ADVERTISEMENT

കൊച്ചി ∙ ഓഹരി വിപണിയിൽ ഏഴു മാസത്തിനിടയിലെ ഏറ്റവും വലിയ തകർച്ച. ഒരവസരത്തിൽ 1625 പോയിന്റ് വരെ ഇടിഞ്ഞ സെൻസെക്സ് 58,000നു താഴേക്കു വീഴാതിരുന്നതു വെറും 11 പോയിന്റ് വ്യത്യാസത്തിന്. എല്ലാ മേഖലകളിൽനിന്നുള്ള ഓഹരികളിലും കനത്ത നഷ്ടത്തിനിടയാക്കിയ തകർച്ച ഓഹരി നിക്ഷേപകരുടെ ആസ്തിമൂല്യത്തിൽനിന്ന് 7.86 ലക്ഷം കോടി രൂപയാണു ചോർത്തിക്കളഞ്ഞത്.

രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണയുടെ വില കുറഞ്ഞതിന്റെ ആശ്വാസമൊഴിച്ചാൽ പല കാരണങ്ങളാലും പ്രതികൂലമായ കാലാവസ്ഥയിലാണ് ഓഹരി വിപണിയിൽ വ്യാപാരം ആരംഭിച്ചതുതന്നെ. പേയ്ടിഎം ഓഹരികളുടെ ഇടിവ് ഏൽപിച്ച ആകമാന ആഘാതത്തിൽനിന്നു കരകയറാനാകുന്നതിനു മുൻപു വിപണി വീണ്ടും ദുർബലമായതു നിക്ഷേപകരെ കനത്ത നിരാശയിലാഴ്ത്തിയിരിക്കുകയാണ്. 

തകർച്ചയ്ക്കു പിന്നിലെ പ്രധാന കാരണങ്ങൾ

∙ വിവാദ കൃഷി നിയമങ്ങൾ പിൻവലിക്കാനുള്ള തീരുമാനം: ഇതു കൃഷി മേഖലയിൽ സ്വകാര്യ നിക്ഷേപത്തിനും വിദേശ നിക്ഷേപത്തിനുമുള്ള അവസരങ്ങൾ ഇല്ലാതാക്കുമെന്നു വിപണി കരുതുന്നു. അടിസ്ഥാന സൗകര്യ വികസനം, കോൾഡ് സ്റ്റോറേജ് ശേഷി വർധന, കൃഷിയുടെ വാണിജ്യാടിസ്ഥാനത്തിലുള്ള നവീകരണം, ആധുനിക സാങ്കേതിക വിദ്യകളുടെ പ്രയോഗം എന്നിവയ്ക്കെല്ലാമുള്ള സാധ്യതകൾ അടയും. ബിസിനസ് സൗഹൃദമെന്ന് അവകാശപ്പെടുന്ന സർക്കാരിൽ വിപണിക്കുള്ള വിശ്വാസത്തിനാണ് ഇടിവുണ്ടായിരിക്കുന്നത്.

∙ ഹരിത ഊർജോൽപാദനത്തിനു പ്രാമുഖ്യം നൽകുക എന്ന ലക്ഷ്യത്തിന്റെ പേരിൽ ആരംകോയുമായുള്ള ഇടപാടു റദ്ദാക്കാനുള്ള റിലയൻസ് ഇൻഡസ്ട്രീസിന്റെ തീരുമാനം.

∙ പേയ്ടിഎം ഓഹരികളിലെ തുടരുന്ന വിലത്തകർച്ച. ആദ്യ വിൽപന ദിനത്തിൽ 25 ശതമാനത്തിലേറെ വിലത്തകർച്ച നേരിട്ട ഓഹരിക്കു വീണ്ടും 13% ഇടിവ്.

∙ ആഗോളതലത്തിൽത്തന്നെ പണപ്പെരുപ്പത്തിന്റെ തോത് ഉയരാനുള്ള ശക്തമായ സാധ്യത.

∙ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഉൾപ്പെടെ പല കേന്ദ്ര ബാങ്കുകളും പലിശ നിരക്കുകളിൽ വർധന പ്രഖ്യാപിക്കാൻ ഏറെ വൈകിയേക്കില്ലെന്ന സൂചനകൾ.

∙ യൂറോപ്പിലും മറ്റും കോവിഡ് വീണ്ടും വ്യാപകമാകുന്നുവെന്ന റിപ്പോർട്ടുകൾ. ഓസ്ട്രിയ സമ്പൂർണ ലോക്ഡൗണിലേക്ക് എന്നുവരെ റിപ്പോർട്ടുണ്ട്.

∙ രൂപയുടെ തുടരുന്ന വിലയിടിവ്.

∙ വിദേശനാണ്യ ശേഖരത്തിലെ ഇടിവ്: രാജ്യത്തെ വിദേശ നാണ്യ ശേഖരത്തിന്റെ അളവു ഗണ്യമായി കുറയുകയാണ്. ഏറ്റവും ഒടുവിലെ കണക്കനുസരിച്ചു ശേഖരം 64,011.2 കോടി യുഎസ് ഡോളർ മാത്രം. റെക്കോർഡ് നിലവാരമായ 64,245.3 കോടിയായിരുന്നു സെപ്റ്റംബർ മൂന്നിന് അവസാനിച്ച ആഴ്ചയിലെ ഡോളർ ശേഖരം. 

റിലയൻസ് ഓഹരി ഉടമകൾക്ക് നഷ്ടം 66,000 കോടി രൂപ

റിലയൻസ് – ആരംകോ കരാർ റദ്ദാക്കൽ റിലയൻസ് ഓഹരികളിൽ ഭീമമായ ഇടിവാണു സൃഷ്ടിച്ചത്. നാലു ശതമാനത്തിലേറെയാണു വിലയിടിവ്. റിലയൻസ് ഓഹരി ഉടമകളുടെ മാത്രം ആസ്തിമൂല്യത്തിൽ 66,000 കോടി രൂപയുടെ ചോർച്ചയുണ്ടായി. റിലയൻസിനൊപ്പം വലിയ ഇടിവു നേരിട്ടതു റിയൽറ്റി, ബാങ്കിങ് തുടങ്ങിയ വ്യവസായങ്ങളിൽനിന്നുള്ള ഓഹരികൾക്കാണ്.

ഇടിവിന്റെ ശതമാനം 1.96

വില സൂചികകളായ സെൻസെക്സിലും നിഫ്റ്റിയിലും 1.96% ഇടിവാണു രേഖപ്പെടുത്തിയത്. ഒരു ഘട്ടത്തിൽ ഇടിവു രണ്ടു ശതമാനത്തിലേറെയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com