ADVERTISEMENT

കൊച്ചി ∙ കോവിഡ് പ്രതിസന്ധി ഒരു പരിധിവരെയെങ്കിലും പിന്നിട്ടതോടെ, കുഞ്ഞുടുപ്പുകളിലൂടെ ശ്രദ്ധിക്കപ്പെട്ട പോപ്പീസ് വിപണി സാന്നിധ്യം വർധിപ്പിക്കുന്നു. സ്വന്തം ഔട്ട്‌ലെറ്റുകളും ഫ്രാഞ്ചൈസി മാതൃകയിലുമുള്ള എക്‌സ്‌ക്ലൂസിവ് ഔട്ട്‌ലെറ്റുകളും 100 കടത്തുകയാണ് ലക്ഷ്യമെന്ന് പോപ്പീസ് എംഡി ഷാജു തോമസ് പറഞ്ഞു. നിലവില്‍ 32 എക്‌സ്‌ക്ലൂസീവ് ഔട്ട്‌ലെറ്റുകളാണ് ഇവർക്കുള്ളത്. ഇതിൽ 25 എണ്ണവും കഴിഞ്ഞ രണ്ടു വർഷത്തിനിടെ തുടങ്ങിയതാണ്. ബ്രാന്‍ഡിന്റെ ആദ്യ വിദേശ ഔട്ട്‌ലെറ്റുകള്‍ക്ക് യുകെയിലെ ലണ്ടനിലും മാഞ്ചസ്റ്ററിലും തുടക്കമിടാനും കമ്പനി തയാറെടുക്കുന്നു.

കോവിഡ് തുടങ്ങിയ ശേഷവും കുഞ്ഞുടുപ്പുകൾക്ക് വിപണിയിൽ ആവശ്യം ഉയർന്നത് ഉൽപാദന മേഖലയ്ക്കു പ്രതീക്ഷ നൽകുന്നുണ്ട്. ഇതോടെ വിൽപനശാലകളുടെ എണ്ണം കൂട്ടാൻ തീരുമാനിക്കുകയായിരുന്നെന്നു ഷാജു പറഞ്ഞു. 5 വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ പോപ്പീസ് എക്‌സ്‌ക്ലൂസീവ് ഔട്ട്‌ലെറ്റുകളുടെ എണ്ണം 500 ആക്കുകയാണു ലക്ഷ്യം. കഴിഞ്ഞ സാമ്പത്തിക വര്‍ഷം നേടിയ 134 കോടിയുടെ വിറ്റുവരവില്‍ 5-8% മാത്രമാണ് കയറ്റുമതി വിഹിതം. ഇത് വര്‍ധിപ്പിക്കാനും ആലോചിച്ചിട്ടുണ്ട്.

ഈ വര്‍ഷം 200 കോടിയുടെ വിറ്റുവരവാണ് പ്രതീക്ഷിക്കുന്നത്. 5 വര്‍ഷത്തിനുള്ളില്‍ 1000 കോടി ടേണോവറാണ് ലക്ഷ്യം. ഇ-കോമേഴ്‌സ് രംഗത്തെ സാന്നിധ്യം വിപൂലീകരിക്കാനും ഒരുങ്ങി. സ്വന്തം ബ്രാന്‍ഡില്‍ കുഞ്ഞുടുപ്പുകള്‍ വില്‍ക്കുന്ന അപൂര്‍വം കുഞ്ഞുടുപ്പു നിര്‍മാതാക്കളിലൊന്നാണ് പോപ്പീസ്. ദക്ഷിണേന്ത്യയില്‍ നിരവധി നിര്‍മാണക്കമ്പനികൾ ഉണ്ടെങ്കിലും വിദേശ ലേബലുകള്‍ക്കു കരാര്‍ നിര്‍മാണരംഗത്താണ് ഏറെ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നത്. വികസനത്തിന്റെ ഭാഗമായി കളിപ്പാട്ടങ്ങള്‍, ഡയപ്പറുകള്‍, ആക്‌സസറികള്‍ എന്നിവ കൂട്ടിച്ചേര്‍ത്ത് ഉല്‍പന്നനിര വിപുലീകരിക്കാനും പദ്ധതിയുണ്ട്.

മൂന്ന് പ്ലാന്റുകളിലായി 2000 ത്തിലേറെപ്പേര്‍ ജോലി ചെയ്യുന്ന കമ്പനിക്ക് മാസം തോറും 5 ലക്ഷം ഗാര്‍മെന്റുകള്‍ നിര്‍മിക്കാനാകും. കുഞ്ഞുടുപ്പുകൾക്കു പുറമേ ഡെനിം ഗാര്‍മെന്റ്‌സ്, വൂവന്‍ ഫേബ്രിക്‌സ് ഗാര്‍മെന്റ്‌സ്, സ്ത്രീകള്‍ക്കുള്ള മറ്റേണിറ്റി വെയര്‍ എന്നിവയും നിര്‍മിക്കുന്നു.  ദക്ഷിണേന്ത്യയില്‍നിന്നുള്ള ആദ്യ ബേബി സോപ്പും ഈയിടെ വിപണിയിലിറക്കി. ബേബി ഓയില്‍, വൈപ്‌സ്, ബാത് ജെല്‍, ബേബി ഷാംപൂ എന്നിവയും ഈയിടെ തുടക്കമിട്ട ഉല്‍പന്ന വിഭാഗങ്ങളാണ്. ഇന്ത്യയില്‍ ഇത്തരം എല്ലാ ഉല്‍പന്നങ്ങള്‍ക്കും വരുംനാളുകളില്‍ വന്‍ വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. 

English Summary: Popees Baby Care to expand retail presence in South

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com