കുരുമുളകിന് ഈ വർഷത്തെ ഏറ്റവും കൂടിയ വില

pepper
SHARE

കുരുമുളകു വിലയിൽ ദിവസേന കുതിപ്പ്. തുടർച്ചയായ കുതിപ്പിൽ വില ഈ വർഷത്തെ ഏറ്റവും കൂടിയ നിലവാരത്തിലെത്തി. ഉത്തരേന്ത്യയിൽനിന്നുള്ള ഉത്സവകാല ഡിമാൻഡിലുണ്ടായ വൻ വർധനയാണു വില വർധനയിലേക്കു നയിച്ച പ്രധാന ഘടകം. ഉത്തരേന്ത്യൻ വിപണികളിൽ സുലഭമായിരിക്കുന്ന വിദേശ കുരുമുളകിന്റെ മേന്മക്കുറവും ദക്ഷിണേന്ത്യയിൽനിന്നുള്ള ഉൽപന്നത്തിനു പ്രിയം വർധിക്കാൻ കാരണമായിട്ടുണ്ട്. വില ഇനിയും വർധിക്കുമെന്ന പ്രതീക്ഷയിൽ ഉൽപന്നം വിപണിയിലെത്തിക്കാൻ ഇടുക്കി, പത്തനംതിട്ട, വയനാട് മേഖലകളിലെ ചില കർഷകരും ഇടനിലക്കാരും മടിച്ചുനിൽക്കുകയാണ്.

കൂർഗിൽനിന്നുള്ള കുരുമുളകും ഗണ്യമായ തോതിൽ വിപണിയിലെത്തുന്നില്ല. കൊച്ചിയിൽ ഗാർബ്ൾഡ് ഇനം കുരുമുളകിന്റെ വില കഴിഞ്ഞ ആഴ്ച ആദ്യം ക്വിന്റലിനു 42,700 രൂപ മാത്രമായിരുന്നു. എന്നാൽ വാരാന്ത്യത്തിൽ വില 43,000 രൂപയിലെത്തി. അൺഗാർബ്ൾഡിന്റെ വില 40,700 രൂപയായിരുന്നതു 41,000 രൂപയിലേക്ക് ഉയർന്നിട്ടുണ്ട്. കഴിഞ്ഞ ആഴ്ച കൊച്ചിയിൽ വിൽപനയ്ക്കെത്തിയത് 138 ടൺ. 

 വെളിച്ചെണ്ണ  വീണ്ടും താഴേക്ക്

ഏതാനും ആഴ്ചകളായി ഒരേ നിലവാരത്തിൽ തുടർന്ന വെളിച്ചെണ്ണ, കൊപ്ര വിലകൾ മെച്ചപ്പെടാൻ പാകത്തിൽ ഉത്സവകാല ഡിമാൻഡുണ്ടാകുമെന്നു പൊതുവേ പ്രതീക്ഷിച്ചിരുന്നു. എന്നാൽ ഡിമാൻഡുണ്ടായില്ല, വിലകൾ മെച്ചപ്പെട്ടുമില്ല. രണ്ട് ഉൽപന്നങ്ങൾക്കും വില ഇടിയുകയും ചെയ്തു. വെളിച്ചെണ്ണ വിലയിൽ ക്വിന്റലിന് 200 രൂപയുടെ ഇടിവാണു സംഭവിച്ചത്. കൊപ്ര വിലയിലും ഇടിവ് അതേ നിരക്കിൽത്തന്നെ.

കൊച്ചിയിൽ മില്ലിങ് ഇനം വെളിച്ചെണ്ണയുടെ വില 17,000 രൂപയിൽനിന്ന് 16,800 രൂപയിലേക്കു താഴ്ന്നിരിക്കുന്നു. തയാർ വില 16,400 രൂപയിൽനിന്നു 16,200 രൂപയിലേക്കു താഴ്ന്നു. കൊപ്ര വില 10,300 രൂപയായിരുന്നത് 10,100 രൂപയായി. പിണ്ണാക്ക് എക്സ്പെല്ലർ വില 3000 രൂപയിലും റോട്ടറി 3200 രൂപയിലും മാറ്റമില്ലാതെ തുടരുകയാണ്. പാമോയിൽ വില കഴിഞ്ഞ ആഴ്ചയിലെ ആദ്യ വ്യാപാരദിനത്തിൽ 12,210 രൂപയായിരുന്നു. എന്നാൽ പിറ്റേന്ന് 12,250 രൂപയിലേക്ക് ഉയർന്ന ശേഷം ആ നിലവാരത്തിൽ മാറ്റമില്ലാതെ തുടരുന്നതാണു കണ്ടത്.

 ഉയരാൻ മടിച്ചു റബർ

രാജ്യാന്തര വിപണിയിൽ റബർ വില ഉയർന്നതിന് ആനുപാതികമായി പ്രതികരിക്കാൻ ഇന്ത്യൻ വിപണി മടികാണിച്ച വാരമാണു കടന്നുപോയത്. ബാങ്കോക്ക് വിപണിയിൽ ക്വിന്റലിന് 485 – 486 രൂപയുടെ വർധനയുണ്ടായപ്പോൾ കൊച്ചി വിപണിയിൽ അനുഭവപ്പെട്ടത് 100 രൂപയുടെ വർധന മാത്രം.

കൊച്ചിയിൽ ആർഎസ്എസ് നാലാം ഗ്രേഡ് റബർ വില 16,900 രൂപയായിരുന്നത് 17,000 രൂപയിലേക്ക് ഉയർന്നു. ആർഎസ്എസ് അഞ്ചാം ഗ്രേഡ് വില 16,700 ൽനിന്നു 16,800 രൂപയായിട്ടുണ്ട്.ബാങ്കോക്ക് വിപണിയിൽ കഴിഞ്ഞ ആഴ്ച വ്യാപാരം ആരംഭിച്ചപ്പോൾ ആർഎസ്എസ് നാലാം ഗ്രേഡിന്റെ വില 12,893 രൂപ മാത്രമായിരുന്നു. വാരാന്ത്യ വിലയാകട്ടെ 13,379 രൂപ. അഞ്ചാം ഗ്രേഡിന്റെ വില 12,794 ൽനിന്ന് 13,279 രൂപയിലേക്കാണു കുതിച്ചുയർന്നത്. 

 പൊതുവായ മാന്ദ്യം

കുരുമുളക്, വെളിച്ചെണ്ണ, കൊപ്ര, റബർ എന്നിവയുടേത് ഒഴികെയുള്ള ഉൽപന്നങ്ങളുടെ വിപണികളിലൊന്നും ശ്രദ്ധേയമായ ചലനങ്ങളുണ്ടാകാതിരുന്ന വ്യാപാരവാരമാണു കടന്നുപോയത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കടക്കെണിയിലാകുമോ കൽക്കരി നിലയങ്ങൾ? ഇരുട്ടിലാകുമോ രാജ്യം? | Manorama Online

MORE VIDEOS
FROM ONMANORAMA