ADVERTISEMENT

ന്യൂ‍‍ഡൽഹി ∙ ബ്രിട്ടനുമായി സ്വതന്ത്ര വ്യാപാര കരാറുണ്ടാക്കുന്നതിന് ഇന്ത്യ ഔദ്യോഗിക ചർച്ചയ്ക്ക് തുടക്കം കുറിച്ചു. കേന്ദ്ര വാണിജ്യ മന്ത്രി പീയൂഷ് ഗോയൽ യുകെയുടെ രാജ്യാന്തര വാണിജ്യ സെക്രട്ടറി ആൻ മരിയ ട്രെവ്‍ലിനൊപ്പം ചർച്ച ഉദ്ഘാടനം ചെയ്തു. ഇരുരാജ്യങ്ങൾക്കും പ്രയോജനകരമായ കരാർ (എഫ്ടിഎ) 2023 ആദ്യം ഒപ്പിടാൻ ലക്ഷ്യമിട്ട് മധ്യസ്ഥർ കൂടിയാലോചനകൾ ആരംഭിച്ചു. 

ചൈനയുടെ നേതൃത്വത്തിലുള്ള ആർസിഇപി വ്യാപാര സംഘത്തിൽ ചേരാതെ പ്രമുഖ രാജ്യങ്ങളുമായി സ്വതന്ത്ര വ്യാപാര കരാറുണ്ടാക്കാനുള്ള ഇന്ത്യയുടെ ശ്രമത്തിന്റെ ഭാഗമാണിത്. ഈ മാസം അവസാനം ദുബായ് എക്സ്പോ സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇയുമായി എഫ്ടിഎ ഒപ്പുവച്ചേക്കും. ചൈനയുമായുള്ള ബന്ധം മോശമായി വരുന്നതു പരിഗണിച്ച് മറ്റു രാജ്യങ്ങളുമായി വ്യാപാരം വർധിപ്പിക്കാനാണ് ഇന്ത്യയുടെ ശ്രമം. 5 ലക്ഷം കോടി ഡോളർ സമ്പദ്‍വ്യവസ്ഥയിലേക്കുള്ള മുന്നേറ്റത്തിനും ഇതു സഹായിക്കും. 

പാതിവഴിയിൽ നിന്നുപോയ ഇന്ത്യ–യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ ചർച്ച പുനരാരംഭിക്കാനും നീക്കമുണ്ട്. യുഎസുമായും വൈകാതെ എഫ്ടിഎ ഒപ്പിടാനാവുമെന്ന് പ്രതീക്ഷയുണ്ട്. ഇന്ത്യയിൽ നിന്നുള്ള മാമ്പഴ ഇറക്കുമതി യുഎസ് ഈയിടെ അനുവദിച്ചത് ശുഭസൂചനയാണ്. ഇന്ത്യയ്ക്കു നൽകിയിരുന്ന മുൻഗണന ട്രംപ് ഭരണകൂടം പിൻവലിച്ചത് പുനഃസ്ഥാപിക്കുന്നതിനുള്ള ചർച്ചയും ആരംഭിച്ചിരുന്നു. യുഎസ് വ്യാപാര പ്രതിനിധി കാതറിൻ തായ് കഴിഞ്ഞ നവംബറിൽ ഇന്ത്യ സന്ദർശിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com