ADVERTISEMENT

കൊച്ചി∙ രാജ്യത്തെ പാക്കിങ് കാർട്ടൻ വ്യവസായ രംഗത്ത് വൻ തകർച്ചയാണ് കോവിഡിനെത്തുടർന്ന് ഉണ്ടായിരിക്കുന്നതെന്നു വ്യവസായലോകം. ക്രാഫ്റ്റ് പേപ്പറിന് കഴിഞ്ഞ വർഷം മുതൽ മാസം തോറും വിലകൂടുകയാണ്. ഈ മാസം ഒരു ടൺ ക്രാഫ്റ്റ് പേപ്പറിന് 5000 മുതൽ 7000 രൂപയുടെ വരെ വർധനയാണ് ഉണ്ടായിരിക്കുന്നത്. പേപ്പർ മില്ലുകളുടെ പ്രധാന ഊർജ സ്രോതസ്സായ കൽക്കരിയുടെ വിലയിൽ ഉണ്ടായിട്ടുള്ള ക്രമാതീതമായ വർധനയാണ് ക്രാഫ്റ്റ് പേപ്പറിന്റെ വിലവർധനയ്ക്കു പ്രധാന കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നൂ.

ചൈനയിലെ കടുത്ത വൈദ്യുതി ക്ഷാമം കാരണം ഇന്ത്യയിൽനിന്നും ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്നുമുള്ള ഫിനിഷ്ഡ് പേപ്പറിനുള്ള ഡിമാൻഡ് വർധിച്ചിട്ടുണ്ട്. ഇതു കാരണം ഇവിടുത്തെ പേപ്പർ നിർമാതാക്കൾ കൂടുതൽ പേപ്പർ അവിടുത്തേക്ക് കയറ്റിയയയ്ക്കാൻ തുടങ്ങി. വൻകിട പേപ്പർ നിർമാതാക്കൾ പേപ്പർ കയറ്റിയയയ്ക്കാൻ തുടങ്ങിയതോടെ ആഭ്യന്തര വിപണിയിൽ പേപ്പർ ലഭ്യത കുറഞ്ഞു. ഇതിനിടെ ഇറക്കുമതി ചെയ്യുന്ന വേസ്റ്റ് പേപ്പറിന്റെ വില പ്രതിദിനം വർധിക്കുകയാണ്. ആഗോള കണ്ടെയ്‌നർ ചരക്കുകൂലിയിൽ ഉണ്ടായിട്ടുള്ള വർധനയും ഇതിന് ആക്കം കൂട്ടി.

ഈ പ്രതികൂല ഘടകങ്ങൾ ഒന്നിച്ചുവന്നപ്പോൾ, പേപ്പർ മില്ലുകൾ പലതും പൂട്ടി. ക്രാഫ്റ്റ് പേപ്പർ വില ഇനിയും വർധിക്കനുള്ള സാഹചര്യം മുന്നിൽക്കണ്ട്, ചില വൻകിട ഓട്ടമാറ്റിക് കാർട്ടൻ നിർമാതാക്കൾ കൂടുതൽ പേപ്പർ വാങ്ങി സ്റ്റോക്ക് ചെയ്യാനും തുടങ്ങിയിട്ടുണ്ട്. അങ്ങനെ 90% ചെറുകിട മേഖലയിലുള്ള കാർട്ടൻ ബോക്സ് നിർമാതാക്കൾ പിടിച്ചുനിൽക്കാനാവാതെ അടച്ചുപൂട്ടേണ്ടി വരുന്ന രൂക്ഷമായ പ്രതിസന്ധിയാണ് നേരിട്ടൂകൊണ്ടിക്കുന്നത്.  കാർട്ടൺ ബോക്സിന്റെ അമിതമായ വിലവർധന കാരണം, പല നിർമാതാക്കളും വിലകുറഞ്ഞ പ്ലാസ്റ്റിക് പാക്കിങ്ങിനു നിർബന്ധിതരാകുകയാണ്. 

സിംഗിൾ യൂസ് പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെ ദൂഷ്യങ്ങളെക്കുറിച്ചുള്ള അവബോധം വർധിച്ചതോടെ അസംഘടിത ചില്ലറ വിൽപനക്കാർ, ഹോട്ടൽ, ഹോസ്പിറ്റാലിറ്റി, കാർഷികം തുടങ്ങിയ മേഖലകൾ ക്രമേണ പ്രകൃതി സൗഹൃദ കൊറഗേറ്റഡ് പാക്കിങ്ങിലേക്ക് മാറാൻ തുടങ്ങിയെങ്കിലും കൊറഗേറ്റഡ് ബോക്‌സുകൾക്കുള്ള ജിഎസ്ടി നിരക്ക് 12ൽ 18% ആയി വർധിപ്പിക്കാനുള്ള കേന്ദ്രസർക്കാർ നീക്കം ഇതിനു തിരിച്ചടിയായിട്ടുണ്ട്. ജിഎസ്ടി നിരക്ക് കുറയ്ക്കാനോ ഈ മാസാമാദ്യം വരുത്തിയ വർധന പിൻവലിക്കാന‍െങ്കിലുമോ തയാറാകണമെന്ന് ബോക്‌സ് നിർമാതാക്കൾ ആവശ്യപ്പെടുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com