എണ്ണ ഉൽപാദനം കുറയില്ല; മുൻ നിശ്ചയപ്രകാരം ഉൽപാദനം തുടരാൻ ഒപെക് പ്ലസ് തീരുമാനം

crude-oil
SHARE

ലണ്ടൻ∙ എണ്ണ ഉൽപാദനം, നേരത്തേ തീരുമാനിച്ചതു പോലെ തന്നെ മാസംതോറും നേരിയ തോതിൽ ഉയർത്താമെന്ന് എണ്ണ ഉൽപാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് പ്ലസിന്റെ നിർണായകയോഗം തീരുമാനിച്ചു. തങ്ങളുടെ പക്കലുള്ള കരുതൽ ശേഖരത്തിൽനിന്ന് എണ്ണ വിപണിയിലെത്തിക്കാൻ യുഎസിന്റെ നേതൃത്വത്തിൽ, ഇന്ത്യയും ചൈനയും കൊറിയയും ജപ്പാനും അടക്കം ഏതാനും രാജ്യങ്ങൾ തീരുമാനിച്ചതും കൊറോണ വൈറസ് ‘ഒമിക്രോൺ’ വകഭേദം ഉയർത്തുന്ന പുതിയ ആശങ്കയും യോഗം കാര്യമാക്കിയില്ല. 

ഈ രണ്ടു കാരണങ്ങളാലും രാജ്യാന്തര എണ്ണവില കഴിഞ്ഞ ദിവസങ്ങളിൽ കുറഞ്ഞിട്ടുണ്ട്. ഒക്ടോബറിൽ ബാരലിന് 86 ഡോളർ വരെ ഉയർന്ന ബ്രെന്റ് ക്രൂഡ് ഓയിലിനു വില ഇന്നലെ 70 ഡോളർ ആണ്. എണ്ണ വില താഴാതിരിക്കാനുള്ള പല വഴികൾ യോഗം ചർച്ച ചെയ്തെങ്കിലും സൗദി അറേബ്യയും മറ്റു ഗൾഫ് രാജ്യങ്ങളും അമേരിക്കയ്ക്ക് അനിഷ്ടമുണ്ടാക്കുന്ന നടപടികളിലേക്കു പോകേണ്ടെന്നു തീരുമാനിക്കുകയായിരുന്നു. 

എണ്ണ വില കുറയ്ക്കണമെന്ന് യുഎസ് പ്രസിഡന്റ് ശക്തമായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. ജനുവരിയിൽ പ്രതിദിനം 4ലക്ഷം ബാരൽ അധികമായി വിപണിയിലെത്തിക്കാനാണ് നേരത്തേ ഒപെക് പ്ലസ് തീരുമാനിച്ചിരുന്നത്. ഇതി‍ൽനിന്നു പിന്നാക്കം പോകാൻ ഇന്നലെ യോഗത്തിൽ സമ്മർദമുണ്ടായെങ്കിലും എണ്ണലഭ്യത കുറയ്ക്കേണ്ടെന്നു തീരുമാനിക്കുകയായിരുന്നു.  കോവിഡ് കാരണം ഡിമാൻഡ് കുറഞ്ഞതിനെത്തുടർന്ന് കഴി‍ഞ്ഞ വർഷമാണ് എണ്ണഉൽപാദനം വെട്ടിക്കുറച്ചത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Shalabhamay | ശലഭമായ് | Romantic Song | Music Video | KK Nishad | Sangeeta Srikant

MORE VIDEOS