ADVERTISEMENT

തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പ് ഏറ്റെടുത്തതോടെ യാത്രാ നിരക്ക് കുറയുമെന്നും കൂടുതൽ രാജ്യാന്തര, ആഭ്യന്തര സർവീസുകൾ തുടങ്ങുമെന്നുമുള്ള പ്രതീക്ഷയിലാണ് യാത്രക്കാർ. വിമാനത്താവളത്തിൽ വർഷങ്ങളായി അടഞ്ഞുകിടക്കുന്ന ഡ്യൂട്ടി ഫ്രീ ഷോപ്പ് തുറക്കുന്നതുൾപ്പെടെയുള്ള അടിസ്ഥാന സൗകര്യ വികസനം യാഥാർഥ്യമാകാനും ഏറ്റെടുപ്പ് വഴിയൊരുക്കും. 

ഇന്ത്യയിലെ തന്നെ ഏറ്റവും ഉയർന്ന നിരക്കിലുള്ള യൂസേഴ്സ് ഫീസ് ആണ് നിലവിൽ തിരുവനന്തപുരത്തുള്ളത്. നടത്തിപ്പ് അദാനി ഏറ്റെടുക്കുന്നതോടെ ഇതു കുറയ്ക്കാനാണ് സാധ്യത. ഇതോടെ യാത്രാ നിരക്ക് കുറയും. തിരുവനന്തപുരത്തെ അപേക്ഷിച്ച് യാത്രാ നിരക്ക് കുറവായതിനാൽ യാത്രക്കാരിൽ വലിയൊരു വിഭാഗം കൊച്ചി വിമാനത്താവളത്തെയാണ് ഇപ്പോൾ ആശ്രയിക്കുന്നത്. ഗ്രൗണ്ട് ഹാൻഡ്‌ലിങ് ചാർജ് ഉൾപ്പെടെ കുറച്ചാൽ കൂടുതൽ കമ്പനികൾ സർവീസ് തുടങ്ങും. രാജ്യാന്തര വ്യോമപാതയ്ക്കു തൊട്ടടുത്തായതിനാൽ വിമാനങ്ങളുടെ ഇന്ധനം നിറയ്ക്കൽ സ്റ്റേഷൻ ആയും തിരുവനന്തപുരത്തിനു വലിയ സാധ്യതകളുണ്ട്. 

യൂറോപ്പിലേക്കും ജപ്പാൻ ഉൾപ്പെടെയുള്ള കിഴക്കൻ രാജ്യങ്ങളിലേക്കും സർവീസ് വേണമെന്ന് ഐടി സംരംഭകർ ഉൾപ്പെടെ ആവശ്യപ്പെടാൻ തുടങ്ങിയിട്ടു വർഷങ്ങളായിട്ടും കാര്യമായ ഫലമുണ്ടായിട്ടില്ല. മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ നേരിട്ട് വിമാനക്കമ്പനികളുമായി ചർച്ച നടത്തിയെങ്കിലും പ്രഖ്യാപനങ്ങളല്ലാതെ പുതിയ സർവീസുകൾ തുടങ്ങിയില്ല. സർവീസ് തുടങ്ങിയ സൗദി എയർലൈൻസ് ഉൾപ്പെടെ പിന്നീടു നിർത്തുകയും ചെയ്തു. തെക്കൻ ജില്ലകൾക്കു പുറമെ തമിഴ്നാട്ടിലെ നാഗർകോവിൽ, കന്യാകുമാരി ഉൾപ്പെടെയുള്ള ജില്ലകളിലുള്ളവരും ആശ്രയിക്കുന്ന വിമാനത്താവളമാണ് തിരുവനന്തപുരം. റൺവേ നീളം കൂട്ടാൻ 18 ഏക്കർ സ്ഥലം കൂടി ഏറ്റെടുക്കാനുള്ള തീരുമാനം നടപ്പായാൽ കൂടുതൽ വലിയ വിമാന സർവീസുകളെ ആകർഷിക്കാനാകും. 

