വൈദ്യുതി ബോർഡിന്റെ അടുത്ത 5 വർഷത്തെ മൂലധന നിക്ഷേപം 28,419 കോടി

Sun setting behind the silhouette of electricity pylons
Sun setting behind the silhouette of electricity pylons
SHARE

തിരുവനന്തപുരം∙ അടുത്ത 5 വർഷം കൊണ്ട് വൈദ്യുതി ബോർഡ് മൂലധന നിക്ഷേപമായി മുടക്കുമെന്നു റഗുലേറ്ററി കമ്മിഷനെ അറിയിച്ചിരിക്കുന്നത് അവിശ്വസനീയമായ തുക. ഇതു നടപ്പായാൽ സംസ്ഥാനത്തെ ശരാശരി വൈദ്യുതി വില 2.50 രൂപ വർധിപ്പിക്കേണ്ടി വരും. വൈദ്യുതി ബോർഡ് സ്ഥാപിച്ച് ഇതുവരെയുള്ള 65 വർഷം കൊണ്ട് നടത്തിയ മൂലധന നിക്ഷേപം 20,000 കോടി രൂപയിൽ താഴെ ആയിരുന്നു. എന്നാൽ അടുത്ത 5 വർഷം കൊണ്ട് 28,419 കോടി രൂപയുടെ മൂലധന നിക്ഷേപം നടത്തുമെന്നാണ് കമ്മിഷനെ രേഖാമൂലം ബോർഡ് അറിയിച്ചിരിക്കുന്നത്.

സംസ്ഥാനത്തെ ശരാശരി വൈദ്യുതി വില ഇപ്പോൾ 6.10 രൂപയാണ്. ഇതിൽ മൂലധന ചെലവ് 2.50 രൂപ വരും. ശേഷിക്കുന്ന 3.60 രൂപ വൈദ്യുതി വാങ്ങുന്നതിന്റെ ചെലവ് ആണ്. അടുത്ത 5 കൊല്ലം കൊണ്ട് 28,419 കോടി മുടക്കിയാൽ വൈദ്യുതി വിലയിലെ മൂലധന ചെലവ് ഇപ്പോഴത്തെ 2.50 രൂപയിൽ നിന്ന് 5 രൂപ എങ്കിലും ആയി ഉയരും. ഇത് ഉപയോക്താക്കൾക്കു താങ്ങാൻ കഴിയില്ല. അടുത്ത സാമ്പത്തിക വർഷം മുതൽ 2026–27 സാമ്പത്തിക വർഷം വരെയുള്ള മൂലധന നിക്ഷേപത്തിന്റെ കണക്കാണ് കമ്മിഷന്റെ അംഗീകാരത്തിനു ബോർഡ് സമർപ്പിച്ചിരിക്കുന്നത്. 

ഉൽപാദന മേഖലയിൽ 5130 കോടിയും പ്രസരണ മേഖലയിൽ 6556 കോടിയും വിതരണ മേഖയിൽ 16,733 കോടിയും മുടക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. വിതരണ മേഖലയിലെ 8200 കോടിയും സ്മാർട് മീറ്റർ സ്ഥാപിക്കാനാണ്. ബോർഡ് സമർപ്പിച്ച കണക്ക് ശരിയാകണമെങ്കിൽ അടുത്ത 5 വർഷത്തിൽ ഓരോ വർഷവും 5500 കോടിയോളം രൂപയുടെ മൂലധന നിക്ഷേപം നടത്തണം. എന്നാൽ ബോർഡിന്റെ ചരിത്രത്തിൽ ഇന്നു വരെ വർഷം 2500 കോടിയിലേറെ മൂലധന നിക്ഷേപം നടത്തിയിട്ടില്ല.

ഇത്രയും ഭീമമായ തുക എവിടെ നിന്നു കണ്ടെത്തുമെന്നു ബോർഡ് അറിയിച്ചിട്ടില്ല. ആരു കടം നൽകുമെന്നും വ്യക്തമല്ല. നിലവിൽ ബോർഡിന്റെ സഞ്ചിത നഷ്ടം 6000 കോടിയിലേറെ രൂപയാണ്. മൂലധനച്ചെലവിനായി കടമെടുക്കുന്നതിന്റെ പലിശ, പദ്ധതികൾ നോക്കി നടത്തുന്ന ജീവനക്കാരുടെ ചെലവ്, അറ്റകുറ്റപ്പണി– തേയ്മാന ചെലവ് എന്നിവയാണ് വൈദ്യുതി വിലയുടെ 2.50 രൂപയിൽ വരുന്നത്. ഇത് ഇരട്ടിയാക്കുന്നത് ഉപയോക്താക്കൾക്കു കടുത്ത വെല്ലുവിളി ആകും.

Content Highlight: KSEB

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Shalabhamay | ശലഭമായ് | Romantic Song | Music Video | KK Nishad | Sangeeta Srikant

MORE VIDEOS