ADVERTISEMENT

അതിമോഹം മൂത്തു പണം കടമെടുത്തുപോലും അപേക്ഷിക്കാൻ ഉത്സാഹിക്കുന്ന നിക്ഷേപക സമൂഹത്തിനു പേയ്‌ടിഎം ഓഹരികളുടെ ആദ്യ പൊതു വിൽപന (ഐപിഒ) സമ്മാനിച്ചത് എന്നും ഓർമിക്കേണ്ട കരുതലിന്റെ പാഠമായി. പേയ്‌ടിഎം 2150 രൂപ നിരക്കിൽ പുറപ്പെടുവിച്ച ഓഹരിയൊന്നിനു വിപണിയിലെ ആദ്യദിന വില 1564 രൂപ മാത്രം. രാജ്യം കണ്ട ഏറ്റവും വലിയ ഐപിഒയ്‌ക്ക് അപേക്ഷിച്ച ലക്ഷക്കണക്കിനു നിക്ഷേപകരുടെ ആകെ നഷ്‌ടം അയ്യായിരത്തോളം കോടി രൂപ. വില 1200 രൂപ വരെ താഴ്‌ന്നേക്കുമെന്നു രാജ്യാന്തര രംഗത്തെ ചില ഗവേഷണ സ്‌ഥാപനങ്ങൾ മുന്നറിയിപ്പു നൽകിയിരിക്കുകയുമാണ്. 

ഓഹരികൾ സ്വന്തമാക്കുന്നതിനു പ്രാഥമിക വിപണിയെ മാത്രം ആശ്രയിക്കാറുള്ള പല നിക്ഷേപകരും ദ്വിതീയ വിപണിയിലേക്കു കൂറുമാറാനുള്ള സാധ്യതയാണു തെളിഞ്ഞിരിക്കുന്നതെന്നു വിപണിയുമായി ബന്ധപ്പെട്ടവർക്ക് അഭിപ്രായമുണ്ട്. ഐപിഒ വിപണിക്കാണു പ്രാഥമിക വിപണി എന്നു പറയുന്നത്; സ്‌റ്റോക് എക്‌സ്‌ചേഞ്ച് ലിസ്‌റ്റിങ്ങിനു ശേഷം ഓഹരികളുടെ ക്രയവിക്രയം നടക്കുന്ന വേദിയാണു ദ്വിതീയ വിപണി. ഓഹരിക്ക് അർഹമായ വില കണ്ടെത്താൻ ഒരു പരിധിവരെയെങ്കിലും സഹായകമാകുന്നതു ദ്വിതീയ വിപണിയിലെ ക്രയവിക്രയങ്ങളാണെന്നിരിക്കെ ഐപിഒ എന്നു കേൾക്കുന്ന മാത്രയിൽ ഉടൻ ലാഭം മോഹിച്ചു നിക്ഷേപത്തിന് ഇറങ്ങിത്തിരിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പാണു ലഭിച്ചിരിക്കുന്നത്. 

കമ്പനികൾക്കും പാഠം 

നിക്ഷേപകരുടെ അത്യുത്സാഹത്തിൽ വിപണി സൂചികകൾ അതിവേഗ മുന്നേറ്റം നടത്തുമ്പോൾ ഏതു വിലയ്‌ക്കും ഓഹരികൾ വിറ്റഴിക്കാമെന്നുറപ്പിച്ചു മൂലധന സമാഹരണത്തിനൊരുങ്ങുന്ന കമ്പനികൾക്കും ‘പേയ്‌ടിഎം എപ്പിസോഡ്’ പാഠമാകുന്നു. ഐപിഒ വിപണിയിലേക്കു പ്രവേശിക്കാൻ ഉദ്ദേശിക്കുന്ന ചില കമ്പനികളെങ്കിലും അവയുടെ സാമ്പത്തിക സ്‌ഥിതിയുമായോ ലാഭക്ഷമതയുമായോ ഒന്നും പൊരുത്തപ്പെടാത്ത തരത്തിലാണ് ഓഹരി വില നിശ്‌ചയിക്കുന്നത്. ഒരു രൂപ മാത്രം മുഖവിലയുള്ള ഓഹരിക്കു പേയ്‌ടിഎം 2150 രൂപ വില നിശ്‌ചയിച്ചതിലെ യുക്‌തിയും നീതിയും സംബന്ധിച്ചു പലർക്കും സംശയമുണ്ടായിരുന്നല്ലോ. ഇനി വിപണിയിലെത്തുന്ന കമ്പനികൾ ഓഹരികൾക്കു ന്യായവിലയായിരിക്കും നിശ്‌ചയിക്കുക എന്നു പ്രതീക്ഷിക്കാം. 

