ചെറുകിട സംരംഭകരേ, കിട്ടുന്നുണ്ടോ ബാങ്ക് വായ്പ ?

loan (2)
SHARE

സംസ്ഥാനത്തിന്റെ വികസനത്തിന് സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളുടെ (എംഎസ്എംഇ) സംഭാവന ഏറെയാണെങ്കിലും ഈ മേഖലയ്ക്കുള്ള ബാങ്ക് വായ്പാപ്രവാഹം പര്യാപ്തമല്ലെന്ന് കണക്കുകൾ വെളിവാക്കുന്നു.2021 മാർച്ചിലെ കണക്ക് പ്രകാരം 16,50,000 സംരംഭങ്ങൾക്കായി മൊത്തം 59,970 കോടി രൂപയാണ് കേരളത്തിലെ വാണിജ്യ ബാങ്കുകൾ കൊടുത്ത വായ്പകളിലെ ഔട്‍സ്റ്റാൻഡിങ് (തിരിച്ചടയ്ക്കാനുള്ള തുക). അതായതു ശരാശരി ഒരു സ്ഥാപനത്തിന്  3.75 ലക്ഷം രൂപ എന്ന കണക്കിൽ. മൊത്തം വായ്പകളുടെ 95 ശതമാനത്തിലധികവും ‘സൂക്ഷ്മ’ (മൈക്രോ– ഏറ്റവും ചെറിയ) യൂണിറ്റുകൾക്കാണ് കൊടുത്തിട്ടുള്ളത് .  

സംസ്ഥാനത്തു മൊത്തം ഉള്ള 24 ലക്ഷത്തോളം വരുന്ന സംരംഭങ്ങളിൽ 16.5 ലക്ഷത്തിനു മാത്രമാണ് ബാങ്ക് വായ്പ ലഭിച്ചിരിക്കുന്നത്. ഈ മേഖലയിലേക്കുള്ള വായ്പകളിൽ ബാങ്കുകൾ ഇനിയും സഞ്ചരിക്കേണ്ട ദൂരത്തിന്റെ ഒരു സൂചനയായി ഇതിനെ എടുക്കാം. കേന്ദ്ര സർക്കാരും സ്മോൾ ഇൻഡസ്ട്രീസ് ഡവലപ്മെന്റ് ബാങ്ക് ഓഫ് ഇന്ത്യയും ചേർന്ന്, 2 കോടി വരെയുള്ള വായ്പകൾക്ക് ഈടോ ജാമ്യമോ കൂടാതെ വായ്പ കൊടുക്കാനുള്ള ഗ്യാരന്റി സംവിധാനം വാണിജ്യ ബാങ്കുകൾക്കായി ഒരുക്കിയിട്ടുണ്ട്. ചില്ലറ വ്യാപാരം (കച്ചവടം) ഉൾപ്പെടെയുള്ള വായ്പക്കാർക്ക് ഇതിന്റെ ഗുണം കിട്ടണം. അതായത് സൂക്ഷ്മ ചെറുകിട ഇടത്തരം യൂണിറ്റ് ആണെങ്കിൽ 2 കോടി രൂപ വരെയുള്ള വായ്പകൾക്ക് മറ്റ് ജാമ്യം (സെക്യൂരിറ്റി) കൂടാതെ വായ്പ ബാങ്കുകൾ നൽകണം. 

പക്ഷേ പലപ്പോഴും ബ്രാഞ്ച് തലത്തിലും അപേക്ഷകരുടെ ഇടയിലും വേണ്ടത്ര അവബോധം ഇല്ലാത്തതു കാരണം ചെറിയ വായ്പകൾക്കു വേണ്ടി സമീപിക്കുമ്പോൾ ധാരാളം ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരുന്നു. കേരളത്തിലെ പുതിയ വായ്പ അപേക്ഷകർ psbloansin59 minutes.com  എന്ന പേരിൽ സർക്കാർ ഒരുക്കിയിട്ടുള്ള പോർട്ടൽ (SIDBI സൈറ്റ്) വേണ്ടവിധം പ്രയോജനപ്പെടുത്തുന്നില്ല.

