ADVERTISEMENT

ഇഎസ്ഐ പദ്ധതിയിൽ ഇൻഷുർ ചെയ്യപ്പെടുന്ന ജീവനക്കാരനും കുടുംബത്തിനും അന്നുമുതൽ തന്നെ സൗജന്യ ചികിത്സയ്ക്ക് അർഹത ലഭിക്കും. ഇഎസ്ഐ ആശുപത്രികളിൽനിന്നു ലഭിക്കാത്ത സ്പെഷ്യൽറ്റി ചികിത്സകൾ പ്രമുഖ സ്വകാര്യ ആശുപത്രികളിൽനിന്ന് ലഭ്യമാക്കാനും വ്യവസ്ഥയുണ്ട്. തൊഴിലുടമ തൊഴിലാളിയുടെ പേരിൽ വിഹിതമടച്ചാൽ മാത്രമേ ആനുകൂല്യങ്ങൾക്ക് അർഹത ലഭിക്കുകയുള്ളൂ എന്ന ഒരു വ്യവസ്ഥയും ഇഎസ്ഐ നിയമത്തിലില്ല. നിയമത്തിലെ വ്യവസ്ഥകളനുസരിച്ച് പദ്ധതിയിൽ അംഗമായ ഒരു ജീവനക്കാരന് സാമ്പത്തിക ആനുകൂല്യങ്ങൾ ലഭ്യമാകാൻ പോലും നിശ്ചിത ദിവസങ്ങളിലേക്കുള്ള വേതനത്തിന് അർഹതയുണ്ടായാൽ മതി. 

സൂപ്പർ സ്പെഷ്യൽറ്റി ചികിത്സ ലഭ്യമാകാൻ ജീവനക്കാരന് നിശ്ചിതകാലത്തേക്കുള്ള അംഗത്വവും നിശ്ചിത ദിവസത്തേക്കുള്ള വിഹിതവും അടച്ചിരിക്കേണ്ടതുണ്ട് എന്ന ഒരു വ്യവസ്ഥ മൂന്നു വർഷം മുൻപ് ഇഎസ്ഐ കോർപറേഷൻ നടപ്പിലാക്കി. ഈ വ്യവസ്ഥ ചോദ്യം ചെയ്ത് സമർപ്പിച്ച ഒരു ഹർജിയിൽ അത്തരം വ്യവസ്ഥകൾക്കെതിരെ ഡൽഹി ഹൈക്കോടതി ഉത്തരവിട്ടു. ജീവനക്കാർ ഇഎസ്ഐ പദ്ധതിയിൽ അംഗമായ ദിവസം മുതൽക്ക് അവർക്കും അവരുടെ കുടുംബാംഗങ്ങൾക്കും സൂപ്പർ സ്പെഷ്യൽറ്റി ചികിത്സയ്ക്കുള്ള അർഹത അതോടെ ലഭിച്ചു. എന്നാൽ തൊഴിലുടമ വിഹിതം അടച്ചില്ല എന്ന കാരണത്താൽ സൂപ്പർ സ്പെഷ്യൽറ്റി ചികിത്സയ്ക്ക് അർഹതയില്ല എന്ന ഉത്തരവിനെതിരെ ആലപ്പുഴയിലെ ഒരു അധ്യാപികയ്ക്കു കേരള ഹൈക്കോടതിയെ സമീപിക്കേണ്ടിവന്നു.

ഒരു സ്വകാര്യ സ്കൂളിലെ അധ്യാപികയാണു ഹർജിക്കാരി. കടുത്ത സാമ്പത്തിക ബുദ്ധിമുട്ടു മൂലം മാനേജ്മെന്റിന് ഇഎസ്ഐ വിഹിതം അടയ്ക്കാൻ കഴിഞ്ഞിരുന്നില്ല. അങ്ങനെയിരിക്കെ അധ്യാപികയുടെ ഭർത്താവ് ഗുരുതരമായ വൃക്കരോഗത്തിനു വിധേയനായി. അധ്യാപിക സ്വന്തം വൃക്ക ഭർത്താവിന് ദാനം ചെയ്യാൻ സമ്മതിച്ചതിനെത്തുടർന്ന് ചികിത്സയ്ക്കുള്ള തയാറെടുപ്പു തുടങ്ങി. അതോടൊപ്പം ചികിത്സാനുകൂല്യത്തിനായി ഇഎസ്ഐ കോർപറേഷന് അപേക്ഷ നൽകുകയും ചെയ്തു. ഇഎസ്ഐ പദ്ധതിയിൽ റജിസ്റ്റർ ചെയ്തിട്ട് 6 മാസം തികഞ്ഞിട്ടില്ലെന്നും ബന്ധപ്പെട്ട വിഹിത കാലയളവിൽ 78 ദിവസത്തെ വിഹിതം അടച്ചിട്ടില്ലെന്നുമുള്ള കാരണങ്ങൾ പറഞ്ഞ് ഇഎസ്ഐ കോർപറേഷൻ സൂപ്പർ സ്പെഷ്യൽറ്റി ചികിത്സാനുകൂല്യത്തിനുള്ള അപേക്ഷ നിരസിച്ചു. 

തൊഴിലുടമ വിഹിതമടച്ചില്ല എന്ന കാരണത്താൽ ആനുകൂല്യങ്ങൾ നിഷേധിച്ചത് നിയമവിരുദ്ധമാണെന്ന് ഹർജിക്കാരി വാദിച്ചു. തൊഴിലാളിയുടെ പേരിൽ വിഹിതമടച്ചാലും ഇല്ലെങ്കിലും ആനുകൂല്യങ്ങൾ നൽകാൻ കോർപറേഷൻ ബാധ്യസ്ഥരാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. 2010 മുതൽ ഇൻഷുർ ചെയ്യപ്പെട്ട തൊഴിലാളിയായ അധ്യാപികയ്ക്കും അവരുടെ ഭർത്താവിനും സൂപ്പർ സ്പെഷ്യൽറ്റി ചികിത്സാനുകൂല്യത്തിന് അർഹതയുണ്ടെന്ന് പ്രഖ്യാപിച്ച ഹൈക്കോടതി ഇഎസ്ഐ ഡയറക്ടറുടെ ഉത്തരവ് റദ്ദാക്കുകയും ആനുകൂല്യം ഉടനടി നൽകണമെന്ന് നിർദേശിക്കുകയും ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com