നിർമാണം പുരോഗമിക്കുന്ന വിഴിഞ്ഞം തുറമുഖത്തോടൊപ്പമാണ് വിമാനത്താവളത്തിന്റെ നടത്തിപ്പും അദാനി ഗ്രൂപ്പിന്റെ കൈകളിലെത്തുന്നത്. ഐടി മേഖലയിൽ ഉൾപ്പെടെ പുതിയ നിക്ഷേകരെത്തുന്നതോടെ വാണിജ്യമേഖലയിൽ തലസ്ഥാനം വലിയ കുതിപ്പാണു പ്രതീക്ഷിക്കുന്നത്.

മുംബൈയിൽ പരിചയക്കുറവ് പ്രശ്നം

ജിവികെ ഗ്രൂപ്പിൽ നിന്ന് മൂന്നു മാസം മുൻപ് മുംബൈ വിമാനത്താവളം ഏറ്റെടുത്ത അദാനി ഗ്രൂപ്പ്, പഴയ ജീവനക്കാരിലേറെപ്പേരെയും ഒഴിവാക്കിയത് വിമാനത്താവളത്തിലെ സേവനങ്ങളെ ബാധിച്ചതായി യാത്രക്കാർക്ക് പരാതിയുണ്ട്.  ഹോസ്പിറ്റാലിറ്റി മേഖലയിൽ ജിവികെയ്ക്കുള്ള മികവ് വിമാനത്താവളത്തിലെ ആതിഥ്യമര്യാദകളിലും മറ്റു സേവനങ്ങളിലും നേരത്തേ പ്രതിഫലിച്ചിരുന്നു. പുതിയ ജീവനക്കാരുടെ പരിചയക്കുറവാണ് പലപ്പോഴും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്. 

കഴിഞ്ഞ വെള്ളിയാഴ്ച ഒട്ടേറെ പേരുടെ യാത്ര മുടങ്ങിയ സംഭവത്തിനിടയാക്കിയതും ഇതാണെന്ന് ആരോപണമുണ്ട്.  തിരക്കു മൂലം  യാത്രക്കാരിൽ പലർക്കും ചെക്-ഇൻ, സുരക്ഷാ പരിശോധനകൾ  യഥാസമയം  പൂർത്തിയാക്കാനാവാതെ രാവിലെ 90% വിമാനങ്ങളും വൈകി. തിരക്കു പരിഗണിച്ച് ഇന്നലെ മുതൽ ആഭ്യന്തര (ടെർമിനൽ 1) ടെർമിനലും തുറന്നിട്ടുണ്ട്. കഴിഞ്ഞ ഏപ്രിൽ പകുതി മുതൽ എല്ലാ സർവീസുകളും രാജ്യാന്തര ടെർമിനലിൽ നിന്നാണ് നടത്തിയിരുന്നത്. 

സിഎൻജിയിലും അദാനിയുണ്ട്

കേരളത്തിൽ വാതക വിതരണ രംഗത്തും അദാനി ഗ്രൂപ്പിന്റെ സാന്നിധ്യമുണ്ട്; സിറ്റി ഗ്യാസ് പദ്ധതിയിലൂടെ. അദാനി ഗ്യാസും ഇന്ത്യൻ ഓയിൽ കോർപറേഷനും ചേർന്നുള്ള സംയുക്ത സംരംഭമായഇന്ത്യൻ ഓയിൽ അദാനി ഗ്യാസ് ലിമിറ്റഡ് (ഐഒഎജിഎൽ) എറണാകുളം ഉൾപ്പെടെ സംസ്ഥാനത്തെ 8 ജില്ലകളിലാണു പദ്ധതി നടപ്പാക്കുന്നത്. ഗാർഹിക പാചക ആവശ്യത്തിനുള്ള പ്രകൃതി വാതകവും (പിഎൻജി) വാഹന ഇന്ധനമായ സിഎൻജിയും വിതരണം ചെയ്യുന്ന പദ്ധതിയാണു സിറ്റി ഗ്യാസ്. 

