ADVERTISEMENT

ന്യൂഡൽഹി ∙ രാജ്യത്തെ മുൻനിര ടെലികോം സേവന ദാതാക്കളായ വോഡഫോൺ ഐഡിയയുടെ(വി) മൂന്നിലൊന്നിലേറെ ഓഹരി കേന്ദ്രസർക്കാരിനു കൈമാറുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കമ്പനി, സ്പെക്ട്രം നിരക്ക്, അഡ്ജസ്റ്റഡ് ഗ്രോസ് റവന്യു (എജിആർ) ഇനങ്ങളിൽ കേന്ദ്രത്തിനു നൽകാനുള്ള തുകയുടെ പലിശയുടെ മൂല്യത്തിനുള്ള ഓഹരികളാണു കൈമാറുന്നത്. ഈ രണ്ട് ഇനത്തിലും പലിശ ഏകദേശം 16,000 കോടി രൂപ വരും. ഇതനുസരിച്ചു കമ്പനിയുടെ 35.8% ഓഹരി സർക്കാരിനു ലഭിക്കും. കഴിഞ്ഞ ദിവസം ചേർന്ന ബോർഡ് ഓഫ് ഡയറക്ടേഴ്സ് യോഗം ഇതിനു തീരുമാനമെടുത്തു. 

കൈമാറ്റം പൂർത്തിയാകുമ്പോൾ കമ്പനിയിലെ ഏറ്റവും വലിയ ഓഹരി ഉടമയായി കേന്ദ്രസർക്കാർ മാറും. കമ്പനി പ്രമോട്ടർമാർക്കു നിലവിൽ 72% ഓഹരി വിഹിതമുള്ളതു 43.6 ശതമാനമായി കുറയും. വോഡഫോൺ ഗ്രൂപ്പിനു 28.5%, ആദിത്യ ബിർള ഗ്രൂപ്പിനു 17.8% എന്നിങ്ങനെയാകും ഓഹരി പങ്കാളിത്തം. 1.95 ലക്ഷം കോടി ബാധ്യതയുള്ള  കമ്പനിയുടെ എജിആർ, സ്പെക്ട്രം കുടിശികയുടെ പലിശയുടെ മൊത്തം മൂല്യം ഓഹരിയായി കൈമാറാൻ കേന്ദ്രം ഉപാധി നൽകിയിരുന്നു. 

2021 സെപ്റ്റംബർ 30 വരെയുള്ള കണക്കനുസരിച്ചു കമ്പനിയുടെ കടം 1,94,780 കോടി രൂപയാണ്. സ്പെക്ട്രം അനുവദിച്ച ഇനത്തിൽ 1,08,610 കോടി രൂപയാണു നൽകാനുള്ളത്. എജിആർ കുടിശികയും മറ്റുമായി 63,400 കോടി രൂപയുണ്ട്. ബാങ്കുകളിൽ നിന്നുള്ള വായ്പ 22,770 കോടി. ബാധ്യതയും ഉപയോക്താക്കളുടെ എണ്ണത്തിലുള്ള ഇടിവും കാരണം കടുത്ത പ്രതിസന്ധിയിലാണ് കമ്പനി. 2019ന്റെ ആദ്യ പാദത്തിൽ 43.5 കോടി ഉപയോക്താക്കളുണ്ടായിരുന്ന കമ്പനിക്കു നടപ്പു സാമ്പത്തിക വർഷം രണ്ടാം പാദമായപ്പോൾ 25.3 കോടി വരിക്കാർ മാത്രമേയുള്ളൂ. 

ഓഹരിക്ക് 10 രൂപയെന്ന നിലയിൽ കൈമാറ്റം നടത്താനാണു തീരുമാനം. ഇക്കാര്യത്തിൽ കേന്ദ്ര ടെലികോം മന്ത്രാലയത്തിന്റെ  അന്തിമ തീരുമാനവും പരിഗണിക്കേണ്ടതുണ്ട്. സ്പെക്ട്രം, എജിആർ ഇനത്തിൽ കേന്ദ്രത്തിനു നൽകാനുള്ള പണം കൈമാറുന്നതിനു 4 വർഷം സാവകാശം അനുവദിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് പലിശയ്ക്കുള്ള ഓഹരി കൈമാറുന്നത്. അതേസമയം  കുടിശികയുടെ പലിശ ഓഹരിയാക്കി കൈമാറ്റം ചെയ്യില്ലെന്നു ഭാരതി എയർടെൽ അടുത്തിടെ വ്യക്തമാക്കിയിരുന്നു. 

ഓഹരി വിലയിൽ ഇടിവ്

∙ വോഡഫോൺ ഐഡിയയുടെ ഓഹരികൾ കേന്ദ്രത്തിനു കൈമാറാനുള്ള തീരുമാനം പുറത്തുവന്നതിനു പിന്നാലെ ഓഹരി വിലയിൽ ഇടിവ്. 18.85 ശതമാനമാണു വിയുടെ ഓഹരിക്ക് ബിഎസ്ഇയിൽ ഇടിവുണ്ടായത്. തിങ്കളാഴ്ച ഓഹരിയുടെ ക്ലോസിങ് നിരക്ക് 14.85 രൂപയായിരുന്നു. ഇന്നലെ അതു 12.05 രൂപയായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com