കൊച്ചി വിമാനത്താവളത്തിൽ സ്വാഗതം, ഒരു കൈ സഹായം

SHARE

നെടുമ്പാശേരി ∙ പ്രായമായവർക്കും ഗർഭിണികൾക്കും കുട്ടികൾക്കുമുൾപ്പെടെ സഹായം ആവശ്യമുള്ളവർക്ക് സേവനം നൽകുന്ന മീറ്റ് ആൻഡ് ഗ്രീറ്റ് സർവീസ് വിപുലമായ സൗകര്യങ്ങളോടെ, കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ പുനരാരംഭിച്ചു. ഇരു ടെർമിനലുകളിലും സേവനം ലഭ്യമാണ്. ആഭ്യന്തര സെക്ടറിൽ വരുന്നവർക്കും പോകുന്നവർക്കും രാജ്യാന്തര സെക്ടറിൽ യാത്രയ്ക്കെത്തുന്നവർക്കുമാണ് ഇപ്പോൾ ഈ സേവനം. രാജ്യാന്തര ടെർമിനലിൽ വിദേശത്തു നിന്നെത്തുന്നവർക്ക് വൈകാതെ ലഭ്യമാകും.  കോവിഡ് അടച്ചിടലിനു ശേഷം വ്യോമയാന മേഖല കൂടുതൽ സജീവമായതോടെ വിമാനത്താവളം കൂടുതൽ യാത്രാസൗഹൃദമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ വിമാനത്താവളക്കമ്പനി (സിയാൽ) നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ ഭാഗമാണിത്. 

സിയാലിനു വേണ്ടി സ്പീഡ് വിങ്സ് എയർ സർവീസ് ആണ് പ്രൈംഫ്ലൈ മീറ്റ് ആൻഡ് ഗ്രീറ്റ് എന്ന പേരിൽ സേവനങ്ങൾ ലഭ്യമാക്കുന്നത്. ടെർമിനലിലെ കിയോസ്കുകൾ വഴിയോ ഓൺലൈൻ വഴിയോ യാത്രക്കാർക്ക് സേവനം ബുക്ക് ചെയ്യാം.

സേവനങ്ങൾ 3 വിധം

∙ ബാഗേജ് അസിസ്റ്റൻസ്:
വിമാനത്താവളത്തിൽ വന്നിറങ്ങുന്നവർക്ക് കാറിൽനിന്ന് ബാഗേജ് എടുത്ത് ചെക്–ഇൻ ചെയ്യുന്നതു വരെയുള്ള സേവനമാണിത്. ഫീസ്: 300 രൂപ (ഇരു ടെർമിനലുകളിലും).

∙ ചെക്–ഇൻ – ചെക്–ഒൗട്ട് സർവീസ്:
ബാഗേജ് എത്തിച്ചു നൽകുന്നതിനു പുറമെ ചെക്–ഇൻ ചെയ്യാനും സഹായം ലഭിക്കും. യാത്ര പുറപ്പെടാനെത്തുന്നവർ വിമാനത്താവളത്തിൽ എത്തിച്ചേരുമ്പോഴും യാത്ര കഴിഞ്ഞ് എത്തിയവർ വിമാനത്തിൽ നിന്നിറങ്ങി ടെർമിനലിൽ എത്തുമ്പോഴും കമ്പനി പ്രതിനിധി എത്തി സ്വീകരിക്കും. തുടർന്ന് ചെക്–ഇൻ, ചെക്–ഔട്ട് നടപടികൾ പൂർത്തിയാക്കി യാത്രക്കെത്തുന്നവരെ സെക്യൂരിറ്റി ഏരിയായിലും യാത്ര കഴിഞ്ഞെത്തുന്നവരെ കാറിനരികിലും ബാഗേജ് സഹിതം എത്തിക്കും. ഫീസ്: രാജ്യാന്തര ടെർമിനലിൽ 1000 രൂപ, ആഭ്യന്തര ടെർമിനലിൽ 750 രൂപ.

∙ ഫീൽ സേഫ് പദ്ധതി:
വിമാനത്താവളത്തിലെത്തുന്നവരെ പ്രത്യേകം സ്വീകരിച്ച് ബാഗേജ് എടുത്ത് എല്ലാ ചെക്–ഇൻ, ചെക്–ഔട്ട് സേവനങ്ങളും പൂർത്തിയാക്കി ബോർഡിങ് ഗേറ്റ് വരെയോ കാറിനരികിലോ എത്തിക്കുന്നതു വരെ സഹായി കൂടെയുണ്ടാകും. കാറിനരികിൽനിന്ന് മുതൽ ബോർഡിങ് ഗേറ്റ് വരെയും ബോർഡിങ് ഗേറ്റ് മുതൽ കാറിനരികിൽ വരെയുമാണ് ഈ സേവനം. ഫീസ്: രാജ്യാന്തര ടെർമിനലിൽ 3000 രൂപ, ആഭ്യന്തര ടെർമിനലിൽ 2500 രൂപ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കടക്കെണിയിലാകുമോ കൽക്കരി നിലയങ്ങൾ? ഇരുട്ടിലാകുമോ രാജ്യം? | Manorama Online

MORE VIDEOS
FROM ONMANORAMA