ADVERTISEMENT

കൊച്ചി ∙ കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകൾ ഉൾപ്പെടെ രാജ്യത്തെ 58 ജില്ലകളിൽ കൂടി സിറ്റി ഗ്യാസ് പദ്ധതി പ്രാഥമിക ടെൻഡർ ഘട്ടം പിന്നിട്ടു. സിറ്റി ഗ്യാസ് പദ്ധതിക്ക് അനുമതി നൽകുന്ന പെട്രോളിയം ആൻഡ് നാച്വറൽ ഗ്യാസ് റഗുലേറ്ററി ബോർഡിന്റെ (പിഎൻജിആർബി) നേതൃത്വത്തിൽ നടന്ന 11 –ാമതു ബിഡിങ് നടപടികളുടെ ആദ്യ ഘട്ടമാണു കഴിഞ്ഞ ദിവസം പൂർത്തിയായത്. 80,000 കോടിയോളം രൂപയുടെ നിക്ഷേപമാണു പ്രതീക്ഷിക്കപ്പെടുന്നത്. കോട്ടയവും പത്തനംതിട്ടയും ഇടുക്കിയും ഉൾപ്പെടുന്ന മേഖലയ്ക്കായി ടെക്നിക്കൽ ബിഡിൽ യോഗ്യത നേടിയത് 8 കമ്പനികൾ. 

ലൈസൻസ് നേടാൻ വമ്പന്മാർ 

ഇന്ത്യൻ ഓയിൽ കോർപറേഷൻ, ഭാരത് പെട്രോളിയം കോർപറേഷൻ, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ, മേഘ എൻജിനീയറിങ് ആൻഡ് ഇൻഫ്രസ്ട്രക്ചേഴ്സ്, സബർമതി ഗ്യാസ്, ഇന്ദ്രപ്രസ്ഥ ഗ്യാസ്, ഷോല ഗ്യാസ്കോ, തിങ്ക് ഗ്യാസ് ‍ഡിസ്ട്രിബ്യൂഷൻ ലിമിറ്റഡ് എന്നിവയാണു രംഗത്ത്. 8 കമ്പനികളുടെയും രേഖകൾ പരിശോധിച്ചു  പ്രൈസ് ബിഡ് ക്ഷണിക്കും. അതിൽ വിജയിക്കുന്ന കമ്പനിക്കു ലൈസൻസ് ലഭിക്കും. ഒച്ചിഴയുന്ന വേഗത്തിലാണെങ്കിലും കേരളത്തിലെ മറ്റു 11 ജില്ലകളിലും പദ്ധതി നേരത്തെ ആരംഭിച്ചിരുന്നു. ഗാർഹിക കണക്‌ഷൻ നൽകിത്തുടങ്ങിയതു പക്ഷേ, എറണാകുളം ജില്ലയിൽ മാത്രം. 

കേരളത്തിലേക്ക് ‘പുതിയ’ കമ്പനി 

കേരളത്തിലെ മറ്റു 11 ജില്ലകളിൽ ലൈസൻസ് ലഭിച്ച ഇന്ത്യൻ ഓയിൽ അദാനി ഗ്യാസ് ലിമിറ്റഡും (ഐഒഎജിഎൽ), അറ്റ്ലാന്റിക് ഗൾഫ് ആൻഡ് പസിഫിക് ലിമിറ്റഡും (എജി ആൻഡ് പി) പുതിയ ടെൻഡറിൽ രംഗത്തില്ല. ഇതോടെ കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ പുതിയൊരു കമ്പനിക്കു ലൈസൻസ് കിട്ടും. പദ്ധതിക്ക് ആദ്യം അനുമതി ലഭിച്ചത് എറണാകുളം ജില്ലയിലാണ്.

2016 ഫെബ്രുവരിയിൽ ആദ്യ ഗാർഹിക കണക്‌ഷനും നൽകി. പിന്നീടു തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർകോട് ജില്ലകൾക്ക് അനുമതിയായി. ലൈസൻസ് ലഭിച്ചത് ഐഒഎജിഎലിന്. അടുത്ത ഘട്ടത്തിൽ തിരുവനന്തപുരത്തും കൊല്ലത്തും ആലപ്പുഴയിലും അനുമതി കിട്ടി. പദ്ധതി നടപ്പാക്കുന്നത് എജി ആൻഡ് പി. ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകൾ പദ്ധതിയിൽ ഉൾപ്പെട്ടത് ഓഗസ്റ്റിലാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com