ADVERTISEMENT

ആലപ്പുഴ ∙ കയർപിരി സംഘങ്ങൾക്കു ചകിരി വാങ്ങുന്നതിനുള്ള നിയന്ത്രണം ഒഴിവാക്കിയതായി മന്ത്രി പി.രാജീവ്. കയർ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ ചെറുകിട ഉൽപാദകരെയും കയർപിരി സംഘം പ്രതിനിധികളെയും പങ്കെടുപ്പിച്ചു നടത്തിയ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു മന്ത്രി. വിദേശ ഓർഡർ ലഭിക്കുന്നതിനു കയറ്റുമതി വ്യവസായികളുടെ യോഗം വിളിക്കാൻ കയർ കോർപറേഷനു മന്ത്രി നിർദേശം നൽകി. മാളുകളിൽ കയർ കോർപറേഷന്റെ സ്റ്റാളുകളും തുറക്കും. പുതിയ കാലത്ത് ആവശ്യമായ ഉൽപന്നങ്ങൾ ഏതെന്നു കണ്ടെത്താൻ സർവേ നടത്താൻ കയർ കോർപറേഷനെ ചുമതലപ്പെടുത്തി.

ചെറുകിട ഉൽപാദകർക്ക് ഓർഡർ ലഭിക്കാൻ വിദേശ വിപണിക്കൊപ്പം ആഭ്യന്തര വിപണിയിലും കോർപറേഷൻ ഇടപെടും. ‘ഒരു വീട്ടിൽ ഒരു കയറുൽപന്നം’ എന്ന സന്ദേശവുമായി ക്രിസ്മസ് കാലത്ത് സംസ്ഥാനതലത്തിൽ ഭവനസന്ദർശനം നടത്തും. യന്ത്രത്തിൽ നെയ്യുന്ന കയറിനു കനം കൂടുന്നതു സംബന്ധിച്ച പ്രതിസന്ധി പഠിക്കാൻ കയർ ഡയറക്ടറെ ചുമതലപ്പെടുത്തി. കയർ ഭൂവസ്ത്രത്തിന് ഈ വർഷം 121 കോടി രൂപയുടെ ഓർഡർ കിട്ടിയതായും മന്ത്രി പറഞ്ഞു. കഴിഞ്ഞവർഷം ഇത് 101 കോടിയായിരുന്നു. മാനേജീരിയൽ ഇൻസെന്റീവ് പുനഃസ്ഥാപിക്കുമ്പോൾ തങ്ങളെയും പരിഗണിക്കണമെന്ന് ചെറുകിട ഉൽപാദകർ ആവശ്യപ്പെട്ടു. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഭാരവാഹികളും ഉദ്യോഗസ്ഥരും സംഘടനാ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.

കൂലിവർധന: ബാധ്യത സർക്കാർ ഏറ്റെടുക്കില്ല

കൂലിവർധന സംബന്ധിച്ചു ട്രേഡ് യൂണിയനുകൾ ഉന്നയിക്കുന്ന ആവശ്യം ചർച്ച ചെയ്യാൻ വ്യവസായബന്ധ സമിതി യോഗം ചേരാൻ തൊഴിൽ വകുപ്പിനോട് ആവശ്യപ്പെട്ടതായി മന്ത്രി പി.രാജീവ് പറഞ്ഞു. കൂലിവർധനയിലുണ്ടാകുന്ന ബാധ്യത സർക്കാരിന് ഏറ്റെടുക്കാൻ കഴിയില്ല. കൂലി കൂട്ടുമ്പോൾ ഉൽപന്നവിലയും കൂട്ടേണ്ടിവരുമെന്ന് ചെറുകിട ഉൽപാദകർ മന്ത്രിയെ അറിയിച്ചു. ഇനിയും ഉൽപന്നവില വർധിപ്പിച്ചാൽ കയർ മേഖലയെ പിടിച്ചുനിർത്താൻ കഴിയാതാകുമെന്നും അതിനാൽ ഉൽപാദനച്ചെലവ് നിയന്ത്രിച്ചു മൂല്യവർധിത ഉൽപന്നങ്ങൾ നിർമിച്ച് മുന്നോട്ടു പോകണമെന്നും മന്ത്രി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com