ADVERTISEMENT

കൊച്ചി∙ ജർമനിയിൽനിന്നു കൊച്ചിയിലും തിരുവനന്തപുരത്തും വന്ന് ടെക്നോളജി ബിസിനസ് നടത്തുന്ന കമ്പനികളുണ്ട്. പക്ഷേ കേരളത്തിൽ നിന്നു ജർമനിയിൽ പോയി നൂതന സാങ്കേതികവിദ്യ ഉപയോഗിച്ചു ബിസിനസ് ചെയ്യുന്ന കമ്പനികൾ അപൂർവം. കൊച്ചി സ്വദേശി അംജദ് ലിയാക്കത്ത് സ്ഥാപിച്ച മൈൻഡ്കർവിന് 180 കമ്പനികളുമായി ബിസിനസും 500 കോടി രൂപയുടെ വാർഷിക വരുമാനവുമുണ്ട്.

ജർമനിയിലെ 7 നഗരങ്ങളിലും കൊച്ചി ഇൻഫൊപാർക്കിലും പ്രവർത്തിക്കുന്ന മൈൻഡ്കർവ് ടെക്നോപാർക്കിലും ആരംഭിക്കുകയാണ്. 200 പേരെ ഉടനെ നിയമിക്കാൻ ഉദ്ദേശിക്കുന്നു. നിലവിൽ 570 ജീവനക്കാരുള്ളതിൽ 370 പേർ ജർമനിയിലും ബാക്കി 200 ഇൻഫൊപാർക്കിലും. 5000 കോടിയുടെ മൂല്യനിർണയം (വാല്യുവേഷൻ) ലഭിച്ച മൈൻഡ്കർവ് ജർമൻ ഓഹരി വിപണിയിൽ 3 വർഷത്തിനകം ആദ്യ ഓഹരി വിൽപന നടത്താനൊരുങ്ങുകയാണെന്ന് സിഇഒ അംജദ് അറിയിച്ചു.

ജർമനിയിലെ വിവിധ ഉൽപന്ന നിർമാണ കമ്പനികൾക്ക് ഉപഭോക്താക്കളും ഡീലർമാരുമായി ഇടപെടാൻ പ‌്ലാറ്റ്ഫോം തയ്യാറാക്കുന്നതാണ് മൈൻഡ്കർവിന്റെ ബിസിനസ്. നികോൺ പോലുള്ള കമ്പനികളുടെ ഉൽപന്നം വാങ്ങുന്ന ഉപഭോക്താവിന് ഈ പ‌്ലാറ്റ്ഫോമിലേക്കു പ്രവേശിക്കാൻ ഐഡിയും പാസ്‌വേഡും ലഭിക്കുന്നു. ഉൽപന്നം ഉപയോഗിക്കുന്നതെങ്ങനെ, തകരാർ പരിഹരിക്കുന്നതെങ്ങനെ തുടങ്ങിയവയ്ക്കെല്ലാം പരിഹാരം ഈ പ‌്ലാറ്റ്ഫോമിലൂടെയാണ്. 

കോൾ സെന്ററും സർവീസ് സെന്ററും മറ്റും നടത്താൻ ജർമൻ കമ്പനികൾക്കാവില്ല. ആവശ്യത്തിന് ആളെ ലഭ്യമല്ലെന്നതു തന്നെ കാരണം. നേരിട്ട് ഉപഭോക്താക്കളെ കാണാതെയും ഫോണിൽ വിളിക്കാതെയും ഇത്തരം ഇടനിലയിലൂടെയാണു ബിസിനസ് നടത്തുന്നത്. ഇന്ത്യയിലും ഇത്തരം ബിസിനസിന് സാധ്യതയേറെയാണെന്ന് അംജദ് പറഞ്ഞു. നിർമിത ബുദ്ധിയുടെയും മെഷീൻ ലേണിങ് സാങ്കേതിക വിദ്യയുടെയും ഉപയോഗവും ഇതിന് ആവശ്യമാണ്.

1998ൽ എൻജിനീയറിങ് കഴിഞ്ഞ് ജർമനിയിലെത്തിയ അംജദ് 2011ലാണ് മൈൻഡ്കർവിനു രൂപം കൊടുത്തത്. കഴിഞ്ഞ വർഷം 5 ജർമൻ കമ്പനികളെ മൈൻഡ്കർവ് ഏറ്റെടുത്തിരുന്നു. വിറ്റുവരവ് 100 കോടി യൂറോയിലെത്തിക്കുകയാണ് (10000 കോടിയോളം) മൈൻഡ്കർവിന്റെ അടുത്ത ലക്ഷ്യം. ഒട്ടേറെ പ്രൈവറ്റ് ഇക്വിറ്റി കമ്പനികളുടെ നിക്ഷേപവും നേടിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com