ADVERTISEMENT

കോവിഡിന്റെ പശ്ചാത്തലത്തിൽ പലിശനിരക്കു കുറച്ചും പണലഭ്യത കൂട്ടിയും സാമ്പത്തിക വളർച്ച തിരിച്ചുപിടിക്കാൻ ആഗോള തലത്തിൽ കേന്ദ്ര ബാങ്കുകൾ എല്ലാം തന്നെ സംഘടിതമായ ശ്രമം നടത്തി. വ്യക്തികളുടെ കൈയിലും ബാങ്കിങ് മേഖലയിലും പണലഭ്യത കൂടുമ്പോൾ ‘ഡിമാൻഡ്’ വർധിക്കുകയും ഉപഭോഗം ഉയരുകയും ചരക്കുകൾക്കും സേവനത്തിനും കൂടുതൽ ആവശ്യക്കാർ ഉണ്ടാവുകയും ചെയ്യും; അപ്പോൾ സമ്പദ്ഘടന വളരും എന്നാണ് ഈ തത്വത്തിന്റെ അടിസ്ഥാനം.

ഇന്ത്യയിലെ റിസർവ് ബാങ്കും ഈ നയം തന്നെ സ്വീകരിച്ചു. അതു കാരണം വായ്പയുടെപലിശ നിരക്കുകൾ കഴിഞ്ഞ ഏതാണ്ട് 30 വർഷത്തിനിടയ്ക്കുള്ള ഏറ്റവും കുറഞ്ഞ നിലവാരത്തിൽ എത്തിനിൽക്കുന്നു. ഭവന വായ്പ 6.5 ശതമാനത്തിനു വരെ ലഭ്യമാണ്. നല്ല വിറ്റുവരവും ലാഭവും ഉള്ള കമ്പനികൾക്ക് ഇന്ന് ഹ്രസ്വ കാല വായ്പ 4–5 ശതമാനത്തിനും കിട്ടുന്നുണ്ട്. ഇതിന്റെ മറുവശം, സാധാരണ നിക്ഷേപകനു പലിശ വരുമാനം തീരെ കുറഞ്ഞുപോയി എന്നതാണ്. ബാങ്കിലെ സ്ഥിര നിക്ഷേപത്തെ ആശ്രയിച്ചു കഴിയുന്ന വലിയ ഒരു വിഭാഗം ആളുകൾക്കു പലിശ വരുമാനം കുത്തനെ താഴ്ന്നു. മിക്ക ബാങ്കുകളും സേവിങ്സ് അക്കൗണ്ടുകൾക്ക് ഇന്ന് കൊടുക്കുന്ന പലിശ 3 ശതമാനത്തോളം മാത്രം. 

സ്ഥിര നിക്ഷേപത്തിനാണെങ്കിൽ 5%. വായ്പ എടുക്കുന്നവരെപ്പോലെ ഈ വിഭാഗക്കാർ ഒരു ‘ലോബി’ അല്ലാത്തതുകൊണ്ട് ഇവരുടെ കാര്യം ചർച്ചകളിൽ വരാറില്ല. പക്ഷേ, വായ്പ എടുക്കുന്നവർക്കു കുറഞ്ഞ നിരക്കിൽ പണം കിട്ടുന്നത് ഈ നിക്ഷേപത്തിൽ നിന്നാണ്. ആ രീതിയിൽ നോക്കിയാൽ സാമ്പത്തിക വളർച്ചയ്ക്ക് പ്രാഥമിക സംഭാവന ഈ നിക്ഷേപകരുടേതാണ്. കൂനിന്മേൽ കുരു പോലെ വിലക്കയറ്റവും പണപ്പെരുപ്പവും നിക്ഷേപകരുടെ ‘റിട്ടേൺ’ (അറ്റ വരവ്) ഫലത്തിൽ ഇല്ലാതാക്കുന്നു. ഏറ്റവും പുതിയ റിസർവ് ബാങ്ക് കണക്കനുസരിച്ചു പണപ്പെരുപ്പം 5.8% ആണ്. സ്ഥിര നിക്ഷേപത്തിനുള്ള പലിശ 5 ശതമാനമാണെങ്കിൽ, ശരിക്കും മുതലിൽ  നിന്നും 0.8% കുറവു വന്നു എന്ന് വേണം അനുമാനിക്കാൻ. പെൻഷൻ പറ്റി ജീവിക്കുന്നവരെയും ഈ കുറഞ്ഞ പലിശനിരക്കു ബാധിച്ചിട്ടുണ്ട്

എസ്.ആദികേശവൻ

കോവിഡ് പിടിവിടാതെ നിൽക്കുന്നതു കാരണം കുറഞ്ഞ പലിശ നിരക്കിന്റെ സമയം ഇനിയും തുടരും എന്നാണ് റിസർവ് ബാങ്ക് പറയുന്നത്. അതു വേണംതാനും. അപ്പോൾ പിന്നെ, സാധാരണ നിക്ഷേപകർക്ക് ആശ്വാസം നൽകാൻ ‘ഫിസ്കൽ പോളിസി’ ഉപയോഗിക്കേണ്ടി വരും. അതായത് ബാങ്കിൽനിന്നു കിട്ടുന്ന പലിശയ്ക്കു കൂടുതൽ നികുതി ഇളവുകൾ നൽകുക. അതുവഴി ഒരു പരിധി വരെയെങ്കിലും നിക്ഷേപകർക്ക് പിടിച്ചു നിൽക്കാൻ പറ്റുന്ന പലിശ വരുമാനം കിട്ടും. അടുത്ത മാസം വരുന്ന  പുതിയ കേന്ദ്ര ബജറ്റിൽ ഇക്കാര്യം ഉൾപ്പെടുത്തേണ്ടത് അത്യാവശ്യമാണ്.

നിക്ഷേപകരുടെ പക്ഷത്തുനിന്ന് രണ്ടു നിർദേശങ്ങൾ:

1. സേവിങ്സ് ബാങ്ക് അക്കൗണ്ടിലെ നികുതി രഹിത പലിശ പരിധി ഇന്നത്തെ 10000 രൂപയിൽനിന്ന് (സെക്‌ഷൻ 88 ബി) 15000 രൂപയായെങ്കിലും ഉയർത്തുക.

2. ബാങ്കുകളിലെ നിക്ഷേപം വഴി വ്യക്തികൾ നേടുന്ന പലിശയ്ക്കു കൂടുതൽ നികുതി കിഴിവ് (ഡിഡക്ഷൻ) അല്ലെങ്കിൽ നികുതിയൊഴിവു (എക്സെംപ്ഷൻ) നൽകി നിക്ഷേപകരുടെ താൽപര്യം സംരക്ഷിക്കുക. വരുമാന നികുതി ഇളവുകൾ ഈ രണ്ടു ഗണത്തിലേയുള്ളൂ. വായ്പകളുടെ പലിശ കുറഞ്ഞ നിരക്കിൽ നിർത്താൻ സഹായിക്കുകവഴി സാമ്പത്തിക വളർച്ചയ്ക്കു സംഭാവന ചെയ്യുന്ന സാധാരണ നിക്ഷേപകർക്കു വലിയ ആശ്വാസമാകും ഈ ദിശയിലുള്ള നീക്കങ്ങൾ. 

(∙ ഉന്നത ബാങ്കിങ് ഉദ്യോഗസ്ഥനാണു ലേഖകൻ. അഭിപ്രായം വ്യക്തിപരം)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com