ADVERTISEMENT

ചൈനയിലെ വമ്പൻ റിയൽ എസ്റ്റേറ്റ് കമ്പനിയായ എവർഗ്രാൻഡെ 2 ബോണ്ടുകളുടെ പലിശയിനത്തിൽ 12 കോടി ഡോളർ (900 കോടി രൂപ) നൽകാനുള്ള അവസാന ദിനമാണു നാളെ. നൽകാൻ കഴിഞ്ഞില്ലെങ്കിൽ ചൈനീസ് ബാങ്കിങ് മേഖലയ്ക്കാകെ കനത്ത അടിയായേക്കും. ലോകമാകെ ധനകാര്യവിപണികളെ അതു തകർച്ചയിലേക്കു നയിച്ചേക്കുമെന്നാണ് ആശങ്ക. കോവിഡ് മഹാമാരി തുടങ്ങി വിട്ട ചൈന ധനകാര്യ മഹാമാരിക്കു തു‍ടക്കമിടുകയാണോ എന്ന ചങ്കിടിപ്പിലാണു ലോകം.

ഇതിനകം ചൈനീസ്, ഹോങ്‌കോങ് വിപണികളും നാസ്ഡാക്കും ഡൗ ജോൺസും സെൻസെക്സും ഉൾപ്പെടെ ആഗോള ഓഹരി വിപണികളിൽ ഇടിവുണ്ടായിട്ടുണ്ട്. നിക്ഷേപകർ ഉൽകണ്ഠയിൽ നിക്ഷേപം വിറ്റുമാറുന്ന പ്രവണത വിപണികളിൽ വ്യാപകമായി. 2008ൽ അമേരിക്കയിലെ ലീമാൻ ബ്രദേഴ്സ് പൊട്ടി ലോകമാകെ സാമ്പത്തിക മാന്ദ്യം വന്ന പോലാവുമോ എന്നും സന്ദേഹമുണ്ട്. ചൈനീസ് പാർപ്പിട വിപണി തകരാതിരിക്കാൻ എന്തു നടപടി സ്വീകരിക്കുമെന്നു സർക്കാർ ഇതുവരെ സൂചന നൽകിയിട്ടില്ല.

കടം വാങ്ങിക്കൂട്ടി, പണി കിട്ടി

അതിരുവിട്ടുള്ള വളർച്ച നേടാൻ അമിതമായി കടമെടുക്കുക എന്ന ചൈനീസ് നയത്തിന്റെ പരിണതഫലമാണ് എവർഗ്രാൻഡെയുടെ തകർച്ച. അവരുടെ വായ്പകൾ 30,000 കോടി ഡോളറിന്റേതാണ്. ഏകദേശം 22 ലക്ഷം കോടി രൂപ. ചൈനയിലെ 280 നഗരങ്ങളിലായി അവർ വർഷം 6 ലക്ഷം പാർപ്പിടങ്ങൾ നിർമിച്ചു വിറ്റിരുന്നു. ലോകത്തെ തന്നെ ഏറ്റവും വലിയ റിയൽ എസ്റ്റേറ്റ് കമ്പനികളിലൊന്ന്. നിലവിൽ എവർഗ്രാൻഡെയുടെ 800 പദ്ധതികൾ അപൂർണമാണ്, പണം അടച്ച 10 ലക്ഷം പേർക്കു പാർപ്പിടം കിട്ടിയില്ല. കരാറുകാർക്കു കിട്ടാനുള്ളത് ഏഴര ലക്ഷം കോടി രൂപ! പലരുടേയും ജീവിത സമ്പാദ്യം തന്നെ എവർഗ്രാൻഡെ വിഴുങ്ങി. അവർ ഷെൻസെൻ നഗരത്തിലെ കമ്പനി ആസ്ഥാനം ഉൾപ്പെടെ എല്ലാ ഓഫിസുകളിലും ഇടിച്ചു കയറി പ്രതിഷേധവും ധർണയും നടത്തി. 

പറ്റാത്ത പണിക്കും പോയി പണി വാങ്ങി

കെട്ടിട നിർമാണ ബിസിനസിനു പുറമേ മറ്റുപല രംഗങ്ങളിലേക്കും കടന്നു നഷ്ടം വരുത്തിയതാണു പ്രതിസന്ധിക്കു കാരണമെന്നും പറയപ്പെടുന്നു. ഫുട്ബോൾ ക്ലബ് വാങ്ങി, ഫുട്ബോൾ അക്കാദമിയും കൂറ്റൻ സ്റ്റേഡിയവും സ്ഥാപിച്ചു. ഇലക്ട്രിക് കാറുകളുടെ കമ്പനി വരെ തുടങ്ങി. ഇതിനെല്ലാം കടം വാങ്ങിയ ശതകോടികൾ തിരിച്ചടയ്ക്കാൻ പറ്റാതായി. എവർഗ്രാൻഡെയുടെ ഓഹരിവില 87% ഇടിഞ്ഞു.

