റബർ ബോർഡ് ഘടനമാറ്റം കേരളത്തിനു നഷ്ടം

rubber-plant-image-sketch
SHARE

ന്യൂഡൽഹി∙റബർ ബോർഡിന്റെ അംഗബലത്തിൽ കേരളത്തിനുളള  മേൽക്കൈ ഇല്ലാതാക്കുന്ന വ്യവസ്ഥയാണ് റബർ (പ്രോൽസാഹന, വികസന) ബില്ലിലൂടെ കേന്ദ്ര വാണിജ്യ മന്ത്രാലയം മുന്നോട്ടുവച്ചിട്ടുള്ളത്. സ്പൈസസ് ബോർഡ്, ടീ ബോർഡ്, കോഫി ബോർഡ് എന്നിവയുടെ ഘടന പരിഷ്കരിക്കാനുള്ള പുതിയ ബില്ലുകളും മന്ത്രാലയം കഴിഞ്ഞ ദിവസം പുറത്തുവിട്ടു. ബില്ലുകളിൽ അഭിപ്രായമറിയിക്കാൻ ആകെ 11 ദിവസമാണ് അനുവദിച്ചിട്ടുള്ളത്. കരട് ബിൽ സംബന്ധിച്ച് അഭിപ്രായ രൂപീകരണത്തിന് 17ന് റബർ ബോർഡ്  യോഗം വിളിച്ചിട്ടുണ്ട്. 

റബർ ബോർഡിൽ കേരളത്തിന്റെ 8 പ്രതിനിധികളെന്നാണ് നിലവിലെ റബർ നിയമത്തിലുള്ള വ്യവസ്ഥ. ഇതിൽ രണ്ടു പേർ സംസ്ഥാന സർക്കാരിൽനിന്നും 6 പേർ റബർ ഉൽപാദന മേഖലയിൽനിന്നുമാണ്. തമിഴ്നാടിന്റെ പ്രതിനിധികളായി 2 പേർ. പുതിയ ബില്ലിൽ ഇങ്ങനെ സംസ്ഥാനം തിരിച്ചുള്ള പ്രാതിനിധ്യ ക്വോട്ട ഇല്ല. പകരം, റബർ ഉൽപാദക സംസ്ഥാനങ്ങൾ എന്നതുൾപ്പെടെ 8 മേഖലകളിൽനിന്നായി 19 പേരെ കേന്ദ്രം നിയമിക്കും എന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. റബർ കൃഷിയുള്ള വടക്കു കിഴക്കൻ സംസ്ഥാനങ്ങൾക്കുകൂടി പ്രാതിനിധ്യം ഉറപ്പാക്കാനെന്നോണമാണ് സംസ്ഥാനം തിരിച്ചുള്ള വ്യവസ്ഥ നിയമത്തിൽനിന്ന് ഒഴിവാക്കുന്നതെന്നാണ് സൂചന. 

എന്നാൽ, ഇത്തരത്തിൽ നിയമം മാറ്റുന്നതിനുള്ള നിർദ്ദേശം ബോർഡിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നാണ് അറിയുന്നത്. ബോർ‍‍‍ഡുകളുടെ അധ്യക്ഷസ്ഥാനത്ത് രാഷ്ട്രീയ നിയമനമെന്ന രീതിവന്നതു കണക്കിലെടുത്ത് നിയമവും ചട്ടങ്ങളും തമ്മിലുള്ള പൊരുത്തക്കേട് പരിഹരിക്കുക, മേഖലയിൽ സർക്കാരിന്റെ നിയന്ത്രണമെന്ന പ്രതീതിയുണ്ടാക്കുന്ന ലൈസൻസ് രീതി മാറ്റി ഒറ്റത്തവണ റജിസ്ട്രേഷൻ എന്നിങ്ങനെയുള്ള ഭേദഗതികളാണു നിർദ്ദേശിച്ചിരുന്നത്. 

ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ, ചീഫ് ഫിനാൻഷ്യൽ ഓഫിസർ, റബർ ഉൽപാദന കമ്മിഷണർ, സെക്രട്ടറി എന്നിങ്ങനെ 4 തസ്തികളിലുള്ളവരും ബോർഡിലുണ്ടാവുമെന്ന് പുതിയ ബില്ലിൽ പറയുന്നു. റബർ വില നിർണയം, ഇറക്കുമതി, കയറ്റുമതി എന്നീ മേഖലകളിൽ കേന്ദ്ര സർക്കാരിന്റെ നിലവിലെ അധികാരം അതേ പടി തുടരും. ഇ–കൊമേഴ്സിനുള്ള വ്യവസ്ഥ ഉൾപ്പെടുത്തി. 

ഉദാരവത്കരണത്തിന് ഊന്നൽ നൽകിയുള്ള നിയമപരിഷ്കാരങ്ങളാണ് റബർ, സ്പൈസസ്, തേയില, കാപ്പി മേഖലകളിൽ നിർദ്ദേശിച്ചിട്ടുള്ളതെന്നാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്. നാലു മേഖലകളുടെയും ബോർഡുകളുടെ പ്രവർത്തന സംവിധാനം പരിഷ്കരിക്കുന്നതുതന്നെ അതിൽ പ്രധാനമെന്നും. ചില നിയമങ്ങളിലെ ജയിൽശിക്ഷാ വ്യവസ്ഥകൾ ഒഴിവാക്കിയിട്ടുണ്ട്.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വലവിരിച്ച് ചൈനീസ് ചാരക്കപ്പൽആശങ്കയോടെ ഇന്ത്യ

MORE VIDEOS