ADVERTISEMENT

രത്തൻടാറ്റയുടെ 84–ാം ജന്മദിനമായ ഡിസംബർ 28ന് ഒറ്റ മെഴുകുതിരി കത്തിച്ചുവച്ച ചെറിയ കപ്കേക്ക് മുറിച്ച് തീരെ ലളിതമായ ആഘോഷത്തിന്റെ വിഡിയോ കണ്ട ലോകം അന്വേഷിച്ചു കൂടെയുള്ള പയ്യൻ ആര്? കണ്ടിട്ടൊരു പാഴ്സി ലുക്ക്. അവകാശികളില്ലാത്ത രത്തൻടാറ്റ തന്റെ പിൻഗാമിയായി ഏതെങ്കിലും പാഴ്സി കുട്ടിയെ കണ്ടു പിടിച്ചതാണോ...??? പലവിധ ഊഹാപോഹങ്ങൾ ഉയർന്നപ്പോൾ ആർക്കും അറിയില്ലായിരുന്നു ഇതാര്?

ടാറ്റയുടെ ജൂനിയർ അസിസ്റ്റന്റാണു പയ്യൻ. സർവ ടാറ്റ കമ്പനികളുടേയും ഹോൾഡിങ് കമ്പനിയായ ടാറ്റ ട്രസ്റ്റിൽ ഡപ്യൂട്ടി ജനറൽ മാനേജർ തസ്തികയിൽ ചെയർമാന്റെ ഓഫിസിൽ ജോലിയുമുണ്ട്. രത്തൻ ടാറ്റയുടെ നിക്ഷേപം പ്രതീക്ഷിച്ച് യുവ സ്റ്റാർട്ടപ് സംരംഭകർ നൽകുന്ന അപേക്ഷകൾ പരിശോധിച്ച് ഉപദേശം നൽകുന്നതു പയ്യനാണ്. സംരംഭകർക്കു മാർഗ നിർദ്ദേശം നൽകാൻ ‘ഓൺ യുവർ സ്പാർക്സ്’ എന്ന പേരിൽ ഇൻസ്റ്റഗ്രാമിൽ വെബിനാർ നടത്തുന്നുണ്ട്. കണ്ടാൽ പത്താംക്ളാസുകാരനാണെന്നേ തോന്നൂ. വയസ് 28.

പേര് ശന്തനു നായിഡു. പാഴ്സിയല്ല. പുണെയിലാണു വളർന്നത്. പുണെ സർവകലാശാലയിൽ നിന്ന് മെക്കാനിക്കൽ എൻജിനീയറിങ് കഴിഞ്ഞ് ടാറ്റാ എൽക്സിയിൽ ഡിസൈൻ എൻജിനീയറായി. ടാറ്റ പോലെ അന്തസ്സുള്ള കമ്പനികളിൽ തലമുറകളായി ജോലി ചെയ്യുന്ന കുടുംബങ്ങളൊരുപാടുണ്ട്. ശന്തനുവിന്റെ അച്ഛൻ ടാറ്റ കമ്പനി എൻജിനീയറായിരുന്നു. അച്ഛനപ്പൂപ്പൻമാർ ഉൾപ്പടെ ടാറ്റയിൽ ജോലി ചെയ്യുന്ന അഞ്ചാം തലമുറ കുടുംബക്കാരനാണ് ശന്തനു!

ന്യൂയോർക്കിലെ കോർണെൽ സർവകലാശാലയിൽ നിന്ന് എംബിഎ കഴിഞ്ഞാണ് തിരിച്ചുവന്ന് രത്തൻ ടാറ്റയുമായി കൂടിക്കണ്ടതും അസിസ്റ്റന്റായി നിയമിതനായതും. അതിനൊരു കാരണമുണ്ടായിരുന്നു. ഡോഗ് ലവറാണ് രത്തൻ ടാറ്റ. നായ് സ്നേഹി. ശന്തനുവും നായ് സ്നേഹി. ഒരിക്കൽ രാത്രി വീട്ടിലേക്കു പോകുമ്പോൾ വണ്ടി ഇടിച്ച് റോഡിൽ പട്ടി ചാവുന്നതു കണ്ടു സഹിച്ചില്ല. കഴുത്തിലിട്ടാൽ രാത്രി തിളങ്ങുന്ന വാറ് കണ്ടുപിടിച്ചു. മോട്ടോപാവ്സ് എന്ന പേരിൽ ശന്തനു സ്വന്തം കമ്പനിക്കു രൂപം കൊടുത്ത് ഇത്തരം വാറുകളുണ്ടാക്കി. 4 രാജ്യങ്ങളിലായി 20 നഗരങ്ങളിൽ നായ്ക്കളെ വണ്ടി ഇടിക്കാതിരിക്കാൻ സഹായിക്കുന്നതാണത്രെ  വാറ്.

എന്തെങ്കിലും കിട്ടിയാൽ ആഘോഷിക്കാനിരിക്കുന്നവർക്ക് നിധി കിട്ടിയ പോലാണിപ്പോൾ. ശന്തനുവിന്റെ പൊക്കം (175 സെമി), തൂക്കം(65 കിലോ), എന്നു വേണ്ട ഷൂ സൈസ് വരെ (8 യുകെ) നെറ്റിൽ പാട്ടായി. ചെയർമാന്റെ നീലക്കണ്ണുള്ള പയ്യനായി (ബ്ളൂ ഐഡ് ബോയ്) മാറിയാൽ ഏതു കമ്പനിയിലും വച്ചടി കേറ്റമായിരിക്കും. അങ്ങനെ നോക്കിയാൽ ശന്തനു നായിഡുവിനെക്കുറിച്ച് നമ്മളിനിയും ഒരുപാടു കേൾക്കും.

ഒടുവിലാൻ∙ കല്യാണം കഴിച്ചതാണോ ഭാര്യ ആര് എന്നൊരു അന്വേഷണം നടത്തി പലരും. കെട്ടിയിട്ടില്ല. അതോടെ ഗേൾഫ്രണ്ട് ആരെന്നായി. ഇനി പയ്യനെ ചൂണ്ടയിടാൻ മൽസരമായിരിക്കും.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com