ADVERTISEMENT

കൊച്ചി∙ രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണ വില കഴിഞ്ഞ 7 വർ‌ഷത്തെ ഉയർന്ന നിരക്കിൽ. ഇന്നലെ ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 87 ഡോളറിലെത്തി. 2014 ഒക്ടോബറിനു ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. അബുദാബിയിലെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ അഡ്നോക്കിന്റെ, മുസഫ ഐകാഡ് സിറ്റിയിലെ പെട്രോളിയം പ്രകൃതി വാതക സംഭരണ കേന്ദ്രത്തിനു സമീപം കഴിഞ്ഞ ദിവസമുണ്ടായ സ്ഫോടനവും യെമനിലെ ഹൂതി വിമതർ നടത്തിയ ആക്രമണമാണ് ഇതെന്ന റിപ്പോർട്ടുകളും എണ്ണ വില ഉയരാൻ കാരണമായി. എണ്ണ വിതരണം തടസ്സപ്പെടാതിരിക്കാനുള്ള മുൻകരുതലുകൾ എടുത്തിട്ടുണ്ടെന്ന് യുഎഇ അധികൃതർ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഗൾഫ് രാജ്യങ്ങളിൽ നിലനിൽക്കുന്ന അരക്ഷിതാവസ്ഥ എണ്ണ വിലയെ ബാധിക്കുകയാണ്.

ഡിസംബർ ഒന്നിന് 69 ഡോളറായിരുന്ന ബ്രെന്റ് ക്രൂഡ് ഓയിൽ വിലയാണ് ഇപ്പോൾ 87 ഡോളറിലെത്തിയത്. ഒരാഴ്ചയ്ക്കിടെ ക്രൂ‍ഡ് നിരക്കിൽ 3 ഡോളറിന്റെ വർധന. ഉപയോഗത്തിന് അനുസരിച്ച് ഉൽപാദനം കൂടാത്തതും വിപണി വിലയിൽ പ്രതിഫലിക്കുന്നുണ്ട്. നവംബറിൽ 84 ഡോളർ ആയിരുന്ന ക്രൂഡ് വില പിന്നീട് യൂറോപ്യൻ രാജ്യങ്ങളിൽ ഒമിക്രോൺ വ്യാപനം ശക്തമായപ്പോഴാണ് 69 ഡോളറിലേക്കു താഴ്ന്നത്.

കരുതൽ ശേഖരം പുറത്തിറിക്കാൻ ചൈനയും

കരുതൽ ശേഖരത്തിൽ നിന്ന് ക്രൂഡ് ഓയിൽ വിപണിയിലിറക്കാനുള്ള ചൈനയുടെ തീരുമാനം ക്രൂഡ് വിലയെ പിടിച്ചു നിർത്തിയേക്കാം. ലോകത്തെ ഏറ്റവും വലിയ അസംസ്കൃത എണ്ണ ഉപഭോഗ രാജ്യമായ ചൈന ഫെബ്രുവരി 1ന് കരുതൽ ക്രൂഡ് നിക്ഷേപം പുറത്തിറക്കും എന്നാണ് റിപ്പോർട്ടുകൾ. നവംബറിൽ ക്രൂഡ് വില കുത്തനെ ഉയർന്നപ്പോഴാണ് കരുതൽ ശേഖരം വിപണിയിലിറക്കാൻ യുഎസിന്റെ നേതൃത്വത്തിൽ ഇന്ത്യ, ജപ്പാൻ, ദക്ഷിണ കൊറിയ, ചൈന തുടങ്ങിയ രാജ്യങ്ങൾ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി ഇന്ത്യയും യുഎസും ജപ്പാനും കരുതൽ ശേഖരം പുറത്തിറക്കിയെങ്കിലും ചൈന നടപടികളിലേക്കു കടന്നിരുന്നില്ല. എത്ര ബാരലാണ് ചൈന പുറത്തിറക്കുക എന്ന വിവരം പുറത്തുവന്നിട്ടില്ല.

ഇന്ത്യയിൽ വില കൂടുമോ?

75 ദിവസമായി ഇന്ത്യയിൽ ഇന്ധന വില മാറ്റമില്ലാതെ തുടരുകയാണ്. കേന്ദ്രം എക്സൈസ് നികുതി കുറച്ച നവംബർ 4ന് ആണ് അവസാനമായി വിലയിൽ മാറ്റം വന്നത്. കൊച്ചിയിൽ അതിനു ശേഷം പെട്രോൾ വില 104.31 രൂപ, ഡീസൽ വില 91.55 രൂപ എന്ന നിരക്കിൽ തുടരുകയാണ്. ഉത്തർപ്രദേശ്, പഞ്ചാബ് ഉൾപ്പെടെ 5 സംസ്ഥാനങ്ങളിൽ ഫെബ്രുവരിയിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനാൽ ഇന്ധന വില കൂടാൻ സാധ്യതയില്ലെന്ന പ്രതീക്ഷയാണുള്ളത്. 2017ൽ ഇതേ സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പു നടന്നപ്പോഴും കേന്ദ്രസർക്കാർ ഇന്ധന വില വർധിപ്പിക്കാതെ പിടിച്ചുനിർത്തിയിട്ടുണ്ട്. ഇത്തവണയും അതു തുടരാനാണു സാധ്യത.

ഇന്ധന നിരക്ക് ദിവസവും പുതുക്കുന്ന രീതി ആരംഭിച്ച 2017നു ശേഷം ഇതു രണ്ടാം തവണയാണ് ഇത്രയും ദിവസം ഇന്ധന വില മാറ്റമില്ലാതെ തുടരുന്നത്. 2020 മാർച്ച് 17 മുതൽ ജൂൺ 6 വരെ തുടർച്ചയായി 82 ദിവസം ഇന്ധന വില മാറ്റമില്ലാതെ തുടർന്നതാണ് ഇതിനു മുൻപത്തെ ഏറ്റവും വലിയ കാലദൈർഘ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com