തികച്ചും സുതാര്യമായ രീതിയിൽ പ്രവർത്തിക്കുന്ന ഈ പോർട്ടലിൽ എംഎസ്എംഇ വായ്പകൾ കൂടാതെ ഇപ്പോൾ ഭവന, വാഹന, വ്യക്തിഗത,  മുദ്ര  വായ്പകൾ വരെ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിൽ അപേക്ഷിച്ചാൽ ബാങ്കുകൾ അപേക്ഷയിൽ തീരുമാനം എടുത്തേ മതിയാവൂ. എല്ലാ അപേക്ഷകളും ഇതിൽ നിരീക്ഷണത്തിനു വിധേയം ആകും. ബാങ്കിൽ നേരിട്ടെത്തി അപേക്ഷ സമർപ്പിക്കുന്നതിനേക്കാൾ പ്രയോജനകരമാണ് ഈ പോർട്ടൽ എന്നാണ് അപേക്ഷിച്ച സംരംഭകർ പറയുന്നത്.

samll-bank-loan

ചെറുകിട സംരംഭകർക്ക് ഉദാരമായ വ്യവസ്ഥയിൽ സാമ്പത്തിക പിന്തുണ ബാങ്കുകൾ നൽകണം എന്നതുകൊണ്ടാണല്ലോ ‘ആത്‌മനിർഭർ’ പദ്ധതിയുടെ ഭാഗമായി എല്ലാ സംരംഭകർക്കും അവരെടുത്ത വായ്പയുടെ ഏകദേശം 20% അധിക വായ്പ പൂർണമായും കേന്ദ്ര സർക്കാർ ഗ്യാരന്റിയിൽ നൽകാൻ നടപടിയെടുത്തത്. പക്ഷേ, കേരളത്തിലെ കണക്കുകൾ സൂചിപ്പിക്കുന്നത്  ഒന്നുകിൽ ഇതിനുള്ള ആവശ്യക്കാർ അധികം ഇല്ല, അല്ലെങ്കിൽ ഇനിയും ബാങ്കുകൾ ഇത് പൂർണമായും അനുവദിച്ചു നൽകിയിട്ടില്ല എന്നാണ്. കാരണം പ്രതിവർഷം ഈ മേഖലയിലെ വായ്പ വളർച്ച 5% മാത്രം. അവശത അനുഭവിക്കുന്ന യൂണിറ്റുകൾക്ക് വായ്പ പുനഃക്രമീകരണം നടത്താനുള്ള ഉദാരവൽക്കരിച്ച അനുവാദം റിസർവ് ബാങ്ക് 2019 ജനുവരി മുതൽ തന്നെ തുടർച്ചയായി ബാങ്കുകൾക്ക് നൽകിയിട്ടുണ്ട്. 

ബാങ്കിൽ പഞ്ഞമില്ല

പുതിയ കണക്കനുസരിച്ച് 10 ലക്ഷം കോടിയോളം രൂപ പണലഭ്യത ബാങ്കുകളിലെല്ലാമായി ഉള്ള ഈ കാലയളവിൽ റിസർവ് ബാങ്കും സർക്കാരും വാണിജ്യ ബാങ്കുകൾ എംഎസ്എംഇ വിഭാഗത്തിന് ആവശ്യമായ വായ്പ എത്തിക്കണം എന്നു നിരന്തരം നിർദേശം കൊടുക്കുന്നുണ്ട്. നിക്ഷേപം കുന്നുകൂടുന്ന കേരളത്തിലെ ബാങ്കുകളും ഈ മേഖലയിൽ ഉണർന്ന് പ്രവർത്തിക്കും എന്ന് പ്രതീക്ഷിക്കാം

റിസർവ് ബാങ്ക് നിർദേശം ഇങ്ങനെ:

മുൻഗണനാ വിഭാഗത്തിൽപെട്ട വായ്പ അപേക്ഷകൾ സംബന്ധിച്ച് ബാങ്കുകൾക്ക് റിസർവ് ബാങ്ക് കൊടുത്തിട്ടുള്ള നിയമ നിർദേശം ഇങ്ങനെ:

