ആഭരണത്തിൽ ഗുണമുദ്ര: ലൈസൻസ് എടുക്കാതെ ഭൂരിഭാഗം ജ്വല്ലറികൾ

hallmark-gold
SHARE

കണ്ണൂർ∙ ആഭരണങ്ങളിൽ ഗുണമേൻമാ മുദ്രയായ എച്ച്‌യുഐഡി (ഹാൾമാർക്ക് യുണീക് ഐഡന്റിഫിക്കേഷൻ), നിർബന്ധിത ഹാൾമാർക്കിങ് എന്നിവ നടപ്പാക്കുന്നതു സംബന്ധിച്ച് കേന്ദ്ര സർക്കാർ സ്വർണവ്യാപാരികൾക്കു നൽകിയ ഇളവ് അവസാനിക്കുമ്പോഴും, രാജ്യത്തെ ഭൂരിഭാഗം ജ്വല്ലറികളും ബിഐഎസ് ലൈസൻസ് എടുത്തിട്ടില്ല. ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്സിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം കേരളത്തിൽ 5,300 ജ്വല്ലറി ഉടമകൾ ഇതുവരെ ലൈസൻസ് എടുത്തിട്ടുണ്ട്. ജൂൺ അവസാനം ഇത് 3700 ആയിരുന്നു. കേരളത്തിൽ ജിഎസ്ടി റജിസ്ട്രേഷനുള്ള ഏഴായിരത്തോളം വ്യാപാരികളാണുള്ളത്. 

രാജ്യത്ത് ആകെ 1,14,791 വ്യാപാരികളാണ് ലൈസൻസ് എടുത്തത്. ഇത് ആകെ ജ്വല്ലറികളുടെ ഏതാണ്ട് 20 ശതമാനമാണ്. ആദ്യ ഘട്ടത്തിൽ രാജ്യത്തെ 256 ജില്ലകളിലാണു നിർബന്ധിത ഹാൾമാർക്കിങ് നടപ്പാക്കുന്നത്. ജൂലൈ 1 നാണ് നിയമം പ്രാബല്യത്തിലായത്. നവംബർ 30 വരെ കേന്ദ്രം വ്യാപാരികൾക്ക് ശിക്ഷാ നടപടികളിൽ നിന്ന് ഒഴിവു നൽകി. കേരളത്തിൽ ഇടുക്കി ഒഴികെയുള്ള ജില്ലകളിലാണ് ആദ്യഘട്ടം. ജ്വല്ലറികൾക്ക് ഉപയോക്താക്കളിൽനിന്ന് ഹാൾമാർക്ക് ഇല്ലാത്ത പഴയ സ്വർണം സ്വീകരിക്കാമെന്നതിനാൽ നിയമം ഉപയോക്താക്കളെ ബുദ്ധിമുട്ടിലാക്കില്ല. 40 ലക്ഷം രൂപയ്ക്കു താഴെ വിറ്റുവരവുള്ളവരെ നിയമത്തിൽ നിന്ന് ഒഴിവാക്കിയിട്ടുമുണ്ട്. 

ഹാൾമാർക്കിങ് നിർബന്ധമാക്കിയിട്ടും രാജ്യത്ത് ഇതിനായുള്ള അടിസ്ഥാന സൗകര്യമൊരുക്കിയിട്ടില്ല. ഹാൾമാർക്കിങ് സെന്റർ ഇല്ലാത്ത സംസ്ഥാനങ്ങളുമുണ്ട്. രാജ്യത്താകെ 982 ഹാൾമാർക്കിങ് സെന്ററുകൾ മാത്രമാണുള്ളത്. ഏതാണ്ട് അഞ്ചര ലക്ഷത്തോളം ജ്വല്ലറികളുണ്ട്.  അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതുവരെ വ്യാപാരികൾക്കുമേൽ ശിക്ഷാ നടപടികൾ സ്വീകരിക്കരുതെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റും ജെം ആൻഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗൺസിൽ ദേശീയ ഡയറക്ടറുമായ എസ്.അബ്ദുൽ നാസർ പറഞ്ഞു.

ജ്വല്ലറികളിൽ ബിഐഎസ് ഉദ്യോഗസ്ഥർ പരിശോധന നടത്തും. എച്ച്‌യുഐഡി പതിപ്പിക്കാത്ത ആഭണങ്ങളല്ല വിൽക്കുന്നതെങ്കിൽ വ്യാപാരികൾക്കെതിരെ നടപടി സ്വീകരിക്കും.

പി.രാജീവ്, ബിഐഎസ് കേരള മേധാവി

മുദ്രയുണ്ടെന്ന സ്റ്റിക്കർ പതിക്കണം

എച്ച്‌യുഐഡി മുദ്രയുള്ള ആഭരണങ്ങളാണു വിൽക്കുന്നതെന്ന സ്റ്റിക്കർ ഉപയോക്താക്കൾ കാണുന്ന വിധത്തിൽ ജ്വല്ലറികളിൽ പതിപ്പിക്കണമെന്നും നിയമത്തിൽ വ്യവസ്ഥയുണ്ട്. ജൂൺ 30നു മുൻപുള്ള പഴയ ഹാൾമാർക്ഡ് ഉൽപന്നവും വിൽക്കാമെന്നും നിയമത്തിൽ പറയുന്നുണ്ട്. എന്നാൽ എച്ച്‌യുഐഡി ആഭരണങ്ങൾ മാത്രമെന്ന കടകളിലെ സ്റ്റിക്കർ ഉപയോക്താക്കളിൽ ആശയക്കുഴപ്പമുണ്ടാക്കുമെന്നു വ്യാപാരികൾ പറയുന്നു. എച്ച്‌യുഐഡി പ്രകാരം ആഭരണത്തിൽ മൂന്ന് അടയാളവും പഴയ ഹാൾമാർക്കിങ് പ്രകാരം 4 അടയാളവുമാണ് ഉണ്ടാവുക. ഹാൾമാർക്ക് ചെയ്ത സ്വർണം ലഭിക്കുമെന്ന സ്റ്റിക്കർ പതിപ്പിക്കാൻ അനുവദിക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം. ഹാൾമാർക്കിങ് വ്യക്തമായി കാണുന്ന തരത്തിലുള്ള ലെൻസ് വ്യാപാരികൾ ഉപയോക്താക്കൾക്കു ലഭ്യമാക്കണമെന്നും നിയമത്തിൽ വ്യവസ്ഥയുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA