‘എണ്ണക്കരുതൽ’ ചലനമുണ്ടാക്കിയില്ല; രാജ്യാന്തര വില ഉയർന്നുതന്നെ

crude-oil
SHARE

കൊച്ചി/ന്യൂഡൽഹി∙ ക്രൂഡ് ഓയിലിന്റെ കരുതൽ ശേഖരം വിപണിയിലിറക്കാൻ, യുഎസിന്റെ നേതൃത്വത്തിൽ ഉണ്ടായ തീരുമാനം താൽക്കാലിക പ്രതിരോധമെന്നു വ്യാഖ്യാനിക്കാമെങ്കിലും കൃത്യമായ ഫലം അറിയാൻ ഡിസംബർ 2വരെ കാത്തിരിക്കണം. അന്നു നടക്കുന്ന പെട്രോളിയം ഉൽപാദക രാജ്യങ്ങളുടെ യോഗത്തിൽ, ഉൽപാദനം കൂട്ടാനുള്ള തീരുമാനം വന്നാൽ അമേരിക്കയുടെ തന്ത്രം വിജയിച്ചെന്ന് ഉറപ്പാക്കാം. മറിച്ചാണെങ്കിൽ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്കു വൻ തിരിച്ചടിയാകും. 

കരുതൽ ശേഖരത്തിൽനിന്നു രാജ്യങ്ങൾക്കു ലഭ്യമാക്കാവുന്നതിലേറെ എണ്ണ, വിപണിയിൽ നിന്നു തടഞ്ഞുവയ്ക്കാൻ എണ്ണഉൽപാദക രാജ്യങ്ങളുടെ സംഘടന (ഒപെക്) ശ്രമിക്കുമെന്ന ശ്രുതിയുള്ളതിനാൽ ഇന്നലെ എണ്ണവിലയിൽ കുറവുണ്ടായില്ല. ബെന്റ് ക്രൂഡ് ബാരലിന് 82 ഡോളറാണ് ഇന്നലത്തെ വില.

അമേരിക്ക 50 കോടി ബാരലും ഇന്ത്യ 5 ലക്ഷം ബാരലും ക്രൂഡ് ഓയിലാണ് കരുതൽ ശേഖരത്തിൽ നിന്നു റിഫൈനറികൾക്കു നൽകുക. സ്വകാര്യ റിസർവുകളിൽ നിന്ന് 15 ലക്ഷം ബാരൽ നൽകാമെന്ന് ബ്രിട്ടനും കരുതൽ ശേഖരം വിട്ടുനൽകുമെന്ന് ജപ്പാനും അറിയിച്ചിട്ടുണ്ട്. ചൈനയുടെയും ദക്ഷിണ കൊറിയയുടെയും അളവുകളാണ് ഇനി വരാനുള്ളത്.

അമേരിക്ക നൽകുന്ന 50 കോടി ബാരൽ ആഗോളതലത്തിൽ ഏകദേശം 5 ദിവസത്തെ ഉപയോഗത്തിനു മാത്രമേ തികയൂ. ഇന്ത്യയുടെ ഒരു ദിവസത്തെ ക്രൂഡ് ഓയിൽ ഉപയോഗം ഏകദേശം 48 ലക്ഷം ബാരലാണ്. കരുതൽ ശേഖരത്തിൽ നിന്ന് ഇന്ത്യ ഇപ്പോൾ നൽകാൻ തീരുമാനിച്ചിട്ടുള്ളതാകട്ടെ 50 ലക്ഷം ബാരലും. ഈ കണക്കുകൾ നോക്കിയാൽ ദീർഘകാല പ്രതിരോധ നടപടിയായി ഇപ്പോഴത്തെ നീക്കത്തെ വ്യാഖ്യാനിക്കാനാകില്ല.

ഏറ്റവുമധികം പെട്രോളിയം ഇറക്കുമതി ചെയ്യുന്ന അമേരിക്ക, ചൈന, ഇന്ത്യ എന്നീ രാജ്യങ്ങളെയാണ് ഇന്ധനവിലയെ തുടർന്നുള്ള വിലക്കയറ്റം രൂക്ഷമായി ബാധിക്കുന്നത്. എന്നാൽ 2022ൽ നടക്കാൻ പോകുന്ന ഇടക്കാല തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ് വില കുറയ്ക്കാനുള്ള അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ ഇടപെടൽ എന്നും വിലയിരുത്തലുണ്ട്. പണപ്പെരുപ്പത്തെ തുടർന്നു പ്രതിസന്ധിയിലായ അമേരിക്കൻ സാമ്പത്തിക രംഗത്തെ രക്ഷിച്ചെടുക്കാനുള്ള സമ്മർദം ബൈഡനു മേൽ ശക്തമാണ്.

ഇന്ത്യയിലാകട്ടെ ഉത്തർപ്രദേശ്, പഞ്ചാബ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിൽ 2022ൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. കേന്ദ്രസർക്കാർ നികുതി കുറച്ചെങ്കിലും രാജ്യാന്തര വിപണിയിൽ ക്രൂഡ് വില താഴ്ന്നാൽ മാത്രമേ സാധാരണക്കാരനും സർക്കാരിനും നേട്ടമുള്ളൂ. 20 ദിവസമായി രാജ്യത്ത് ഇന്ധന വില കൂട്ടിയിട്ടില്ല. അതേസമയം ക്രൂഡ് വില രാജ്യാന്തര വിപണിയിൽ 82 ഡോളറായി ഉയരുകയും ചെയ്തു.

ലക്ഷ്യം രൂപയെ രക്ഷിക്കൽ

വാസുദേവ ഭട്ടതിരി

കൊച്ചി ∙ കരുതൽ ശേഖരത്തിൽനിന്ന് 50 ലക്ഷം ബാരൽ അസംസ്‌കൃത എണ്ണ റിഫൈനറികൾക്കു ലഭ്യമാക്കാനുള്ള തീരുമാനത്തിനു പിന്നിൽ രൂപയുടെ ആസന്നമായ വിലത്തകർച്ച ഒഴിവാക്കുകയും ലക്ഷ്യം. എന്നാൽ ജനപ്രീതി സമ്പാദനം ലക്ഷ്യമിടുന്നതുകൊണ്ടാണു തീരുമാനം പെട്രോളിയം ഉൽപന്നങ്ങളുടെ വിലക്കയറ്റത്തിനു തടയിടാൻവേണ്ടിയാണെന്ന പ്രചാരണത്തിനു മാത്രം പ്രാമുഖ്യം നൽകുന്നത്. യുഎസ് ഡോളറുമായുള്ള വിനിമയത്തിൽ രൂപയുടെ വില ഏതാനും ദിവസങ്ങൾക്കകം 75 രൂപയിലെത്തിയേക്കാമെന്നു വിദേശ നാണ്യ വിപണിയുമായി ബന്ധപ്പെട്ടവർ പറയുന്നു. 74.40 നിലവാരത്തിൽനിന്നു നിരക്ക് ഈ ആഴ്‌ച തന്നെ 74.60 വരെ എത്തിയേക്കാം. 

ഏതാനും ദിവസമായി രാജ്യാന്തര വിപണിയിൽ എണ്ണ വില കുറയുന്നതും ഓഹരി, കടപ്പത്ര വിപണികളിലേക്കു വിദേശനാണ്യം കൂടിയ അളവിൽ എത്തുന്നതും മൂലമാണു ഡോളറുമായുള്ള വിനിമയത്തിൽ രൂപയ്‌ക്കു പിടിച്ചുനിൽക്കാൻ കഴിയുന്നത്. എന്നാൽ വിദേശനാണ്യ ശേഖരം ഗണ്യമായി ഇടിയുകയാണ്. ഏറ്റവും ഒടുവിലെ കണക്കനുസരിച്ചു ശേഖരം 64,011.2 കോടി യുഎസ് ഡോളർ മാത്രം. റെക്കോർഡ് നിലവാരമായ 64,245.3 കോടിയായിരുന്നു സെപ്‌റ്റംബർ മൂന്നിന് അവസാനിച്ച ആഴ്‌ചയിലെ ഡോളർ ശേഖരം.

മറ്റു കറൻസികളുമായുള്ള വിനിമയത്തിൽ ഡോളറിനുള്ള കരുത്തു വ്യക്‌തമാക്കുന്ന സൂചിക ഏതാനും ആഴ്‌ച മുമ്പു 94.65 നിലവാരത്തിലെ പ്രതിരോധം മറികടക്കുകയുണ്ടായി. ഡോളർ സൂചിക നിലവിൽ 96.50 വരെ ഉയർന്നിരിക്കുന്നു. 96.80 നിലവാരത്തിൽ പ്രതിരോധം പ്രതീക്ഷിക്കുന്നുണ്ടെങ്കിലും ഒരു മാസത്തിനകം 97.50 നിലവാരത്തിലെത്താനുള്ള സാധ്യത ശക്‌തം. ഇതു രൂപയെ കൂടുതൽ ദുർബലമാക്കുമെന്നുറപ്പ്.

ഡോളറുമായുള്ള വിനിമയത്തിൽ രൂപയുടെ കരുത്തു നഷ്‌ടപ്പെട്ടുകൊണ്ടിരിക്കുന്നത് ഇറക്കുമതി ഘടകങ്ങളുള്ള ഉൽപന്നങ്ങളുടെ വില വർധനയ്‌ക്ക് ഇടയാക്കും. ഉപരി പഠനത്തിനു വിദേശത്തു പോകാൻ തയാറെടുക്കുന്നവർക്കും ഡോളറിന്റെ വിലക്കയറ്റം പ്രശ്‌നമാകും. അതേസമയം, കയറ്റുമതിയിലൂടെ വരുമാനം നേടുന്ന വ്യവസായങ്ങൾക്ക് ഇത് അനുകൂല അവസരമാണ്. ഡോളറിൽ വരുമാനം നേടുന്ന വിദേശ ഇന്ത്യക്കാർക്കും ഡോളറുമായി ബന്ധപ്പെടുത്തിയ കറൻസി നിലവിലുള്ള യുഎഇ പോലുള്ള വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാർക്കും നേട്ടം തന്നെ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നിങ്ങൾ എപ്പോഴും ഒരുമിച്ചാണോ? ചിരിപ്പിച്ച് സജിയേട്ടനും അസിസ്റ്റന്റും | Jan E Man | Manorama Online

MORE VIDEOS
FROM ONMANORAMA