2016 ഫെബ്രുവരിയിൽ കളമശേരിയിൽ ആദ്യത്തെ അടുക്കള വാതക കണക്ഷൻ നൽകിയ പദ്ധതി പക്ഷേ, പിന്നീട് ഇഴയുകയാണ്. ഏകദേശം 4500 കണക്‌ഷൻ മാത്രമാണു നൽകാനായത്. തദ്ദേശ സ്ഥാപനങ്ങളിൽ നിന്നുള്ള അനുമതികൾ ലഭിക്കാൻ വൈകിയത് പദ്ധതി ഇഴയുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്നാണ്.

അദാനി സാമ്രാജ്യം ഒറ്റനോട്ടത്തിൽ

ഇന്നലത്തെ കണക്കനുസരിച്ച് 119.88 ബില്യൻ ഡോളർ വിപണിമൂല്യമുള്ള വമ്പൻ ബിസിനസ് സാമ്രാജ്യമാണ് ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള അദാനി ഗ്രൂപ്പ്. തുറമുഖം, ഊർജം, ഗതാഗതം, പ്രതിരോധം തുടങ്ങിയ മേഖലകൾക്കു പിന്നാലെയാണ് വിമാനത്താവള നടത്തിപ്പിലേക്ക് അദാനി ഗ്രൂപ്പ് ചുവടുവയ്ക്കുന്നത്.

തുറമുഖം

അദാനി പോർട്സിനു കീഴിൽ മാത്രമുള്ളത് 13 തുറമുഖങ്ങളും ടെർമിനലുകളുമാണ്. ഇവയിൽ നിന്നുള്ള വരുമാനം 11,873 കോടി രൂപയാണ്. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ മൾട്ടി–പോർട് ഓപ്പറേറ്ററാണ് അദാനി പോർട്സ്.

∙ ഗുജറാത്ത്– മുന്ദ്ര, ടൂണ, ദഹെജ്, ഹസിറ

∙ മഹാരാഷ്ട്ര–ദിഖി

∙ ഗോവ– മർമഗോവ

∙ കേരളം–വിഴിഞ്ഞം

∙ തമിഴ്നാട്– എന്നൂർ, കാട്ടുപള്ളി,കൃഷ്ണപട്ടണം

∙  ആന്ധ്രാപ്രദേശ്– വിശാഖപട്ടണം, ഗംഗാവരം

∙ ഒഡീഷ–ധമ്ര

വിമാനത്താവളങ്ങൾ

തിരുവനന്തപുരം, അഹമ്മദാബാദ്, ലക്നൗ, മംഗളൂരു, ജയ്പുർ, ഗുവാഹത്തി, മുംബൈ

വൈദ്യുതി

അദാനി ട്രാൻസ്മിഷൻ ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ വൈദ്യുതിവിതരണ കമ്പനികളിലൊന്ന്. 18,800 കിലോമീറ്റർ നീണ്ട ശൃംഖല. 12,450 മെഗാവാട്ട് ശേഷിയുള്ള താപവൈദ്യുതിനിലയവുമുണ്ട്.

അദാനി ഗ്രീനിനു കീഴിൽ സൗരോർജമടക്കമുള്ള പുനരുപയോഗ ഊർജ ഉൽപാദനം 11 സംസ്ഥാനങ്ങളിലെ 87 ഇടങ്ങളിൽ. 15,390 മെഗാവാട്ട് ശേഷി. 4,373 മില്യൻ യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിച്ചു. 

ഗ്യാസ്

80ലധികം സിഎൻജി സ്റ്റേഷനുകളും 3 ലക്ഷം ഉപയോക്താക്കളുമുണ്ട് അദാനി ഗ്യാസ് ലിമിറ്റഡിന്. 6,000 കിലോമീറ്റർ ഗ്യാസ് പൈപ്പ്‍ലൈനുമുണ്ട്.

ഡേറ്റ സെന്റർ

എഡ്ജ്കോൺഎക്സ് എന്ന പ്രമുഖ ഡേറ്റ സെന്റർ ഓപ്പറേറ്ററുമായി ചേർന്ന് ചെന്നൈ, മുംബൈ, നോയിഡ, വിശാഖപട്ടണം, ഹൈദരാബാദ് എന്നിവിടങ്ങളിൽ ഹൈപ്പർസ്കെയിൽ ഡേറ്റ സെന്ററുകൾ വികസിപ്പിക്കുന്ന പ്രക്രിയയിലാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com