ADVERTISEMENT

ബാങ്കിലെ സ്ഥിര നിക്ഷേപത്തിന്റെ പലിശ ഉപയോഗിച്ചു ജീവിതച്ചെലവുകൾ നേരിടുന്നവർക്ക് വിലക്കയറ്റം ഇരുട്ടടിയാകും. പലിശ നിരക്കിനെക്കാൾ കൂടുതലാണ് ഇപ്പോഴത്തെ വിലക്കയറ്റത്തോത്. ഇക്കൊല്ലം 5.3% വിലക്കയറ്റമെന്നാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പ്രവചിക്കുന്നത്. ബാങ്കുകളിലെ സ്ഥിരനിക്ഷേപ പലിശയാകട്ടെ 5 ശതമാനത്തിന്റെ പരിസരത്തും. വിലക്കയറ്റത്തോതും പലിശനിരക്കും തമ്മിലുള്ള വ്യത്യാസമാണ്, നിക്ഷേപത്തിൽനിന്നുള്ള യഥാർഥ ആദായം. പലിശ 5%, വിലക്കയറ്റം 5.3% എന്നിങ്ങനെ ആകുമ്പോൾ യഥാർഥ ആദായം അഥവാ യഥാർഥ പലിശ –0.3% (നെഗറ്റീവ്).  

ഒരു വർഷ കാലാവധിയുള്ള നിക്ഷേപങ്ങൾക്കാണ് 4.9%, 5% എന്നിങ്ങനെ വിവിധ ബാങ്കുകൾ വാഗ്ദാനം ചെയ്യുന്നത്. 2–3 വർഷ കാലാവധിയുള്ള നിക്ഷേപമാകുമ്പോൾ പലിശ നിരക്ക് 5.1%, 5.15% എന്നിങ്ങനെ ഉയരും. എന്നാലും വിലക്കയറ്റത്തോതിനെക്കാൾ താഴെയാണിത്. അതേസമയം, കേന്ദ്രസർക്കാരിന്റെ ചെറുകിട സമ്പാദ്യ പദ്ധതികൾ ഇതിനെക്കാൾ മികച്ച ആദായം നൽകുന്നു. 5.5% മുതലാണ് ഇവയുടെ പലിശ നിരക്ക്. 

കോവിഡ് മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വായ്പയുടെ പലിശ നിരക്കുകൾ താഴ്ത്തി നിർത്തേണ്ടതുണ്ടെന്നും ആ സാഹചര്യത്തിൽ നിക്ഷേപ പലിശ താഴുന്നത് സ്വാഭാവികമാണെന്നും സാമ്പത്തിക വിദഗ്ധർ പറയുന്നു. മ്യൂച്വൽ ഫണ്ട്, ഓഹരി വിപണി തുടങ്ങിയവയിലേക്ക് നിക്ഷേപകർ നീങ്ങുന്ന പ്രവണത ഇപ്പോഴത്തെ സാഹചര്യത്തിൽ തുടരും. വിലക്കയറ്റത്തോത് കുറയുകയും ബാങ്ക് പലിശ ഉയരുകയും ചെയ്യുമ്പോഴേ ഈ നില മാറൂ. ബാങ്കുകളിലെ സേവിങ്സ് ബാങ്ക് നിക്ഷേപ പലിശനിരക്ക് 3.5 ശതമാനത്തിനടുത്താണ്.

കഴിഞ്ഞ മാസം വിലക്കയറ്റം കുറവ്

സെപ്റ്റംബറിൽ വിലക്കയറ്റത്തോത് 5 മാസത്തെ താഴ്ന്ന നിലയിലെത്തി. 4.35% ആണ് ചില്ലറവ്യാപാരവിലകൾ അടിസ്ഥാനമാക്കിയുള്ള വിലക്കയറ്റം. ഭക്ഷ്യോൽപന്ന വിലകൾ താഴ്ന്നതാണ് മുൻകൊല്ലം സെപ്റ്റംബറിലെക്കാൾ വിലക്കയറ്റതോത്ത് കുറയാൻ മുഖ്യകാരണം. ജൂലൈ–സെപ്റ്റംബർ കാലയളവിൽ ശരാശരി 5.1% വിലക്കയറ്റത്തിനാണു സാധ്യതയെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പറഞ്ഞിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com