ADVERTISEMENT

കൊച്ചി∙ കണ്ടെയ്നറുകൾ റോഡ് മാർഗം പോകുന്നതൊഴിവാക്കാൻ കേരള മാരിടൈം ബോർഡ് ആരംഭിച്ച തീരദേശ ഷിപ്പിങ് വൻ വിജയം. 4 മാസത്തിനിടെ 23 കപ്പൽ യാത്രകളിലൂടെ 1712 കണ്ടെയ്നറുകൾ കൊച്ചിയിൽനിന്ന് ബേപ്പൂരിലും അഴീക്കലും കൊല്ലത്തും എത്തിച്ചു. ഒരു കപ്പൽ കൂടി ഏർപ്പെടുത്താൻ ഒരുങ്ങുകയാണ് മാരിടൈം ബോർഡ്.

കേരളത്തിലെ റോഡുകളിലെ ട്രാഫിക് തിരക്ക് ഒഴിവാക്കാനും കണ്ടെയ്നറുകളുടെ കപ്പൽ യാത്ര പ്രയോജനപ്പെട്ടു. ആഴ്ചയിൽ 2 സർവീസ് വീതം തെക്കോട്ടും വടക്കോട്ടും ഏർപ്പെടുത്തിയിരുന്നു. 100–150 കണ്ടെയ്നറുകൾ ഉൾക്കൊള്ളാൻ കഴിയുന്നതാണ് കപ്പൽ. ഒരു കണ്ടെയ്നർ കപ്പൽ കയറുന്നതോടെ റോഡ് മാർഗമുള്ള ഒരു ലോറി യാത്ര ഒഴിവാക്കപ്പെടുകയാണ്. 1712 റോഡ് യാത്രകൾ അങ്ങനെ ഒഴിവായി. 

ഒരു കപ്പൽ കൂടി വരുന്നതോടെ ആഴ്ചയിൽ 2 യാത്രകൾ വീതം 2 ദിശയിലേക്കും നടത്താൻ കഴിയും. റോഡ് മാർഗമുള്ള യാത്രയുടെ പാതി ചെലവു മാത്രമേയുള്ളൂ എന്നതും സർക്കാർ സബ്സിഡി ഉണ്ടെന്നതും കയറ്റുമതിക്കാർക്കും ഇറക്കുമതിക്കാർക്കും ആകർഷണമാണ്. റോഡ്മാർഗമുള്ള കണ്ടെയ്നർ നീക്കത്തിന്റെ ചെലവിന്റെ പകുതിത്തുകയാണ് സർക്കാർ കപ്പൽ കമ്പനിക്ക് സബ്സിഡിയായി നൽകുക. ഇതിന്റെ ഒരു ഭാഗം കയറ്റുമതി–ഇറക്കുമതി ഇടപാടുകാർക്കു കൈമാറും.

കണ്ടെയ്നർ കപ്പൽ സർവീസ് നടത്തുന്ന ജെ.എം.ബക്സി എന്ന കമ്പനി തന്നെ മംഗലാപുരം–ബേപ്പൂർ–അഴീക്കൽ–കൊച്ചി റൂട്ടിൽ റോ–റോ സർവീസും ആരംഭിക്കുകയാണ്. വാഹനങ്ങളും യാത്രികരും റോ–റോയിൽ സഞ്ചരിക്കും. യാത്രക്കാരെ മാത്രം കയറ്റുന്ന സ്റ്റീമറുകളുടെ സർവീസ് മാത്രം നടത്താനും താൽപര്യ പത്രം ക്ഷണിക്കാൻ മാരിടൈം ബോർഡ് തീരുമാനിച്ചിട്ടുണ്ടെന്ന് ചെയർമാൻ വി.ജെ.മാത്യു അറിയിച്ചു. കൊച്ചി–കൊല്ലം–വിഴിഞ്ഞം–കന്യാകുമാരി റൂട്ടാണു പരിഗണനയിലുള്ളത്. നടത്താൻ കരാറെടുക്കുന്ന ഏജൻസി തന്നെയാണ് കപ്പൽ കൊണ്ടു വരേണ്ടത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com