ചൈനീസ് പ്രതിസന്ധി പകർച്ച വ്യാധിയാവാൻ സാധ്യത കുറവാണ്. 2008ലെ അമേരിക്കൻ പ്രതിസന്ധിയിൽ ഗവൺമെന്റ് ധനസഹായം നൽകി ഒട്ടേറെ ബാങ്കുകളെ രക്ഷിച്ചിരുന്നു. ചൈനയിലെ സർക്കാർ നിയന്ത്രിത കാപിറ്റലിസ്റ്റ് വ്യവസ്ഥയിൽ തകർച്ച തടയാൻ സർക്കാർ ഇടപെടുമെന്നതിൽ സംശയമില്ല.

ചൈനയിൽ പൊതു അവധിയുടെ ഭാഗമായി അടഞ്ഞു കിടക്കുന്ന ഓഹരിവിപണി നാളെ തുറക്കുമ്പോൾ എന്തു സംഭവിക്കും? ലോക സമ്പദ് വ്യവസ്ഥയുടെ അടുത്ത വീഴ്ചയുടെ തുടക്കം ചൈനയിൽ നിന്നാവും എന്ന ഒട്ടേറെ വിദഗ്ധരുടെ പ്രവചനം യാഥാർഥ്യമാവുമോ എന്നാണു ലോകം ഉറ്റുനോക്കുന്നത്.

ഓഹരി വിപണി കയറി

ചൈനയിലെ എവർഗ്രാൻഡെയുടെ പ്രതിസന്ധി ഉയർത്തുന്ന ആശങ്കയ്ക്കിടയിലും ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്നലെ നേട്ടത്തിന്റെ ദിവസം. ഐടി, ഫിനാൻസ്, ലോഹ ഓഹരികൾ നേട്ടം കൊയ്തു. സെൻസെക്സ് 514.34 പോയിന്റ് കൂടി 59,005.27 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 165.10 പോയിന്റ് നേട്ടത്തോടെ 17,562 ലും വ്യാപാരം അവസാനിപ്പിച്ചു. ആഗോള വിപണിയിലും ഉണർവ് പ്രകടമായിരുന്നു. അതേസമയം, രൂപ ഡോളറുമായുള്ള വിനിമയത്തിൽ 13 പൈസ നേട്ടത്തോടെ 73.61 എന്ന നിലവാരത്തിലെത്തി.

china-yuan-

ലീമാൻ ബ്രദേഴ്‌സിന്  അന്ന് സംഭവിച്ചതെന്ത്

ആഗോള സാമ്പത്തിക രംഗത്തെ തകിടം മറിച്ച സംഭവമായിരുന്നു അമേരിക്കയിലെ ലീമാൻ ബ്രദേഴ്‌സ് ഹോൾഡിങ് ഇൻകോർപറേറ്റഡിന്റെ തകർച്ച. 158 വർഷത്തെ പ്രവർത്തനചരിത്രമുള്ള ലീമാൻ 2008 സെപ്‌റ്റംബർ 15നാണ് 63,000 കോടി ഡോളറിന്റെ ബാധ്യതയുമായി പാപ്പർ ഹർജി സമർപ്പിച്ചത്. പരിമിത മൂലധനത്തിന്റെ പിൻബലത്തിൽ സുരക്ഷിതമല്ലാത്ത വായ്‌പകൾ വാരിക്കോരി നൽകിയതാണു ലീമാന്റെ അടിത്തറ തകർത്തത്.

ലീമാന്റെ തകർച്ചയ്‌ക്കു പിന്നാലെ ലോകത്തിലെ വൻകിട ബാങ്കുകളും ധനസ്‌ഥാപനങ്ങളും കടുത്ത പ്രതിസന്ധിയെ നേരിട്ടു. ഇന്ത്യ ഉൾപ്പെടെ ആഗോള സാമ്പത്തിക മേഖലയെ പിടിച്ചുലച്ചു. ഓഹരിവിപണികളും മൂക്കു കുത്തി. 

ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ കണക്കു പ്രകാരം ആഗോള പ്രതിസന്ധി വരുത്തിവച്ച നഷ്‌ടം ഏകദേശം 2,80,000 ലക്ഷംകോടി ഡോളറാണ്. പ്രതിസന്ധിയിൽ പിടിച്ചു നിൽക്കാൻ അമേരിക്ക ഉൾപ്പെടെ വൻകിട രാജ്യങ്ങൾ കോടിക്കണക്കിനു ഡോളറിന്റെ സാമ്പത്തിക ഉത്തേജക പദ്ധതികളാണ് നടപ്പാക്കിയത്.

English Summary: Evergrande crisis impact in global market

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com