വിപണിക്കു തിരിച്ചടി 

അടുത്തുതന്നെ ആരംഭിക്കാനിരിക്കുന്ന ഐപിഒകളുടെ വിജയ സാധ്യതയ്‌ക്കു വലിയ വെല്ലുവിളിയാണ് ഇതോടെ ഉയർന്നിരിക്കുന്നത്. മോബിക്വിക്, ഓയോ തുടങ്ങിയ ഏതാനും സ്‌റ്റാർട് അപ്പുകളും എൽഐസി ഉൾപ്പെടെ പൊതു മേഖലയിലെ ചില വൻകിട കമ്പനികളും ഐപിഒയ്‌ക്ക് അവസാഘട്ട തയാറെടുപ്പുകൾ നടത്തുന്നതിനിടെയാണു നിക്ഷേപകരെ നിരാശപ്പെടുത്തിയ ‘ഫ്‌ളോപ് ഷോ’. ഐപിഒ വിപണിയെ തൽക്കാലം സമീപിക്കേണ്ടതില്ലെന്നു ചില കമ്പനികളെങ്കിലും തീരുമാനമെടുത്തുകഴിഞ്ഞു. ഫിൻടെക് മേലയിൽ പ്രവർത്തിക്കുന്ന കമ്പനികളുടെ ഐപിഒകൾക്കാണ് ഏറ്റവും വലിയ വെല്ലുവിളി. ഈ വർഷം ഇതുവരെയുള്ള കണക്കനുസരിച്ച് 53 കമ്പനികൾ ഐപിഒ വിപണിയിൽനിന്നു മൂലധനം സമാഹരിച്ചിട്ടുണ്ട്. 

സമാഹരിച്ച തുക 1.08 ലക്ഷം കോടി രൂപ. മുമ്പെങ്ങും ഐപിഒ വിപണിയിൽ ഇപ്പോഴത്തെ അളവിലുള്ള പ്രസരിപ്പു പ്രകടമായിരുന്നില്ല. ഈ വർഷത്തെ ഇതുവരെയുള്ള കണക്കുകൾതന്നെ ഇന്ത്യയിലെ ഇഷ്യു വിപണിയെ ലോക വിപണിയുടെ മുൻനിരയിലെത്തിക്കുന്നു. അതേസമയം, ഐപിഒ വിപണിയെ ആശ്രയിച്ച 53 കമ്പനികളുടെ ഓഹരികളിൽ 15 എണ്ണത്തിന്റെ വില ഇഷ്യു വിലയിലും താഴെയാണ്. നിക്ഷേപകർ ഐപിഒ വിപണിയെ കൈവിട്ടാൽ മൂലധന സമാഹരണം തടസ്സപ്പെടുകയായിരിക്കും ഫലം. അതു കോർപറേറ്റ് മേലയുടെ വികാസത്തിനാണു ഫലത്തിൽ പ്രതിബന്ധമാകുക. പ്രതിസന്ധി നീണ്ടുനിന്നാൽ രാജ്യത്തിന്റെ പുരോഗതിതന്നെ അവതാളത്തിലാകുമെന്ന ഭീഷണിയുണ്ട്. തൊഴിലവസരങ്ങളുടെ വികസനത്തെയും ഇതു ഗുരുതരമായി ബാധിക്കും. 

