ADVERTISEMENT

കൊച്ചി∙ കൈത്തറി സഹകരണ സംഘങ്ങൾക്ക് നൂൽ കിട്ടാനില്ല. കോവിഡ് കാലം കഴിഞ്ഞ് സൊസൈറ്റികൾ പ്രവർത്തനം തുടങ്ങിയപ്പോൾ നൂലില്ലാത്തതിനാൽ ഉൽപാദനമില്ല, സംസ്ഥാനമാകെ കൈത്തറിത്തൊഴിലാളികൾക്കു പണിയുമില്ല. കേന്ദ്ര കൈത്തറി വികസന കോർപ്പറേഷനിൽനിന്നു (എൻഎച്ച്ഡിസി) നൂൽ കിട്ടാത്തതാണു പ്രശ്നമെന്ന് കൈത്തറി സംഘങ്ങൾ പരാതിപ്പെടുന്നു. കണ്ണൂരിലായിരുന്ന എൻഎച്ച്ഡിസിയുടെ മേഖലാ ഓഫിസ് ഒരു വർഷം മുൻപു ബെംഗളൂരുവിലേക്കു മാറ്റിയിരുന്നു. അതിനുശേഷം മുൻകൂർ പണം അടച്ചാൽ മാത്രമേ നൂൽ ലഭിക്കൂ. പക്ഷേ, ഹാൻടെക്സ് 15 ലക്ഷ രൂപ അടച്ചിട്ട് മാസങ്ങളായിട്ടും എൻഎച്ച്ഡിസി നൂൽ നൽകുന്നില്ല.

സാമ്പത്തിക ശേഷിയുള്ള സൊസൈറ്റികൾ മാത്രം മഹാരാഷ്ട്രയിലെ സ്വകാര്യമേഖലയിൽ നിന്നു നൂൽ വാങ്ങി പ്രവർത്തനം നടത്തുന്നുണ്ട്. ബഹുഭൂരിപക്ഷത്തിനും ഇടനിലക്കാരിൽനിന്നു നേരിട്ടു നൂൽ വാങ്ങാൻ ശേഷിയില്ല. കൈത്തറി മേഖലയാകെ പ്രതിസന്ധിയിലേക്കു നീങ്ങുകയാണ്. ഹാൻടെക്സിനു കീഴിൽ മാത്രം 380 സൊസൈറ്റികളും അവകൊണ്ട് ഉപജീവനം നടത്തുന്ന 15000 പേരുമുണ്ട്. വസ്ത്രങ്ങളുടെ വിൽപ്പന സീസണലായി നടക്കുമ്പോൾ മാത്രം പണം ലഭിക്കുന്നതിനാൽ മൂൻകൂർ പണം നൽകി നൂൽ വാങ്ങൽ പ്രായോഗികവുമല്ല. നൂലിന്റെ വിലയും 60% വരെ കൂടിയിട്ടുണ്ട്. തകർച്ചയിലേക്കു വീഴുംമുൻപ് സംസ്ഥാന സർക്കാർ സഹായം നൽകണമെന്ന് കൈത്തറി മേഖല ആവശ്യപ്പെടുന്നു.

മൂന്നിലൊന്നായി

മൂന്നു വർഷത്തിനിടെ കേരളത്തിനു ലഭിക്കുന്ന നൂലിന്റെ അളവ് കുറഞ്ഞതു മൂന്നിലൊന്നായി. 2017–18ൽ 151 ലക്ഷം കിലോ നൂൽ എൻഎച്ച്ഡിസിയിൽനിന്നു ലഭിച്ച സ്ഥാനത്ത് 2020–21ൽ ലഭിച്ചത് 52 ലക്ഷം കിലോ നൂൽ മാത്രം. വിവരാവകാശ പ്രവർത്തകൻ ഗോവിന്ദൻ നമ്പൂതിരിക്ക് കേന്ദ്ര കൈത്തറി വികസന കമ്മിഷണർ നൽകിയ മറുപടിയിലാണ് ഈ കണക്കുള്ളത്. 2014 മുതൽ 2021 വരെ 507 കോടി മൂല്യമുള്ള 674 ലക്ഷം കിലോ നൂൽ മിൽ വിലയ്ക്ക് നൽകിയിട്ടുണ്ട്. 10% സബ്സിഡിയും നൽകിയിരുന്നു. പവർ ലൂമുകളുമായി മൽസരത്തിൽ പിടിച്ചു നിൽക്കാൻ കൈത്തറികൾക്കു കഴിഞ്ഞിരുന്നത് ഇതിനാലാണ്. നൂൽ വില കുറച്ചു കിട്ടുന്നില്ലെങ്കിൽ മറ്റു സംസ്ഥാനങ്ങളിൽനിന്നു വരുന്ന ബ്രാൻഡഡ് മുണ്ടുകളും സെറ്റുകളും സാരികളും കേരള വിപണി കയ്യടക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com