ADVERTISEMENT

കൊച്ചി ∙ പ്രവർത്തന ഉദ്ദേശ്യവും മൂല്യങ്ങളും സംബന്ധിച്ച വ്യക്തത, നേതൃത്വ വികസനത്തിലുള്ള തീവ്ര ശ്രദ്ധ, വിജയങ്ങൾക്കൊപ്പം പരാജയങ്ങളെയും സ്വീകരിക്കാനുള്ള സന്നദ്ധത എന്നിവയാണു സംരംഭങ്ങളുടെ വിജയത്തിനുള്ള അടിസ്ഥാന തത്വങ്ങളെന്ന് എംആർഎഫ് മാനേജിങ് ഡയറക്ടർ രാഹുൽ മാമ്മൻ മാപ്പിള. ജീവനക്കാരുടെ പ്രതിഭ വിലയിരുത്താനും മികവോടെ അവരെ മുന്നോട്ടു നയിക്കാനും സംവിധാനങ്ങൾ ഒരുക്കേണ്ടത് ഉൽപന്ന വികസനവും വിപണന തന്ത്രങ്ങളും പോലെ തന്നെ പ്രധാനമാണെന്നും  അദ്ദേഹം പറഞ്ഞു. ടൈകോൺ സംരംഭകത്വ സമ്മേളനത്തിൽ ‘തലമുറകളിലൂടെ കൈമാറുന്ന കമ്പനികളുടെ വിജയ സാധ്യതകൾ’ എന്ന വിഷയത്തിൽ പ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. 

പലപ്പോഴും, കമ്പനികൾ വളരുന്തോറും പരാജയങ്ങളെ നേരിടാനുള്ള കഴിവു കുറയുന്നു. വെല്ലുവിളികൾ ഏറ്റെടുക്കാൻ മടിച്ച് സുഖകരമായ മേഖലയിൽ തുടരുന്നു. അതോടെ, പുതുമകൾ കണ്ടെത്താനും മുന്നേറാനുമുള്ള അഭിനിവേശം ഇല്ലാതാകും. പ്രതിഭയും ശേഷിയും കഠിനാധ്വാനത്തിലൂടെ വളർത്താൻ കഴിയും. കംഫർട്ട് സോൺ വിട്ടു പുറത്തുവരുകയും പുരോഗതി നേടാനുള്ള പുതിയ അവസരങ്ങൾ കണ്ടെത്തുകയും വേണം. പുതിയ തലമുറകളിലേക്കു സാരഥ്യം കൈമാറുമ്പോൾ പുതിയ പരീക്ഷണങ്ങൾ നടത്താനുള്ള സുരക്ഷിത സാഹചര്യം ഒരുക്കണം. 

ഏത് ആശയവും കേൾക്കാനും നടപ്പാക്കാനുമുള്ള സന്നദ്ധത വളർത്തണം. സ്വന്തം ടീമിനൊപ്പം, വിജയങ്ങൾക്കൊപ്പം പരാജയങ്ങളെയും ആഘോഷിക്കാൻ കഴിയണം. മനുഷ്യശേഷി വിനിയോഗം ഏറെ പ്രധാനമാണ്. പലപ്പോഴും മറ്റു കാര്യങ്ങൾക്കു നൽകുന്ന പരിഗണന സ്ഥാപനത്തിലെ മനുഷ്യശേഷി കൈകാര്യം ചെയ്യുന്നതിൽ ഉണ്ടാകാറില്ല. 135 വർഷത്തെ പാരമ്പര്യമുള്ള ജോൺസൺ ആൻഡ് ജോൺസണും 133 വർഷം പഴക്കമുള്ള മലയാള മനോരമയും 75 വർഷം മുൻപു സ്ഥാപിതമായ എംആർഎഫും തലമുറകളിലൂടെ  മൂല്യങ്ങൾ നിലനിർത്തി വളർന്ന സംരംഭങ്ങൾക്കു മികച്ച ഉദാഹരണങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. 

കെപിഎംജി ഇന്ത്യ ഇൻഫ്രാസ്ട്രക്ചർ, ഹെൽത് കെയർ മേധാവി ഏലിയാസ് ജോർജ്, പ്രമോദ് നാരായണൻ എംഎൽഎ, കെപിസിസി ജനറൽ സെക്രട്ടറി വി.ടി ബൽറാം, കേരള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്നോളജി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് എംഡി ഡോ.സന്തോഷ് ബാബു, കെഎസ്ഐഡിസി മാനേജിങ് ഡയറക്ടർ എം.ജി.രാജമാണിക്യം, സമുദ്രോൽപന്ന കയറ്റുമതി അതോറിറ്റി ചെയർമാൻ കെ.എസ്.ശ്രീനിവാസ്, ടൈ കേരള പ്രസിഡന്റ് അജിത് മൂപ്പൻ തുടങ്ങിയവർ വിവിധ സെഷനുകളിൽ പങ്കെടുത്തു. സമ്മേളനം ഇന്നു സമാപിക്കും.

English Summary: Rahul Mammen Mappillai at Tycoon Entrepreneurship Conference

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com