ചെറുകിടക്കാരോടു മുഖം തിരിച്ച് സംസ്ഥാന പൊതുമേഖല

industry
പ്രതീകാത്മക ചിത്രം
SHARE

കൊച്ചി ∙ ചെറുകിട വ്യവസായ യൂണിറ്റുകൾക്കു (എംഎസ്എംഇ) പൊതുമേഖലാ സ്ഥാപനങ്ങൾ നൽകാനുള്ള കുടിശിക 45 ദിവസത്തിനുള്ളിൽ ലഭ്യമാക്കണമെന്ന നിയമം കാറ്റിൽ പറക്കുന്നു. കേരളത്തിലെ ചെറുകിട യൂണിറ്റുകൾക്കു കുടിശിക ഇനത്തിൽ സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്നു ലഭിക്കാനുള്ളതു കോടികൾ.  

മിക്ക പൊതുമേഖലാ സ്ഥാപനങ്ങളും എംഎസ്എംഇകളിൽ നിന്ന് ഉൽപന്നങ്ങൾ വാങ്ങുന്നുണ്ടെങ്കിലും അഞ്ചും ആറും മാസം കഴിഞ്ഞാലും കുടിശിക തീർക്കുന്നില്ല. അതേസമയം, കേന്ദ്ര പൊതു മേഖലാ സ്ഥാപനങ്ങളിൽ നിന്നു യഥാസമയം തുക ലഭിക്കുന്നുമുണ്ട്. 

 എല്ലാം കടലാസിൽ 

45 ദിവസത്തിനുള്ളിൽ സ്ഥാപനങ്ങൾ കുടിശിക തീർപ്പാക്കിയില്ലെങ്കിൽ സംസ്ഥാന വ്യവസായ ഡയറക്ടർ അധ്യക്ഷനായ ഫെസിലിറ്റേഷൻ കൗൺസിലിനെ സമീപിക്കാമെങ്കിലും ആ സംവിധാനവും ഫലപ്രദമാകുന്നില്ലെന്നാണു ചെറുകിട സംരംഭകരുടെ പരാതി. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം മേഖലകളിൽ സമാനമായ സംവിധാനം നടപ്പാക്കുമെന്നു സംസ്ഥാന സർക്കാർ പറഞ്ഞിരുന്നെങ്കിലും നടപ്പായിട്ടില്ല. 

നിശ്ചിത സമയത്തിനുള്ളിൽ കുടിശിക നൽകിയില്ലെങ്കിൽ പിഴയായി 18% പലിശയും ചേർത്തു നൽകണമെന്ന വ്യവസ്ഥയും പാലിക്കപ്പെടുന്നില്ല. കുടിശിക യഥാസമയം ലഭിക്കാത്തതു ചെറുകിട സംരംഭകരുടെ മുന്നോട്ടുള്ള വഴി അടയ്ക്കുമെന്നാണ് ആശങ്ക. കുടിശികയുടെ പേരിൽ പെട്ടെന്നു വിതരണം നിർത്തിവയ്ക്കാനോ പുതിയ ആവശ്യക്കാരെ കണ്ടെത്താനോ കഴിയില്ലെന്ന പ്രയാസവും നേരിടുന്നു. 

വ്യവസായോൽപാദനത്തിൽ നേരിയ വളർച്ച

വ്യവസായോൽപാദന സൂചിക നവംബറിൽ രേഖപ്പെടുത്തിയത് നേരിയ വർധന മാത്രം. 1.4% വളർച്ചയാണുണ്ടായതെന്ന് സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസ് അറിയിച്ചു. ഫാക്ടറി ഉൽപാദനം 0.9% മാത്രമാണ് വർധിച്ചത്. ഖനനമേഖല 5% ഉയർന്നു. വൈദ്യുതോൽപാദനത്തിൽ 2.1% കയറ്റമുണ്ട്. 

വ്യവസായോൽപാദന സൂചിക (ഐഐപി) നവംബറിൽ 128.5 പോയിന്റാണ്. 2020 നവംബറിൽ 126.7 ആയിരുന്നു. എന്നാൽ കോവിഡിനുമുൻപുള്ള 2019 നവംബറിൽ 128.8 എന്ന നിലയിലായിരുന്നു. ഏതാണ്ട് അതേ നിലയിലേക്ക് ഇപ്പോൾ എത്താനായി. ഈ സാമ്പത്തിക വർഷം ഏപ്രിൽ–നവംബർ കാലമെടുത്താൽ 17.4% വർധന ഉണ്ടായിട്ടുണ്ട്.

മത്സരം മറുനാട്ടിൽനിന്നും

എംഎസ്എംഇ എൻജിനീയറിങ് യൂണിറ്റുകൾക്കു ചെന്നൈ, കോയമ്പത്തൂർ, ബെംഗളൂരു തുടങ്ങിയ മേഖലകളിലെ യൂണിറ്റുകളിൽനിന്നു കടുത്ത മത്സരമാണു നേരിടേണ്ടി വരുന്നത്. കേരളത്തിലെ യൂണിറ്റ് 100 രൂപ ‍ക്വോട്ട് ചെയ്യുന്ന ഉൽപന്നം 99 രൂപ ക്വോട്ട് ചെയ്യുന്ന മറുനാടൻ കമ്പനിക്കു കിട്ടുന്ന സ്ഥിതി. പ്രാദേശിക യൂണിറ്റുകളെ സംരക്ഷിക്കുന്നതിനായി സംസ്ഥാന സർക്കാർ ‘പ്രൈസ് പ്രിഫറൻസ് പോളിസി’ പ്രഖ്യാപിച്ചിരുന്നു. ക്വോട്ട് ചെയ്യുന്ന തുകയിൽ 15% വരെ ഇളവ് ആനുകൂല്യം വാഗ്ദാനം ചെയ്യുന്ന പദ്ധതി പക്ഷേ, പല പൊതുമേഖലാ സ്ഥാപനങ്ങളും നടപ്പാക്കിയിട്ടില്ല. 

നയം നടപ്പാക്കിയാൽ കൂടുതൽ കേരള യൂണിറ്റുകൾക്കു കരാറുകൾ ലഭിക്കും. ആ ഇനത്തിൽ 9% ജിഎസ്ടിയും സംസ്ഥാന സർക്കാർ ഖജനാവിലെത്തും. ടെൻഡർ സമർപ്പിക്കാൻ എംഎസ്എംഇകളിൽ നിന്നു ഭീമമായ തുക സെക്യൂരിറ്റി ഡെപ്പോസിറ്റായി ഈടാക്കുന്നതാണു മറ്റൊരു തിരിച്ചടി. ഈ തുക തിരിച്ചു നൽകാൻ പല പൊതുമേഖലാ സ്ഥാപനങ്ങളും തയാറാകുന്നില്ലെന്നും ആക്ഷേപമുയരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വലവിരിച്ച് ചൈനീസ് ചാരക്കപ്പൽആശങ്കയോടെ ഇന്ത്യ

MORE VIDEOS