിച്ച വിധിയിൽ ഇഎസ്ഐ അധികൃതരുടെ നിലപാടിനെ നിരാകരിക്കുകയാണുണ്ടായത്. ഈ വിധിയുടെ അടിസ്ഥാനത്തിൽ താങ്കൾക്ക് ഇഎസ്ഐ അധികൃതർക്കു മറുപടി നൽകാവുന്നതാണ്. സുപ്രീം കോടതിയുടെ അന്തിമ വിധി തൊഴിലുടമകൾക്ക് അനുകൂലമായതിനാൽ താങ്കൾക്കെതിരെ തുടർനടപടികൾ ഉണ്ടാകാനുള്ള സാധ്യതയില്ല.

Content Highlights: Travel Allowance, ESI

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com