എൽഐസിയെ ബാധിക്കില്ല 

മാറിയ സാഹചര്യത്തിൽ ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യ (എൽഐസി) യുടെ ഐപിഒ നീക്കങ്ങൾ വിപണിയുടെ സജീവ ശ്രദ്ധ ആകർഷിക്കുകയാണ്. കാരണം രാജ്യത്തെ ഏറ്റവും വലിയ ഐപിഒയ്‌ക്കാണ് എൽഐസി തയാറെടുക്കുന്നത്. 10 ശതമാനം ഓഹരി പങ്കാളിത്തം വിറ്റഴിക്കാൻ കേന്ദ്ര സർക്കാർ തയാറായാൽപ്പോലും ഐപിഒയുടെ വലുപ്പം 75,000 കോടി രൂപയ്‌ക്കടുത്തുവരും. ലൈഫ് ഇൻഷുറൻസ് വിപണിയുടെ 60 ശതമാനത്തിലേറെ വിഹിതം കയ്യടക്കുന്നതും 40 ലക്ഷം കോടി രൂപ ആസ്‌തിയുള്ളതുമായ എൽഐസിക്ക് 2022 മാർച്ച് അവസാനത്തോടെ ഐപിഒ വിപണിയിലെത്താനാണ് ഉദ്ദേശ്യം. എൽഐസി എന്ന ബ്രാൻഡിന്റെ സ്വീകാര്യത മാത്രം മതി ഐപിഒ വിജയമാകാനെന്ന് ഇൻവെസ്‌റ്റ്‌മെന്റ് ബാങ്കിങ് രംഗത്തുള്ളവർ കരുതുന്നു. അതുകൊണ്ടുതന്നെ ‘പേയ്‌ടിഎം എപ്പിസോഡ്’ എൽഐസി ഐപിഒയെ ബാധിക്കില്ലെന്നും അവർ ഉറപ്പു പറയുന്നു. 

മുൻകരുതലുകൾ ആവശ്യം 

ഐപിഒകൾ സുരക്ഷിത നിക്ഷേപമാർഗമാണെന്നു വിശ്വസിക്കുന്നവരുണ്ട്. എന്നാൽ ഇതു തെറ്റായ ധാരണയാണ്. പല കാരണങ്ങൾകൊണ്ടും കമ്പനികൾക്കു സുഗമമായും ലാഭകരമായും പ്രവർത്തിക്കാൻ സാധിക്കാതെ വന്നേക്കാമെന്നിരിക്കെ അവയുടെ ഓഹരികൾക്ക് അപേക്ഷിക്കാനൊരുങ്ങുന്ന നിക്ഷേപകർ നിർബന്ധമായും ചില മുൻകരുതലുകൾ സ്വീകരിക്കേണ്ടതുണ്ട്. കമ്പനിയുടെ ചരിത്രം, ഉൽപന്നങ്ങൾ / സേവനം, മത്സരക്ഷമത, ലാഭക്ഷമത, വിപണി വിഹിതം, സംരംഭകരുടെ പശ്‌ചാത്തലം, കമ്പനിയുടെ സാമ്പത്തിക സ്‌ഥിതി, ബാധ്യതകൾ, നഷ്‌ടസാധ്യതകൾ, കമ്പനിയുമായോ സംരംഭകരുമായോ ബന്ധപ്പെട്ട കേസുകൾ, മൂലധന സമാഹരണത്തിന്റെ ഉദ്ദേശ്യം, ഓഹരി വിലയുടെ സ്വീകാര്യത തുടങ്ങിയവ സംബന്ധിച്ചു വിശദമായ പഠനം നടത്തിയ ശേഷം മാത്രമേ ഐപിഒകളിൽ പണം മുടക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ പാടുള്ളൂ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com