1. മുൻഗണനാ വിഭാഗത്തിലെ (കൃഷി, സൂക്ഷ്മ, ചെറുകിട, ഇടത്തരം മേഖല) അപേക്ഷ ലഭിച്ചാൽ ഉടൻ തന്നെ ഒരു ‘അക്‌നോളെജ്മെന്റ്’ (അപേക്ഷ കിട്ടിയ വിവരം) അപേക്ഷകനു രേഖാമൂലം തന്നെ കൊടുക്കണം. (ഇത് അപേക്ഷകന്റെ അവകാശമാണ് എന്ന് സാരം. ഇത് പലപ്പോഴും നടക്കാറില്ല. ഇവിടെയാണ്  ഇത് നടപ്പിലാക്കാനുള്ള സംവിധാനം  ഒരുക്കേണ്ട ആവശ്യകത ഉയർന്നു വരുന്നത്). എല്ലാ ബാങ്കുകളും നിശ്ചിത സമയത്തിനകം, അപേക്ഷയുടെ മേൽ എടുത്ത തീരുമാനം അപേക്ഷകനെ അറിയിക്കുകയും വേണം. 

2. എല്ലാ ബാങ്കുകളും മുൻഗണനാ വായ്പാ അപേക്ഷകളുടെ മുഴുവൻ വിവരങ്ങളും ഒരു റജിസ്റ്ററിൽ ലഭ്യമാക്കണം (അപേക്ഷ കിട്ടിയ തിയതി, എടുത്ത തീരുമാനം, അതിന്റെ കാരണം എന്നിവ ഈ റജിസ്റ്ററിൽ രേഖപ്പെടുത്തണം . റിസർവ് ബാങ്ക് ഇത് ബാങ്കിങ് റെഗുലേഷൻ ആക്ട് പ്രകാരം കൊടുത്തിട്ടുള്ള നിർദേശം ആയതിനാൽ ഇത് നടപ്പിലാക്കാനുള്ള നിയമപരമായ ബാധ്യത ബാങ്കുകൾക്കുണ്ട്.

വേണം പരാതി പരിഹാരം 

വായ്പ അപേക്ഷ കൊടുത്തിട്ടും കാലതാമസം നേരിടുക, ബിസിനസിൽ എന്തെങ്കിലും ബുദ്ധിമുട്ടു വന്നാൽ അനുഭാവപൂർണമായ സമീപനം ലഭിക്കാതിരിക്കുക, അനുയോജ്യമായ പുനഃക്രമീകരണ സംവിധാനം ലഭ്യമല്ലാതാകുക മുതലായ പരാതികൾക്ക് ക്രിയാത്മകമായ പരിഹാരം കണ്ടെത്താനുള്ള സംവിധാനം ഒന്നുകിൽ ബാങ്കുകൾ സ്വയം ഏർപ്പെടുത്തണം. അല്ലെങ്കിൽ സംസ്ഥാന സർക്കാരോ വ്യവസായ സംഘടനകളോ ഒരുക്കണം. 

എംഎസ്എംഇ വായ്പകൾ വേണ്ട വിധം കൈകാര്യം ചെയ്യുന്നതിന് ബാങ്കുകൾക്കും സംരംഭകർക്കും സർക്കാരിനും തുല്യമായ ഉത്തരവാദിത്തം ഉണ്ട്. പരാതി പരിഹാര സ്ഥിര സംവിധാനം എത്രയും പെട്ടെന്നുവേണം. സംസ്ഥാനത്തു 45 ലക്ഷത്തോളം പേർക്ക് തൊഴിൽ നൽകുന്ന മേഖലയാണിത്. ഇനിയും വളരാനുള്ള ശേഷിയും കെൽപ്പും ഉണ്ടുതാനും.

(എസ്ബിഐ ചീഫ് ജനറൽ മാനേജരാണു ലേഖകൻ. അഭിപ്രായം വ്യക്തിപരം)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കടക്കെണിയിലാകുമോ കൽക്കരി നിലയങ്ങൾ? ഇരുട്ടിലാകുമോ രാജ്യം? | Manorama Online

MORE VIDEOS
FROM ONMANORAMA